ഭര്‍ത്താവിനെ കത്തി മുനയില്‍ നിര്‍ത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Posted on: January 13, 2016 11:36 am | Last updated: January 13, 2016 at 11:36 am

കൊണ്ടോട്ടി: കുഴിമണ്ണ കുഴിഞ്ഞൊളത്ത് ഭര്‍ത്താവിനെ കത്തി മുനയില്‍ നിര്‍ത്തി അസം യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍. കിഴിശ്ശേരി മുതുപറമ്പ് എരുമത്തടം തെറ്റുമ്മല്‍ വീട്ടില്‍ കുന്നത്തിരി ശിഹാബുദ്ദീന്‍ എന്ന മൈത്രി ശിഹാബാ(30)ണ് അറസ്റ്റിലായത്.
നവംബര്‍ 21ന് രാത്രി ഒരു മണിക്ക് കൈസും നസീര്‍ എന്ന നസീര്‍ ബാബു(38) വും ശിഹാബും അസം ദമ്പതികള്‍ താമസിക്കുന്ന ക്വാര്‍ട്ടേര്‍സിലെത്തി ജനല്‍ വഴി മൊബൈലിലെ ടോര്‍ച്ച് കൊണ്ട് ഇവരുടെ മുറിയിലേക്കടിച്ചു. തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കയറി ഭര്‍ത്താവിനെ കത്തി മുനയില്‍ നിര്‍ത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ശിഹാബാണ് ഭര്‍ത്താവിനെ കത്തി മുനയില്‍ നിര്‍ത്തിയത്. ഈ സമയം നസീര്‍ ബാബു യുവതിയെ പീഡിപ്പിച്ചു. ശേഷം നസീര്‍ ബാബു ഭര്‍ത്താവിനെ പിടിച്ചു നിര്‍ത്തുകയും ശിഹാബ് പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോഴേക്ക് യുവതി ബഹളം വെച്ചു. പിടിവലിക്കിടയില്‍ യുവതിയുടെ മാല നഷ്ടപ്പെടുകയും ചെയ്തു.
ബലാത്സംഗ ശ്രമം പരാജയപ്പെട്ടതോടെ ഇവര്‍ വന്നിരുന്ന ബൈക്കില്‍ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു. പീഡനത്തിനിരയായ യുവതി സമീപം താമസിക്കുന്ന സഹോദരിയുടെ ക്വാര്‍ട്ടേര്‍സിലെത്തി കാര്യങ്ങള്‍ വ്യക്തമാക്കി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു അടുത്ത ദിവസം ആശുപത്രിയിലെത്തിച്ച യുവതിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. പോലീസ് കേസെടുത്തതറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോയി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്‌നാട്ടിലും ഒളിച്ചു കഴിഞ്ഞ പ്രതികളില്‍ ശിഹാബ് കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലെത്തിയതും പോലീസിന്റെ പിടിയിലാവുകയുമാണുണ്ടായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്. ഡി വൈ എസ് പി ശറഫുദ്ദീന്റെ നേതൃത്വത്തില്‍ സി ഐ ബി സന്തോഷ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ശശി കുണ്ടറക്കാട്ട്, സത്യനാഥന്‍ മനാട്ട്, അബ്ദുല്‍ അസീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒന്നാം പ്രതി നസീര്‍ ബാബുവിനെ ഉടന്‍ പിടികൂടാനാകുമെന്ന് പോലീസ് പറഞ്ഞു. ഭരണ മുന്നണിയിലെ പ്രമുഖ കക്ഷിയുടെ പ്രവര്‍ത്തകരായ ഇവരെ രാഷ്ട്രീയ നേതൃത്വവും പോലീസും സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ സി ഐ ഓഫീസ് മാര്‍ച്ച് നടത്തിയിരുന്നു.