വന്‍കിട പാര്‍പ്പിടങ്ങളും കെട്ടിടങ്ങളും വാടകക്കും പാട്ടത്തിനും സജ്ജമായി

Posted on: January 13, 2016 8:27 pm | Last updated: January 13, 2016 at 8:27 pm
SHARE

plotദോഹ: രാജ്യത്ത് വന്‍കിട പാര്‍പ്പിട, ബിസിനസ് കെട്ടിടങ്ങള്‍ വാടകക്കും പാട്ടത്തിനും വിതരണ സജ്ജമാക്കി കമ്പനികള്‍. താമസത്തിനും ഓഫീസുകള്‍ക്കും കെട്ടിടങ്ങളുടെ അപര്യാപ്തതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ഈ രംഗത്ത് ചലനം സൃഷ്ടിക്കുന്ന അറിയിപ്പുമായി കമ്പനികള്‍ രംഗത്തു വന്നത്. ഖത്വറിലെ മുന്‍നിര ഷെയര്‍ഹോള്‍ഡിംഗ് കമ്പനിയായ യുനൈറ്റഡ് ഡവലപ്‌മെന്റ് കമ്പനിയും മാസ്റ്റര്‍ ഡവലപ്പേഴ്‌സ് ആയ പേള്‍ ഖത്വറും മദീന സെന്‍ട്രലില്‍ റസിഡന്‍സ് യൂനിറ്റുകള്‍ പാട്ടത്തിനു ലഭ്യമാണെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ദോഹ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റില്‍ 45,000 ചതുരശ്രമീറ്റര്‍ ഓഫീസ് കെട്ടിടങ്ങള്‍ ലഭ്യമാണെന്ന് ഗ്ലോബല്‍ റിയല്‍ എസ്റ്റേറ്റ് അഡൈ്വസറി സ്ഥാപനമായ ക്യു ടി സഡും ഇന്നലെ രംഗത്തു വന്നു. മിര്‍ഖാബ് മാളിലും ലീ ബൗള്‍വാര്‍ഡിലുമാണ് ഓഫീസ് സ്‌പെയ്‌സുകള്‍ ലഭ്യമാകുന്നത്.
മദീന സെന്‍ട്രലില്‍ 240 ഹൗസിംഗ് യൂനിറ്റുകളാണ് പാട്ടത്തിനു തയാറായിരിക്കുന്നത്. ഇവിടെ തയാറാകുന്ന 538ല്‍ 240 ആണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. സ്റ്റുഡിയോ, ഒന്ന്, രണ്ട്, മൂന്ന് ബെഡ് റൂം, രണ്ട്, മൂന്ന് ബെഡ്‌റൂം ഡപ്ലക്‌സ് എന്നിവയാണ് പാട്ടത്തിനു തയാറായിരിക്കുന്നത്. വ്യവസ്ഥകളോടെ വാടകക്കും ലഭിക്കും. പോര്‍ട്ടോ അറേബ്യ ഷോപിംഗ് കേന്ദ്രത്തിനും വിവ ബഹ്‌രിയ ബീച്ച് ഫ്രണ്ട് കമ്യൂനിക്കും ഇടയിലായാണ് ഈ പാര്‍പ്പിട അപ്പാര്‍ട്ട്‌മെന്റുകള്‍ തയാറായിരിക്കുന്നത്. താമസക്കാര്‍ക്ക് ആവശ്യമായ സേവനങ്ങളെല്ലാം പരിസരത്ത് ലഭ്യമാണ്. സൂപ്പര്‍മാര്‍ക്കറ്റ്, ഡ്രൈക്ലീനിംഗ്, ഫാര്‍മസികള്‍, ബേങ്കുകള്‍ എന്നിവയെല്ലാം നടന്നെത്താവുന്ന അകലത്തില്‍ സ്ഥിതി ചെയ്യുന്നതായി കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഭക്ഷ്യശാലകളും വിനോദ കേന്ദ്രങ്ങളും അടുത്തുണ്ട്.
പ്രദേശത്ത് 160 റീട്ടെയില്‍ സ്റ്റോറുകള്‍, 40 റസ്റ്റോറന്റുകള്‍, 40 സിനിമ കോംപ്ലക്‌സുകള്‍, 6000 ചതുരശ്ര മീറ്റര്‍ വിനോദ സെന്റര്‍ എന്നിവയെല്ലാം പേള്‍ കമ്യൂനിറ്റിക്കായി സജ്ജമാണ്. താസമക്കാര്‍ക്കും അതിഥികളായി എത്തുന്നവര്‍ക്കും മതിയായ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടു പദ്ധതികളിലായി പ്രതിവര്‍ഷം 80 ദശലക്ഷം റിയാല്‍ വാടകയിനത്തില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതാണ് ഓഫീസ് കെട്ടിടങ്ങളെന്ന് ഡി ടി സെഡ് പറയുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള മുറികള്‍ക്കു പുറമെ ലൈഫ് സ്റ്റൈല്‍ അക്കമഡേഷനും ഇവിടെ ലഭ്യമാണെന്ന് കമ്പനി പറയുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഇവിടെ മുറികളുടെ രൂപകല്‍പന. കാഴ്ചയാണ് ഇതില്‍ പ്രേധാനം.
മിര്‍ഖാബ് മാള്‍ ദോഹയിലെ അല്‍ മിര്‍ഖാബ് അല്‍ ജദീദിലാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍നിന്നും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന പ്രദേശമാണിത്. ഹമദ് എയര്‍പോര്‍ട്ട്, വെസ്റ്റ് ബേ ബിസിനസ് ഡിസ്ട്രിക്റ്റ്, സല്‍വ റോഡ് എന്നിവടങ്ങളിലേക്കുള്ള യാത്ര എളുപ്പമാണ്. പ്രധാന പാര്‍പ്പിട, വാണിജ്യ കേന്ദ്രങ്ങള്‍ക്കു സമീപത്താണ് എന്ന സവിശേഷതയുമുണ്ട്. മിര്‍ഖാബ് മാളില്‍ 70,000 ചതുരശ്ര മീറ്റര്‍ വാണിജ്യ സൗകര്യമാണ് പാട്ടത്തിനു കൊടുക്കാന്‍ സന്നദ്ധമാകുന്നത്.
ഇതില്‍ 31,500 ചതുരശ്ര മീറ്റര്‍ വാണിജ്യ ഓഫീസുകള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍ എന്നിവക്കായി മൂന്നു നിലകളില്‍ മാറ്റി വെച്ചിരിക്കുന്നു. ബാക്കിയുള്ള സ്ഥലങ്ങള്‍ ഭക്ഷ്യ, പാനീയ ശാലകള്‍, സിനിമ എന്നിവക്കുപയോഗിക്കും. ദോഹയുടെ പ്രിയ ഷോപിംഗ്, ലൈഫ് സ്റ്റൈല്‍ കേന്ദ്രമാവുക എന്നതാണ് ഉദ്ദേശ്യമെന്ന് മിര്‍ഖാബ് മാള്‍ വൃത്തങ്ങള്‍ പറയുന്നു. അല്‍ സദ്ദ്, അല്‍ വാബ്, അസീസിയ്യ, മുന്‍തസ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാമെന്നത് മാള്‍ പ്രദേശത്തിന്റെ സവിശേഷതയാണ്.
അല്‍ സദ്ദിലാണ് ലീ ബൊളിവാര്‍ഡ് സ്ഥിതി ചെയ്യുന്നത്. ഓഫീസ് സ്‌പെയ്‌സുകള്‍ക്കും റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്കും അനുയോജ്യമായ ഇടമാണ് ഇതെന്ന് കമ്പനി അവകാശപ്പെട്ടു. ഗ്രൗണ്ട് ഫ്‌ളോറില്‍ 35 റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍ക്കുള്ള സൗകര്യമാണുള്ളത്. 376 അണ്ടര്‍ഗ്രൗണ്ട് പാര്‍കിംഗ് ഏരിയ, 28 ഓഫീസ് സ്‌പെയ്‌സ്, റസ്റ്റോറന്റുകള്‍ എന്നിവക്കും സ്ഥലമുണ്ട്. ആധുനിക രൂപകല്‍പനയില്‍ നിര്‍മിക്കുന്ന കെട്ടിടം നഗരത്തിന്റെ പ്രധാന ലൊക്കേഷനിലാണെന്നും ഓഫീസുകള്‍ക്കും ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നും പറയുന്നു.