Connect with us

Wayanad

ഹോക്കി ചാമ്പ്യന്‍ഷിപ്പിന് പോയ ആദിവാസി വിദ്യാര്‍ഥികളെ പാതിവഴിയില്‍ ഉപേക്ഷിച്ചതായി പരാതി

Published

|

Last Updated

മാനന്തവാടി: ഹരിയാനയില്‍ വെച്ച് നടന്ന ദേശീയ ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തെ പ്രതിനിധീകരിച്ച് പോയ ആദിവാസി വിദ്യാര്‍തികളെ തിരിച്ചു വരും വഴി പാതിവഴിയില്‍ അധികൃതര്‍ ഉപേക്ഷിച്ചതായി പരാതി. നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി സ്‌കൂളിലെ കോച്ചിനോടൊപ്പം തിരുവനന്തപുരത്തേക്ക് പോയത്. അവിടെ വെച്ച് കേരള സ്‌പോര്‍ട്്‌സ് കൗണ്‍സില്‍ ഭാരവാഹികളോടൊപ്പം ഇവര്‍ ട്രെയിനില്‍ ഹരിയാനയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
സ്‌കൂളില്‍ നിന്നും ഇവരെ അനുഗമിച്ച കോച്ച് വിദ്യാര്‍ഥികളെ ട്രെയിനില്‍ കയറ്റി വിട്ട ശേഷം തിരിച്ചു പോരുകയായിരുന്നു. അരുണ്‍ദാസ്, സുമിത്, ജിത്തു, മിഫുന്‍ എന്നിവരായിരുന്നു ഹരിയാനയിലേക്ക് പോയത്. പത്ത് ദിവസത്തിന് ശേഷം ഇവര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയെങ്കിലും സ്‌പോര്‍ടസ്് കൗണ്‍സില്‍ ജീവനക്കാര്‍ തിരുവനന്തപുരത്ത് ഇറങ്ങുകയും നാല് വിദ്യാര്‍ഥികളെ ട്രെയിനില്‍ കോഴിക്കോട്ടേക്ക് അയക്കുകയായിരുന്നുവെന്ന് അരുണ്‍ദാസിന്റ പിതാവ് അയ്യപ്പന്‍ പറഞ്ഞു. രാത്രി എട്ടരയോടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ വിദ്യാര്‍ഥികള്‍ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കാകുലരായി രക്ഷിതാക്കളെ ഫോണില്‍ വിളിക്കുകയായിരുന്നു.
രാത്രി 12 മണിയോടെയാണ് വിദ്യാര്‍ഥികള്‍ മാനന്തവാടിയിലെത്തിയത്. തുടര്‍ന്ന് അരുണ്‍ദാസിന്റെ ബന്ധുകൂടിയായ മാനന്തവാടി സ്‌റ്റേഷനിലെ പോലീസുകാരന്റെ സഹായത്തോടെയാണ് അരുണ്‍ വീട്ടിലെത്തിയത്. അധികൃതരുടെ അനാസ്ഥയെ കുറിച്ച് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയെയും ജില്ലാ കലക്ടറേയും ഫോണില്‍ വിളിച്ച് പരാതി അറിയിച്ചതായും അയ്യപ്പന്‍ പറഞ്ഞു. എന്നാല്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് വീട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.