അന്തേവാസി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത

Posted on: January 13, 2016 10:10 am | Last updated: January 13, 2016 at 10:10 am
SHARE

താമരശ്ശേരി: തിരുവമ്പാടി പുല്ലൂരാംപാറയിലെ അഗതി മന്ദിരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ഉത്തരേന്ത്യന്‍ യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സ്വകാര്യ വ്യക്തി നടത്തുന്ന ആകാശ പറവകള്‍ എന്ന അഗതി മന്ദിരത്തിലെ അന്തേവാസിയായ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച മുതല്‍ യുവതിയെ കാണാനില്ലെന്ന് കാണിച്ച് സ്ഥാപനം നടത്തിപ്പുകാരനായ തങ്കച്ചന്‍ തിരുവമ്പാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സ്ഥാപനത്തിന്റെ ഒന്നാം നിലയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്നലെ ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് സംസ്‌കരിക്കുകയായിരുന്നു. തീപ്പൊള്ളലേറ്റാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും തിരുവമ്പാടി എസ് ഐ സനല്‍രാജ് പറഞ്ഞു.
ഹിന്ദി മാത്രം സംസാരിക്കുന്ന യുവതിയെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് രണ്ട് മാസം മുമ്പ് തങ്കച്ചനും ഭാര്യയും ഇവിടെയെത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ കാണാതായ യുവതിക്കായി മറ്റു സ്ഥലങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും വീടിനു മുകളില്‍ പരിശോധിച്ചിരുന്നില്ലെന്നാണ് ഇവരുടെ വിശദീകരണം. വാതിലില്ലാത്ത മുറിയില്‍ പേപ്പറുകള്‍ കൂട്ടിയിട്ട് തീക്കൊളുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തീപ്പൊള്ളലേറ്റ യുവതി പുറത്തേക്കോടാതിരുന്നതും ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന അന്തേവാസികളോ നടത്തിപ്പുകാരോ ശബ്ദം കേള്‍ക്കാതിരുന്നതും ദുരൂഹമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.