ചൈനയെ വെട്ടി ഖത്വറിന്റെ മുന്നേറ്റം

Posted on: January 13, 2016 8:30 pm | Last updated: January 13, 2016 at 8:30 pm
SHARE
ചൈനക്കെതിരെ ഖത്വര്‍ താരത്തിന്റെ മുന്നേറ്റം
ചൈനക്കെതിരെ ഖത്വര്‍ താരത്തിന്റെ മുന്നേറ്റം

ദോഹ: ചൈനക്ക് ഒരു ഗോളിന് അവസരം മാത്രം നല്‍കി മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് അണ്ടര്‍ 23 ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ഖത്വര്‍ സ്വന്തം മണ്ണില്‍ വിജയക്കൊടി നാട്ടി. ഇന്നലെ നടന്ന രണ്ടാം മത്സരത്തിലാണ് ചൈനയെ ഖത്വര്‍ ടീം 3-1നു തോല്‍പ്പിച്ചത്. ആദ്യം നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇറാന്‍ സിറിയയെ തോല്‍പ്പിച്ചു.
ഖത്വറിനെ അമ്പരപ്പിച്ച് കളിയുടെ 43 ാം മിനിറ്റില്‍ ചൈനയുടെ ലിയോ ലിയാവോ ലിഷെംഗ് ആണ് ആദ്യ ഗോള്‍ നേടിയത്. സമ്മര്‍ദത്തിലായ ഖത്വര്‍ ടീം പ്രതിരോധത്തിന്റെയും മുന്നേറ്റത്തിന്റെയും അടവുകള്‍ ഒരേസമയം പുറത്തെടുത്തു. രണ്ടാം പകുതിയില്‍ ഖത്വര്‍ തിരിച്ചടിച്ചതോടെ 1-1 എന്ന സമനലിയിലായി. 66ാം മിനിറ്റില്‍ പ്രതിരോധ നിരയില്‍ കളിക്കുന്ന അബ്ദുല്‍ കരീം ഹസനാണ് ഖത്വറിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അവസരം മുതലാക്കി മികച്ച ഹെഡറിലൂടെയാണ് ഖത്വര്‍ ചൈനയുടെ വല കുലുക്കിയത്. ആറ് മിനിറ്റിനകം അബ്്ദുല്‍ കരീം ഹസന്‍ വീണ്ടും ചൈനീസ് പോസ്റ്റിലേക്ക് നിറയൊഴിച്ചു. പകരക്കാരനായി ഇറങ്ങിയ അഹ്മദ് അലാ 82ാം മിനിറ്റില്‍ ആതിഥേയര്‍ക്ക് വേണ്ടി മൂന്നാം ഗോളും നേടിയതോടെ ഗാലറിയുടെ നിറഞ്ഞ പിന്തുണയോടെ കളിച്ച ഖത്വര്‍വിജയം ഉറപ്പിക്കുകയായിരുന്നു. നേരത്തേ നടന്ന ഗ്രൂപ്പ് എ മത്സരത്തിലാണ് ഇറാന്‍ സിറിയക്കെതിരേ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ നേടിയത്. 64ാം മിനിറ്റില്‍ ആമിര്‍ മുതന്‍ ഹരിയും 72ാം മിനിറ്റില്‍ മിലാദ് മുഹമ്മദിയുമാണ് ഇറാനു വേണ്ടി ഗോളുകള്‍ നേടിയത്. ഇന്ന് ഗ്രൂപ്പ് ബിയില്‍ ഉച്ച കഴിഞ്ഞ് 4.30ന് ഗ്രാന്‍ഡ് ഹമദ് സ്റ്റേഡിയത്തില്‍ ജപ്പാന്‍ കൊറിയയെയും വൈകുന്നേരം 7.30ന് സഊദി അറേബ്യ തായ്‌ലാന്‍ഡിനെയും നേരിടും.