Connect with us

Kozhikode

വിസ തട്ടിപ്പ് കേസിലെ പ്രതി ബംഗളൂരുവില്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്: വിസ തട്ടിപ്പ് കേസിലെ പ്രതിയെ ബംഗളൂരുവിലെത്തി നടക്കാവ് പോലീസ് പടികൂടി. മാവൂര്‍ ചെറുവാടി സ്വദേശി പാറമ്മല്‍ വീട്ടില്‍ സലീം പാറമ്മല്‍ (32) ആണ് ബംഗളൂരുവിലെ കമ്പഗൗഡ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായത്.
അജ്മാനിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് നാല് പേരില്‍ നിന്ന് കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഉള്ള്യേരി കക്കംഞ്ചേരി കൊളക്കോട് കുഴിയില്‍ പ്രശോഭിന്റെ പരാതിയിലാണ് പോലീസ് നടപടിയുണ്ടായത്. സലീം ജോലി ചെയ്ത നടക്കാവ് ഇംഗ്ലീഷ് പള്ളി റോഡിലുളള ഒരു ടൂര്‍ ആന്‍ഡ് ട്രാവല്‍സ് സ്വകാര്യ സ്ഥാപനത്തില്‍ വെച്ച് പ്രശോഭിന്റെ പക്കല്‍ നിന്ന് 17,500 രൂപ കൈപറ്റുകയായിരുന്നു. തുടര്‍ന്ന് പ്രശോഭിന്റെ സുഹൃത്തുക്കളായ അഖില്‍, വിബിന്‍, വിപിന്‍ലാല്‍ എന്നിവരില്‍ നിന്നായി 1,42,500 രൂപയും വിസയുടെ സലീം കൈപ്പറ്റിയതായാണ് പരാതി.
വിവിധ കാലയളവില്‍ മെഡിക്കല്‍ പരിശോധന, എമിഗ്രേഷന്‍ എന്നീ ആവശ്യങ്ങള്‍ പറഞ്ഞായിരുന്നു പണം വാങ്ങിയത്. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ തങ്ങളുടെ സ്ഥാപനത്തില്‍ സലീം വരാറില്ലെന്നാണ് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് നടക്കാവ് പോലീസില്‍ വഞ്ചിക്കപ്പെട്ടവര്‍ പരാതി നല്‍കുകയായിരുന്നു. വിസിറ്റിംഗ് വിസക്ക് ഗള്‍ഫിലേക്ക് കടന്നുകളഞ്ഞ സലീം ബംഗളൂരു വഴി കേരളത്തിലേക്ക് വരുന്നുണ്ടെന്ന് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ബംഗൂരുവില്‍ എത്തി. നടക്കാവ് പ്രിന്‍സിപ്പല്‍ എസ് ഐ ജി ഗോപകുമാര്‍, അഡീഷനല്‍ എസ് ഐ ഉണ്ണികൃഷ്ണന്‍, എ എസ് ഐമാരായ കെ ശ്രീനിവാസന്‍, എ അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.