Connect with us

Malappuram

കാലിക്കറ്റ് സര്‍വകലാശാലയിലെ പീഡനം അന്വേഷണം നിശ്ചിത കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന്

Published

|

Last Updated

തിരൂര്‍: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയെ സംബന്ധിച്ചുള്ള ഉപസമിതികളുടെ അന്വേഷണം നിശ്ചിത കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഉപസമിതികള്‍ക്ക് സമയപരിധി നിശ്ചയിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരൂരില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന്‍ അഡ്വ. കെ മോഹനകുമാര്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി.

സിറ്റിംഗില്‍ സര്‍വകലാശാലക്കു വേണ്ടി സ്റ്റുഡന്‍സ് ഡീന്‍ കമ്മീഷന് മുന്നില്‍ ഹാജരായി. സംഭവത്തെ കുറിച്ച് പഠിക്കുന്നതിന് മൂന്ന് ഉപസമിതികളെ നിശ്ചയിച്ചതായി ഡീന്‍ കമ്മീഷനെ അറിയിച്ചു. തുടര്‍ന്നാണ് സമിതികളുടെ പ്രവര്‍ത്തനവും റിപ്പോര്‍ട്ട് സമര്‍പ്പണവും സമയബന്ധിതമാക്കുന്നതിന് കാലാവധി നിശ്ചയിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടത്. പരാതികളില്‍ നടപടികളെടുത്തതായി ജില്ലാ പോലീസ് മേധാവിയും കമ്മീഷനെ അറിയിച്ചു. മകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിന് മകളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചുവെന്ന എടരിക്കോട് സ്വദേശിനിയുടെ പരാതി ഉത്തരമേഖലാ ഡി ഐ ജി അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചു.
കോട്ടക്കല്‍ എസ് ഐയോട് നേരില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകന്‍ മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് ബില്ലിനൊപ്പം സമര്‍പ്പിച്ച ബില്ലുകള്‍ കാണാതായ സംഭവത്തില്‍ സംസ്ഥാന ഹെല്‍ത്ത് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടാനും കമ്മീഷന്‍ ഉത്തരവിട്ടു. ദേശീയപാതയിലെ വാഹനാപകടങ്ങള്‍ സംബന്ധിച്ച് കമ്മീഷന് ലഭിച്ച പരാതിയില്‍ പൊതുമരാമത്ത് വിഭാഗവും ദേശീയപാത വിഭാഗവും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റേഷന്‍ വ്യാപാരിയുടെ അഴിമതിക്കെതിരെ പരാതി നല്‍കിയതിന് പോലീസ് കള്ളക്കേസുണ്ടാക്കി പീഡിപ്പിക്കുന്നുവെന്ന കാടാമ്പുഴയിലെ അബൂബക്കറിന്റെ പരാതി നേരിട്ട് അന്വേഷിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഇതിന് ചീഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറെ ചുമതലപ്പെടുത്തും. സംഭവത്തില്‍ മലപ്പുറം പോലീസ് ചീഫ് നല്‍കിയ റിപ്പോര്‍ട്ട് കമ്മീഷന്‍ തള്ളി. റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നേരിട്ട് അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ തിരൂര്‍ ടിബിയില്‍ ചേര്‍ന്ന സിറ്റിംഗില്‍ 48 പരാതികള്‍ പരിഗണിച്ചു. 11 എണ്ണം തീര്‍പ്പാക്കി. മൂന്ന് പുതിയ പരാതികള്‍ സ്വീകരിച്ചു. അടുത്ത സിറ്റിംഗ് ഈമാസം 22ന് മലപ്പുറത്തും ഫെബ്രുവരി 10ന് തിരൂരിലും നടക്കും.

Latest