Connect with us

Gulf

കീട നിയന്ത്രണത്തിന് ദോഹ മുനിസിപ്പാലിറ്റി നടത്തിയത് മുപ്പതിനായിരത്തിലേറെ ക്യാംപയിനുകള്‍

Published

|

Last Updated

ദോഹ: കീടങ്ങളെയും ക്ഷുദ്രജീവികളെയും നിയന്ത്രിക്കുന്നതിന് ദോഹ മുനിസിപ്പാലിറ്റി കഴിഞ്ഞ വര്‍ഷം നടത്തിയത് 31000 ക്യാംപയിനുകള്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വീടുകളിലും സൈനിക- പോലീസ് ക്യാംപുകളിലും ഇവയുടെ നിയന്ത്രണത്തിന് 31000 അപേക്ഷകള്‍ മുനിസിപ്പാലിറ്റി സ്വീകരിച്ചു.
കീട നിയന്ത്രണത്തിന് 16530 അപേക്ഷകളും എലിയും മറ്റ് ജീവികളെയും നിയന്ത്രിക്കുന്നതിന് 1180 അപേക്ഷകളുമാണ് ലഭിച്ചത്. 30151 വീടുകള്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ സന്ദര്‍ശിച്ചതായി ക്ലീനിംഗ് സെക്ഷന്‍ മേധാവി അബ്ദുല്ല അല്‍ മുഹന്നദി അറിയിച്ചു. പാമ്പുകളെ കൊല്ലുന്നതിന് 98ഉം തേളുകളുടെതിന് 16ഉം അപേക്ഷകളാണ് ലഭിച്ചത്. സൈന്യം, പോലീസ് ക്യാംപുകളില്‍ നിന്ന് 893 അപേക്ഷകളാണ് ലഭിച്ചത്. വേനല്‍ക്കാലത്ത് പ്രതിദിനം ശരാശരി 200ഉം ശൈത്യകാലത്ത് 40ഉം അപേക്ഷകളാണ് ലഭിച്ചത്. കീടനിയന്ത്രണത്തിന് വേണ്ട ഉപകരണങ്ങളടങ്ങിയ 15 വാഹനങ്ങള്‍ മുനിസിപാലിറ്റിക്കുണ്ട്. കീടശല്യം നിരന്തരമുണ്ടാകുന്നയിടങ്ങളിലും സൂഖ് വാഖിഫ് മാര്‍ക്കറ്റിലും പതിവായി സന്ദര്‍ശിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം സൂഖ് വാഖിഫില്‍ 3655 സന്ദര്‍ശനങ്ങളാണ് നടത്തിയത്. ഉപയോഗിക്കുന്നവരുടെയും പ്രകൃതിയുടെയും സുരക്ഷ പരിഗണിച്ച് ഉന്നതഗുണനിലവാരമുള്ള കീടനാശിനികളാണ് ഉപയോഗിക്കുന്നത്. പടിഞ്ഞാറന്‍ യൂറോപ്പ്, യു എസ്, കാനഡ, ആസ്‌ത്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് ഉപയോഗിക്കാറുള്ളത്. ഉത്പാദിപ്പിക്കുന്ന രാജ്യത്ത് തന്നെ ഉപയോഗിച്ച് തെളിയിച്ചതും അമേരിക്കയിലെ എച്ച് എസ് ഇ പോലെയുള്ള അന്താരാഷ്ട്ര സംഘടനയുടെ അംഗീകാരം നേടിയതുമായ കീടനാശിനികള്‍ മാത്രമേ ഇറക്കുമതി ചെയ്യാറുള്ളൂ. വ്യത്യസ്ത ഗുണനിലവാരത്തിനും കീടങ്ങള്‍ അതിജീവിക്കുന്നതും തടയാന്‍ ഓരോ വര്‍ഷവും പ്രത്യേകം കീടനാശിനിയാണ് ഉപയോഗിക്കുക.
പബ്ലിക് പാര്‍ക്കുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പബ്ലിക് പാര്‍ക്ക് വകുപ്പ് ഒരാഴ്ച നീളുന്ന ശില്‍പ്പശാല ഞായറാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. കോഴ്‌സിന്റെ അവസാനം പരീക്ഷയെഴുതി വിജയിക്കുന്നവര്‍ക്ക് ജുഡീഷ്യല്‍ പവര്‍ നല്‍കും. മരങ്ങളും ചെടികളും നശിപ്പിക്കുന്നതും കത്തിക്കുന്നതും ഇലകള്‍ പറിക്കുന്നതും തടഞ്ഞ് പാര്‍ക്കുകള്‍ സംരക്ഷിക്കുകയാണ് ഇവരുടെ ഉത്തരവാദിത്തം. പാര്‍ക്കില്‍ മാത്രമല്ല ചുറ്റുവട്ടത്തും തീ കത്തിക്കുന്നതും വ്യവസായ, നിര്‍മാണ മാലിന്യങ്ങള്‍ അടക്കമുള്ളവ ഉപേക്ഷിക്കുന്നതും തടയും. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും രണ്ടായിരം റിയാലില്‍ കുറയാത്തതും ഇരുപതിനായിരത്തില്‍ കൂടാത്തതുമായ പിഴയും ശിക്ഷ ലഭിക്കും.