ഏത് ദൗത്യത്തിനും ഇന്ത്യന്‍ സൈന്യം തയ്യാറെന്ന് കരസേന മേധാവി

Posted on: January 13, 2016 3:57 pm | Last updated: January 14, 2016 at 10:17 am

army chiefന്യൂഡല്‍ഹി: ഏത് ദൗത്യത്തിനും ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന് കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ വേദനിപ്പിയ്ക്കുന്നവരെ അതേ രീതിയില്‍ തിരിച്ചടിയ്ക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പരാമര്‍ശം. അതേ സമയം പരീഖറിന്റെ പ്രസ്താവനയോട് നേരിട്ട് പ്രതികരിയ്ക്കാന്‍ സുഹാഗ് തയ്യാറായില്ല.
പത്താന്‍കോട്ടില്‍ സുരക്ഷാ സേനകളുടെ ഏകോപനത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും സുഹാഗ് പറഞ്ഞു.
മുഴുവന്‍ ഭീകരരെയും വധിച്ച് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസത്തിലധികം എടുത്തതില്‍ അസ്വാഭാവികതയുമില്ലെന്നും ജനറല്‍ സുഹാഗ് പറഞ്ഞു. രണ്ട് ഭീകരര്‍ ഉണ്ടായിരുന്ന കെട്ടിടത്തില്‍ രണ്ട് സൈനികരും ഉണ്ടായിരുന്നു. അവരെ മാറ്റിയ ശേഷം മാത്രമേ ഭീകരര്‍ക്ക് നേരെ ആക്രമണം തുടങ്ങാനാവുമായിരുന്നുള്ളൂ. മരണം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിച്ചുകൊണ്ടായിരുന്നു ഓപ്പറേഷന്‍. ഇതും ഓപ്പറേഷന്റെ ദൈര്‍ഘ്യത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരര്‍ക്ക് എങ്ങനെ അകത്ത് കടക്കാന്‍ കഴിഞ്ഞുവെന്നതാണ് ശ്രദ്ധിക്കേണ്ട വിഷയമെന്നും ഇത് എന്‍.ഐ.എ അന്വേഷിയ്ക്കുന്നുണ്ടെന്നും ജനറല്‍ സുഹാഗ് പറഞ്ഞു.