പനമരം ബ്ലോക്ക് ക്ഷീരവികസന ഓഫീസ് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും

Posted on: January 13, 2016 10:39 am | Last updated: January 13, 2016 at 10:39 am
SHARE

കല്‍പ്പറ്റ: പനമരം ബ്ലോക്ക് പഞ്ചായത്തിലേക്ക് ക്ഷീരവികസന വകുപ്പ് അനുവദിച്ച ക്ഷീര വികസന ഓഫീസും ജില്ലാ ക്ഷീര സംഗമവും 15ന് 10.30 ന് പനമരം കരിമ്പുമ്മലില്‍ ക്ഷീര-ഗ്രാമ വികസന വകുപ്പ് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. പട്ടിക വര്‍ഗ്ഗ-യുവജന ക്ഷേമ വകുപ്പു മന്ത്രി പി കെ ജയലക്ഷ്മി അധ്യക്ഷയാവും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന ബ്ലോക്കിനുള്ള ഉപഹാരമായാണ് പനമരം ബ്ലോക്കിന് ക്ഷീരവികസന ഓഫീസ് അനുവദിച്ചത്. ഓഫീസ് വരുന്നതോടെ പ്രദേശത്തെ ക്ഷീര വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപനത്തോടെ നടപ്പാക്കാന്‍ സാധിക്കും. ക്ഷീരമേഖലയിലെ ആധുനികവത്ക്കരണം, യന്ത്രവത്ക്കരണം, വിവര സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിവിധ പദ്ധതികള്‍ തുടങ്ങിയവ എല്ലാ കര്‍ഷകരിലുമെത്തിക്കാനുമാകും.
പനമരം കരിമ്പുമ്മലില്‍ ജനുവരി 14, 15 തീയതികളിലായാണ് ജില്ലാ ക്ഷീരസംഗമം നടത്തുന്നത്. ഉദ്ഘാടന സമ്മേളനം 14ന് രാവിലെ 10ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ എട്ടു മുതല്‍ കന്നുകാലി പ്രദര്‍ശനം നടത്തും. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ് അധ്യക്ഷയാവും. ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ വര്‍ക്കി ജോര്‍ജ്ജ് ‘ഗവ്യജാലകം’ അവതരിപ്പിക്കും.
15ന് രാവിലെ 9.30 ന് ‘പശുപരിപാലനം- പ്രായോഗിക സമീപനം’ എന്ന വിഷയത്തില്‍ ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടര്‍ പി പി ബിന്ദുമോന്‍ സെമിനാര്‍ അവതരിപ്പിക്കും. ഡെപ്യൂട്ടി ഡയറക്ടര്‍ എം പ്രകാശ് മോഡറേറ്ററാകും. തുടര്‍ന്ന് നടക്കുന്ന ക്ഷീര വികസന ഓഫീസ് ഉദ്ഘാടന സമ്മേളനത്തില്‍ പനമരം ക്ഷീരസംഘം പ്രസിഡന്റ് ഇ ജെ സെബാസ്റ്റ്യന്‍ ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കെ ടി സരോജിനിയ്ക്ക് ഓഫീസ് കെട്ടിടം കൈമാറും. എം ഐ ഷാനവാസ് എം പി മുഖ്യപ്രഭാഷണം നടത്തും.
ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകരെ എം വി ശ്രേയാംസ് കുമാര്‍ എം എല്‍ എയും പനമരം സംഘത്തിലെ മികച്ച ക്ഷീര കര്‍ഷകരെ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും ആദരിക്കും. കന്നുകാലി പ്രദര്‍ശനത്തിലെ വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി സമ്മാനം നല്‍കും. ഫീഡ് സപ്ലിമെന്റ് വിതരണം മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്യും.
ക്ഷീരകര്‍ഷക ക്ഷേമനിധി അവാര്‍ഡുകള്‍ ജോണ്‍ ജേക്കബ് വള്ളക്കാലിലും ക്ഷീരസംഘങ്ങള്‍ക്ക് ഹാഡയില്‍ നിന്നുള്ള ധനസഹായം മലയോര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചനും വിതരണം ചെയ്യും. മില്‍മയുടെ ക്ഷീരകര്‍ഷക അപകട ഇന്‍ഷൂറന്‍സ് ക്ലെയിം കെ എന്‍ സുരേന്ദ്രന്‍ നായര്‍ നല്‍കും. ക്ഷീരസംഘങ്ങള്‍ക്കുള്ള ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ,സാമൂഹ്യ,ആരോഗ്യ-മൃഗസംരക്ഷണ,ക്ഷീര മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here