ഖത്വരികള്‍ക്കിടയില്‍ നഴ്‌സിംഗ് താത്പര്യം വര്‍ധിക്കുന്നു

Posted on: January 13, 2016 8:11 pm | Last updated: January 13, 2016 at 8:11 pm
SHARE
യു സി ക്യുവിലെ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍
യു സി ക്യുവിലെ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍

ദോഹ: ആതുരശുശ്രൂഷ മേഖലയിലെ കാരുണ്യത്തിന്റെ കൈനീട്ടം നടത്തുന്ന നഴ്‌സിംഗിനോട് ഖത്വരി യുവസമൂഹത്തിന് താത്പര്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഴ്‌സിംഗ് പഠനത്തിന് നിരവധി പേരാണ് ചേരുന്നത്. കഴിഞ്ഞ വര്‍ഷം 50 ഖത്വരി യുവതികള്‍ നഴ്‌സുമാരായി പുറത്തിറങ്ങി. യൂനിവേഴ്‌സിറ്റി ഓഫ് കാള്‍ഗറി ഇന്‍ ഖത്വറില്‍ (യു സി ക്യു) ഇപ്പോള്‍ 90 പേര്‍ പഠിക്കുന്നുണ്ട്.
ആധുനിക നഴ്‌സിംഗ് രംഗത്തെ ശാസ്ത്രീയ തൊഴില്‍ വൈദഗ്ധ്യം നേടാന്‍ ഖത്വരികള്‍ തുടങ്ങിയിട്ടുണ്ടെന്ന് ഹമദ് ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് പ്രൊഫഷനല്‍ ശൈഖ അലി അല്‍ ഖഹ്താനി പറഞ്ഞു.
ഖത്വരി സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ അവര്‍ക്കാകും. സമൂഹത്തോടുള്ള കരുതല്‍, സ്‌നേഹം, കരുണ തുടങ്ങിയവയാണ് ഖത്വര്‍ സമൂഹത്തിന്റെ അടിസ്ഥാനം. ഇവ മുതല്‍ക്കൂട്ടാക്കി നഴ്‌സിംഗ് മേഖലയില്‍ കൂടുതല്‍ പ്രശോഭിക്കാന്‍ ഖത്വരികള്‍ക്കാകുമെന്നും അവര്‍ പറഞ്ഞു.
യു സി ക്യുവില്‍ നിന്ന് ഇതുവരെ 234 പേര്‍ നഴ്‌സിംഗ് പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവരില്‍ 51 പേര്‍ ഖത്വരികളാണ്. കഴിഞ്ഞ വര്‍ഷമാണ് കൂടുതല്‍ ഖത്വരികള്‍ പഠനം പൂര്‍ത്തിയാക്കിയത്. നഴ്‌സിംഗിലെ ഡിഗ്രി, പി ജി കോഴ്‌സുകളില്‍ 90 ഖത്വരികളടക്കം 600 പേര്‍ നിലവില്‍ പഠിക്കുന്നുണ്ട്. ഡിഗ്രി, പി ജി കോഴ്‌സുകളില്‍ ഇപ്പോള്‍ അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. പുതുതായി നൂറ് ഖത്വരികള്‍ അഡ്മിഷന്‍ നേടുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.