Connect with us

Kozhikode

മികച്ച പാലിയേറ്റീവ് പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഇല്യാസ് തരുവണക്ക്

Published

|

Last Updated

പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പാലിയേറ്റീവ് പ്രവര്‍ത്തകനുള്ള, പേരാമ്പ്ര ദയ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ നല്‍കിവരുന്ന അവാര്‍ഡിന് ഇത്തവണ ഇല്യാസ് തരുവണയെ തെരഞ്ഞെടുത്തു. ദയ ചെയര്‍മാന്‍ കെ. ഇമ്പിച്ച്യാലി, ദയ ബഹ്‌റൈന്‍ ചാപ്റ്റര്‍ ബാബു ജി നായര്‍ എന്നിവരുള്‍പ്പെട്ട നാലംഗ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 10,000 രൂപയും, മെമന്റോയും അടങ്ങിയതാണ് അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം സ്വാന്തന കേന്ദ്രമായ വടകര തണല്‍ ടീമിന്റെ നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന ഇല്യാസ് തണല്‍ ഓള്‍ഡ് ഏജ് ഹോം മാനേജറായും സേവനമനുഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സ്വാന്തന സേവന മേഖലയില്‍ നിറസാന്നിധ്യമായ ഇദ്ദേഹം, ആംബഹീനരായ രോഗികളുടെ പരിചാരകനെന്ന നിലയിലും ശ്രദ്ധേയനാണ്. വയനാട് ജില്ലയില്‍ നിന്ന് ആരംഭിച്ച ഇല്യാസിന്റെ പാലിയേറ്റീവ് പ്രവര്‍ത്തനം 2007 ലാണ് കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് നടപ്പാക്കിയത്. തണല്‍ വീട് എന്ന പേരില്‍ മാഹിയില്‍ തുടക്കമിട്ട സ്‌നേഹ ഭവനം യാഥാര്‍ത്ഥ്യമാക്കുന്നതിന് തണല്‍ ചെയര്‍മാന്‍ ഡോ: ഇദ്രീസിന്റെ വലം കൈയ്യായി പ്രവര്‍ത്തിച്ച ഇല്യാസ്, കട വരാന്തകളിലും, വഴിയോരങ്ങളിലും, വൃക്ഷച്ചുവട്ടിലും കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ട സഹ ജീവികള്‍ക്ക് തണലാകാന്‍ കുടുംബ സമേതം വയനാട്ടില്‍ നിന്ന് തണല്‍ വീട്ടിലേക്ക് മാറിയ ഈ 36 കാരന്‍ മനുഷ്യ സ്‌നേഹത്തിന്റെ മഹനീയ മാതൃകയായിരിക്കയാണെന്ന് വിലയിരുത്തിയതായി അവാര്‍ഡ് തെരഞ്ഞെടുപ്പ് സമിതി അറിയിച്ചു.

Latest