ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പിടല്‍ പ്രവൃത്തിയില്‍ അനാസ്ഥ

Posted on: January 13, 2016 10:14 am | Last updated: January 13, 2016 at 10:14 am

കോഴിക്കോട്: ജപ്പാന്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പൈപ്പുകള്‍ സ്ഥാപിച്ച് ജില്ലയില്‍ കുടിവെള്ള വിതരണം ആരംഭിക്കാത്ത സാഹചര്യത്തില്‍ നടപടിയാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘവും ഈ മാസം 19 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണും.

കഴിഞ്ഞ ദിവസം പ്രസിഡന്റ് ബാബു പറശ്ശേരി തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് വിഷയം ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവരടങ്ങുന്ന സംഘം 19 ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിഷയം ശ്രദ്ധയില്‍ പെടുത്തുന്നത്. കഴിഞ്ഞ മാസം 29 ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ജപ്പാന്‍ കുടിവെള്ള വിതരണത്തില്‍ കാണിക്കുന്ന അനാസ്ഥ സംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു. ബാബു പറശ്ശേരിയായിരുന്നു പ്രമേയം അവതരിപ്പിച്ചത്. കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതില്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിനൊരുങ്ങുമെന്നും യോഗത്തില്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭരണ- പ്രതിപക്ഷ കക്ഷികള്‍ പ്രമേയത്തെ പിന്തുണച്ചിരുന്നു. കോടികള്‍ മുടക്കി ആവിഷ്‌കരിച്ച പദ്ധതിയാണ് വര്‍ഷങ്ങളായിട്ടും ലക്ഷ്യത്തിലെത്താത്തത്. നിര്‍ദിഷ്ട സയമ പരിധി കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും പണമടച്ച് കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് വെള്ളം ലഭിച്ചുതുടങ്ങിയിട്ടില്ല.

കരാറുകാരുടെ അനാസ്ഥ കാരണം 40 ശതമാനം പ്രവൃത്തിയാണ് പൂര്‍ത്തിയായത്. 2013 ജൂലൈയിലായിരുന്നു പദ്ധതി പൂര്‍ത്തിയാകേണ്ടിയിരുന്നതെങ്കിലും ഫെബ്രുവരി 29 നാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 12.08 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിന് പെരുവണ്ണാമൂഴിയില്‍നിന്ന് പ്രതിദിനം 174 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി. പദ്ധതിക്കായി 806 കോടി രൂപയാണ് ചെവഴിച്ചത്.
2007ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കോഴിക്കോട്ടെ ജപ്പാന്‍ കുടിവെള്ള പദ്ധതി ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് യാഥാര്‍ഥ്യമായത്. കോഴിക്കോട് കോര്‍പറേഷനിലെയും ബാലുശ്ശേരി, നരിക്കുനി, നന്മണ്ട, കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി എന്നീ 13 പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കാണ് പദ്ധതിയില്‍നിന്ന് വെള്ളം ലഭിക്കേണ്ടത്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോഴും കോര്‍പറേഷന്‍ പരിധിയില്‍പോലും കുടിവെള്ള വിതരണം പൂര്‍ത്തിയായിട്ടില്ല. കോര്‍പറേഷന്‍ പരിധിയില്‍ ഭാഗികമായി മാത്രമാണ് വെള്ളം വിതരണം നടത്തിയത്. 17 ജലസംഭരണികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇവയിലേക്കുള്ള കണക്ഷന്‍ പൈപ്പുകളുടെ പ്രവൃത്തി നടന്നിട്ടില്ല. പെരുവണ്ണാമൂഴിയില്‍ നിന്നുള്ള വെള്ളം ടാങ്കിലെത്തി നില്‍ക്കുകയുമാണ്.
2010ല്‍ പണി തീര്‍ക്കണമെന്ന വ്യവസ്ഥയില്‍ ചെന്നൈ ആസ്ഥാനമായ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. 2015 ജൂലൈ ആയിരുന്നു അവസാന കാലാവധി. ഇതും പിന്നിട്ടതോടെ കണ്‍സല്‍ട്ടന്‍സി കമ്പനിയായ ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോ ഓപറേഷന്‍ ഏജന്‍സി പ്രവര്‍ത്തനം നിലച്ചനിലയിലാണ്. 1,865 കിലോമീറ്റര്‍ ദൂരത്തിലുള്ളതാണ് വിതരണ ശൃംഖലയെങ്കിലും വിതരണ പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ഈ മാസം 19 ന് മുഖ്യമന്ത്രിയെ കൂടാതെ ജലസേചന മന്ത്രി പി ജെ ജോസഫിനെ കൂടി കണ്ട് നിവേദനം നല്‍കുമെന്നും നടപടിയുണ്ടായില്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് നീങ്ങുമെന്നും ബാബു പറശ്ശേരി പറഞ്ഞു.
വരാനിരിക്കുന്ന വേനലില്‍ ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടാന്‍ സാധ്യതയുണ്ടായിട്ടും അധികൃതര്‍ അനങ്ങാപ്പാറാ നയമാണ് സ്വീകരിക്കുന്നത്. ടാങ്കില്‍ നിറഞ്ഞുനില്‍ക്കുന്ന ശുദ്ധജലം ജനങ്ങളിലെത്തിക്കാന്‍ വിതരണ പൈപ്പ് ലൈന്‍ പ്രവൃത്തി അടിയന്തരമായി നടക്കണം. ആവശ്യക്കാര്‍ പണമടച്ച് രജിസ്റ്റര്‍ ചെയത് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലന്നും അദ്ദേഹം പറഞ്ഞു.