പഠാന്‍കോട്ട് ഭീകരാക്രമണം: അകത്തുനിന്ന് സഹായം എന്‍ ഐ എ സ്ഥിരീകരിച്ചു

Posted on: January 13, 2016 7:37 am | Last updated: January 13, 2016 at 11:25 am

pathankot-ap_ന്യൂഡല്‍ഹി: പഠാന്‍കോട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് സൈനിക ക്യാമ്പില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് എന്‍ ഐ എയുടെ സ്ഥിരീകരണം. താവളത്തില്‍ അതിഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഭീകരര്‍ക്ക് വ്യോമത്താവളത്തിനുള്ളില്‍ നിന്ന് തന്നെ സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആക്രമണം നടന്ന രാത്രി വ്യോമ കേന്ദ്രത്തിലെ മൂന്ന് ഫഌഡ്‌ലിറ്റ് ലൈറ്റുകള്‍ മുകളിലേക്ക് തിരിച്ചായിരുന്നു വെച്ചിരുന്നത്. മറ്റുള്ളവയെല്ലാം നിലവിലുള്ള പോലെ തന്നെ പ്രവര്‍ത്തിച്ചിരുന്നു. അതുപോലെ വ്യോമ കേന്ദ്രത്തിലേക്ക് അനധികൃതമായി പ്രവേശം അനുവദിച്ചിരുന്നതായും എന്‍ ഐ എ കണ്ടെത്തി. അമ്പത് രൂപ ഈടാക്കി പുറത്തുനിന്ന് വരുന്നവര്‍ക്ക് വ്യോമസേനാ താവളത്തിനുള്ളില്‍ കടക്കാന്‍ അനുമതി നല്‍കിയിരുന്നു. പരിസരവാസികളെ അവരുടെ കാലികളുമായി അകത്തേക്കു കടക്കാനും സമ്മതിക്കാറുണ്ട്. ഇത് തീവ്രവാദികള്‍ക്ക് വ്യോമകേന്ദ്രത്തിന് അകത്തുനിന്ന് സഹായം ലഭിക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ട്.

അതേസമയം, ആക്രമണത്തെക്കുറിച്ച് പാക്കിസ്ഥാന്‍ കൈമാറിയ പ്രാഥമിക അന്വേഷണ വിവരങ്ങള്‍ എന്‍ ഐ എ പരിശോധിച്ചുവരികയാണ്. പാക്കിസ്ഥാന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്കിനെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് സൂചന.

രണ്ട് ഘട്ടങ്ങളിലായാണ് ഭീകരര്‍ അകത്ത് കടന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. രണ്ട് പേരുള്ള ആദ്യസംഘം ഡിസംബര്‍ 31ന് രാത്രിയിലോ, ജനുവരി ഒന്നിന് പുലര്‍ച്ചെയോ അകത്തുകടന്നെന്നാണ് സൂചന. ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് നാല് പേരടങ്ങുന്ന രണ്ടാം സംഘം അകത്തു കടക്കുന്നത്. രണ്ടാം സംഘം താവളത്തിലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിംഗിന്റെ മതില്‍ ചാടിക്കടന്നാണ് അകത്തെത്തിയത്. ഇതിനായി ഇവര്‍ ഉപയോഗിച്ച കയര്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങളും വിമാനങ്ങളും ലക്ഷ്യമിട്ട ആദ്യസംഘത്തിന് ആക്രമണം എളുപ്പമാക്കാന്‍ സുരക്ഷാ സൈനികരെ ആശയക്കുഴപ്പത്തിലാക്കി ശ്രദ്ധ തിരിക്കുകയെന്ന ദൗത്യമാണ് രണ്ടാം സംഘം നിര്‍വഹിച്ചത്. ഗുരുദാസ്പൂര്‍ എസ് പിയില്‍ നിന്ന് തട്ടിയെടുത്തെന്ന് പറയുന്ന വാഹനത്തിലെത്തിയ സംഘം ജനുവരി രണ്ടിന് പുലര്‍ച്ചെ മൂന്നോടെയാണ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിംഗില്‍ വെച്ച് സൈന്യവുമായി ആദ്യം ഏറ്റുമുട്ടിയത്.

ഇതിനിടെ എന്‍ ഐ എ നടത്തിയ പുതിയ പരിശോധനയില്‍ ഭീകരരുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. പഠാന്‍കോട് വ്യോമത്താവളത്തില്‍ ഒരാഴ്ചയായി തുടരുന്ന പത്തംഗ എന്‍ ഐ എ സംഘത്തിന്റെ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍, ബൈനോക്കുലര്‍, എ കെ 47 തോക്കിന്റെ വെടിയുണ്ടകള്‍, വെടിയുണ്ടകള്‍ സൂക്ഷിച്ചുവെക്കുന്ന പെട്ടികള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഭീകരര്‍ക്ക് വ്യോമത്താവളത്തില്‍ നിന്ന് സഹായം ലഭിച്ചതുള്‍പ്പെടെ പുതിയ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യയോട് കൂടുതല്‍ തെളിവുകള്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. ഭീകരരുടെ ശബ്ദരേഖയടക്കമുള്ള തെളിവുകളാണ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗുരുദാസ്പുര്‍ എസ് പി സല്‍വീന്ദര്‍ സിംഗിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സല്‍വീന്ദറിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ കോടതിയോട് അനുമതി തേടിയിട്ടില്ല. ഭീകരരെക്കുറിച്ചുള്ള അന്വേഷണത്തിന് ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.