Connect with us

Gulf

ഇന്ധനവില: ഖത്വറിലെ കമ്പനികള്‍ ചെലവ് വെട്ടിക്കുറക്കില്ല

Published

|

Last Updated

ദോഹ: ഇന്ധനവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഖത്വറിലെ സ്വകാര്യ കമ്പനികള്‍ ബജറ്റ് വെട്ടിക്കുറക്കില്ലെന്ന് ഖത്വരി ബിസിനസ്‌മെന്‍ അസോസിയേഷന്‍ (ക്യു ബി എ) ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനി. ഖത്വര്‍ വിണിയില്‍ വലിയ നിക്ഷേപ, വ്യവസായ അവസരം തുറന്നുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സപ്പോര്‍ട്ട് ആന്‍ഡ് ബിസിനസ് സൊല്യൂഷന്‍സ് ഇന്‍ ഖത്വര്‍ എന്ന ആദ്യ അന്താരാഷ്ട്ര എക്‌സിബിഷന്‍ (ക്യു ബി എക്‌സ് എക്‌സ്‌പോ-2016) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈഡ്രോകാര്‍ബണ്‍ വരുമാനത്തെ പൂര്‍ണമായും ആശ്രയിക്കാതെ ഖത്വരി സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കപ്പെട്ടതിനാല്‍ ഇന്ധവിലചാഞ്ചാട്ടം രാജ്യത്ത് വലിയ ആഘാതമൊന്നും ഉണ്ടാക്കുകയില്ല. ഇന്ധന വിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ ചെലവ് വെട്ടിച്ചുരുക്കുകയില്ല.
പ്രതികൂല അന്തരീക്ഷത്തെ നേരിടാന്‍ സര്‍ക്കാറിന്റെ വിവിധങ്ങളായ നിക്ഷേപ സാധ്യതകളും സ്വകാര്യ മേഖലയും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പ്രതികൂലാവസ്ഥ ഖത്വറിന് പുത്തരിയല്ല. ഹൈഡ്രോകാര്‍ബണ്‍ വരുമാനത്തില്‍ നൂറു ശതമാനം അവലംബിച്ചല്ല ഖത്വര്‍ പ്രവര്‍ത്തിക്കുന്നത്.
രാജ്യത്ത് സ്വകാര്യ മേഖല വലിയ വെല്ലുവിളികള്‍ നേരിടുന്നില്ല. ചെറിയ ചെറിയ പ്രശ്‌നങ്ങളെ കാര്യക്ഷമമായി സര്‍ക്കാര്‍ നേരിടുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസന, ഭൂമി തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മനാതിഖ് എന്ന ഇകണോമിക് സോണ്‍ കമ്പനി രൂപവത്കരിച്ചത് സര്‍ക്കാറിന്റെ ഇടപെടലിന് മികച്ച ഉദാഹരണമാണ്. സാമ്പത്തിക വൈവിധ്യവത്കരണത്തിന് ഖത്വര്‍ ഡെവലപ്‌മെന്റ് ബേങ്ക് പോലുള്ള സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
വലിയ വ്യവസായ അവസരങ്ങളാണ് ഖത്വര്‍ വിപണിയില്‍ ഉള്ളത്. സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് ഖത്വറില്‍ മുതല്‍മുടക്കി വിജയിച്ച നിരവധി വിദേശകമ്പനികളുണ്ട്. എന്നാല്‍ ചില കമ്പനികള്‍ ഇവിടേക്ക് കടന്നുവരികയും ഒഴിവുകഴിവ് പറഞ്ഞ് അതുപോലെ പോകുകയും ചെയ്തിട്ടുണ്ട്. അത് സ്വീകാര്യമല്ല. ഏതൊരു വിപണിയിലേക്ക് പ്രവേശിക്കുമ്പോഴും സൂക്ഷ്മമായി പഠിച്ചതിന് ശേഷമേ അത്തരം കമ്പനികള്‍ ചുവടുവെപ്പ് നടത്തേണ്ടത്.
വ്യാപാരം, നിക്ഷേപം, പ്രശ്‌നപരിഹാരങ്ങള്‍, സഹായം തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും എക്‌സ്‌പോ ഉപകാരപ്പെടുമെന്ന് എക്‌സ്‌പോയുടെ ഔദ്യോഗിക സംഘാടകരായ സിദീര്‍ മീഡിയ ചെയര്‍മാന്‍ ഖലീഫ ബിന്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ അത്വിയ്യ പറഞ്ഞു.