Connect with us

International

ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തു

Published

|

Last Updated

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ ബന്ധമുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്ന ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തു. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് മസൂദിനെ കസ്റ്റഡിയിലെടുത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മസൂദിന്റെ സഹോദരന്‍ റഊഫ് അസ്ഗറും പിടിയിലായിട്ടുണ്ട്. മസൂദ് അസഹറിന് പത്താന്‍കോട്ട് സംഭവവുമായി ബന്ധമുണ്ടെന്നതിന് ഇന്ത്യ പാക്കിസ്ഥാന് ശക്തമായ തെളിവുകള്‍ കൈമാറിയിരുന്നു.

പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് 12 ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ പാക്കിസ്ഥാന്‍ പിടികൂടിയിട്ടുണ്ട്. തെക്കന്‍ പഞ്ചാബിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

1994ല്‍ കാശ്മീരില്‍ വെച്ചാണ് ഇന്ത്യ ആദ്യമായി മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്തത്. കൃത്രിമം വരുത്തിയ പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ 1999ല്‍ തെക്കന്‍ അഫഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വെച്ച് ഇന്ത്യന്‍ വിമാനം റാഞ്ചിയതിനെ തുടര്‍ന്ന് റാഞ്ചികളുടെ ആവശ്യത്തിന് വഴങ്ങി മസൂദിനെ ഇന്ത്യ വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് അസ്ഹര്‍ ജയ്‌ഷെ മുഹമ്മദ് എന്ന പേരില്‍ തീവ്രവാദ ഗ്രൂപ്പ് ഉണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയത്.

2001ലെ പാര്‍ലിമെന്റ് ആക്രമണക്കേസിലും മസൂദിന് പങ്കുണ്ടായിരുന്നു. എന്നാല്‍ കേസിന്റെ അന്വേഷണ ഭാഗമായി മസൂദിനെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല.