പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം നാളുകള്‍ പിന്നിട്ടിട്ടും നടപ്പായില്ല

Posted on: January 13, 2016 9:34 pm | Last updated: January 13, 2016 at 9:34 pm
SHARE

perambraപേരാമ്പ്ര: താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ആരംഭിക്കാനുള്ള തീരുമാനം നാളുകള്‍ പിന്നിട്ടിട്ടും നടപ്പായില്ല. ഇതിനാവശ്യമായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജിവനക്കാരുടെ തസ്തിക സൃഷ്ടിക്കുമെന്നുമുള്ള ഉറപ്പ് പ്രാവര്‍ത്തികമായില്ല. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തിക അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നാണ് വിവരമെങ്കിലും, നിയമനം നടത്തുന്നത് സംബന്ധിച്ചു ചോദ്യത്തിന് ബന്ധപ്പെട്ടവര്‍ കൈമലര്‍ത്തുകയാണ്. കഴിഞ്ഞ നവംബറിലാണ് ബന്ധപ്പെട്ട വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സംസ്ഥാന പാതയോട് ചേര്‍ന്ന് കല്ലോട് പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിയില്‍ മിക്ക ദിനങ്ങളിലും വാഹനാപകടങ്ങളുമായും, മറ്റ് അത്യാഹിതങ്ങളുമായി ബന്ധപ്പെട്ട കേസുകളും എത്താറുണ്ട്. എന്നാല്‍ ഈ ആതുരാലയത്തിലെ ഡോക്ടര്‍മാരുടേയും, അനിവാര്യമായ ഇതര ജീവനക്കാരുടേയും പരിമിതി കാരണം അപകടകരമല്ലാത്ത അപകടങ്ങളില്‍പ്പെട്ടവരെപ്പോലും, കോഴിക്കോട്ടേക്ക് റഫര്‍ ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഗുതരാവസ്ഥയിലുള്ളവര്‍ക്ക് പ്രാഥമിക ചികില്‍സപോലും നല്‍കാനുള്ള സൗകര്യവും ഇവിടെ പരിമിതമാണ്. ഇവിടെ ചികില്‍സ നല്‍കാന്‍ കഴിയാത്തത് മൂലം, അപകടത്തില്‍പ്പെട്ടവര്‍ വഴി മധ്യെ മരണത്തിന് കീഴടങ്ങേണ്ട അവസ്ഥയുണ്ടാകുന്നുവെന്ന ആക്ഷേപവും പല തവണയായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്താണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ആരംഭിക്കണമെന്ന ആവശ്യമുയര്‍ന്നത്. ഈ ആതുരാലയം ഇപ്പോള്‍ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒത്തിണങ്ങിയ കെട്ടിടമായി മാറിക്കഴിയുകയും,. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുകയും ചെയ്‌തെങ്കിലും, അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. 201314 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ കാഷ്വാലിറ്റ് യൂനിറ്റ് പ്രഖ്യാപിച്ചിക്കുകയും, അഞ്ച് കോടി രൂപ വകയിരുത്തുകയും ചെയ്‌തെങ്കിലും നടപടികള്‍ അനിശ്ചിതമായി നീണ്ട് പോവുകയായിരുന്നു. 2013 ആഗസ്റ്റില്‍, പുതിയ തസ്തിക സൃഷ്ടിണ്ടേതിന്റെ ആവശ്യകത സൂചിപ്പിച്ച് ആരോഗ്യ വകുപ്പ് ഡയരക്ടര്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ജീവനക്കാരുടെ തസ്തികകള്‍ തന്നെയാണത്രെ ഇപ്പോഴും ഇവിടെയുള്ളത്. പുതുതായി നാല് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. മുഴുവന്‍ സമയവും പ്രവര്‍ത്തന സജജമായ അത്യാഹിത വിഭാഗമെന്ന ആവശ്യം പരിഗണിച്ച് 2015 നവംബര്‍ 16 നാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുതിയ തസ്തികകള്‍ സ്യഷ്ടിച്ച് ഉത്തരവിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here