ഉര്‍വശീ ശാപം ഉപകാരം

Posted on: January 12, 2016 7:32 pm | Last updated: January 13, 2016 at 8:25 pm
അറബ് ലീഗ് യോഗത്തില്‍ യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍  സായിദ് അല്‍ നഹ്‌യാന്‍
അറബ് ലീഗ് യോഗത്തില്‍ യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍
സായിദ് അല്‍ നഹ്‌യാന്‍

ഇറാനെതിരെ, സഊദി അറേബ്യക്ക് പിന്നില്‍ അറബ് ലോകം ഒറ്റക്കെട്ടാണെന്ന് ഒരിക്കല്‍കൂടിതെളിഞ്ഞു. കെയ്‌റോയില്‍, യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അറബ്‌ലീഗ് അടിയന്തര യോഗത്തില്‍ അംഗരാജ്യങ്ങള്‍ ഇറാനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഇടപെടുന്നുവെന്ന് ഏവരും കുറ്റപ്പെടുത്തി.
ഇറാനില്‍ സഊദി നയതന്ത്ര കാര്യാലയങ്ങള്‍ക്ക് തീയിട്ടതിനെത്തുടര്‍ന്ന് മേഖലയില്‍ ഉരുത്തിരിഞ്ഞ സംഘര്‍ഷം അറബ് ലീഗ് വിശദമായി ചര്‍ച്ച ചെയ്തു. ‘സിറിയ, ലെബനോന്‍, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളെ കൂട്ടുപിടിച്ച് ലോകത്ത് സ്വാധീനം ഉറപ്പിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. അതിന് ഇറാന്‍ വളഞ്ഞ വഴികള്‍ ഉപയോഗിക്കുന്നു.’
യമനില്‍ ഹൂത്തി തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു. തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് ഇറാനാണ്. ബഹ്‌റൈനിലും സഊദിയിലും ശിയാവികാരം കുത്തിപ്പൊക്കുന്നതും ഇറാനാണ്. അയല്‍ രാജ്യങ്ങളില്‍ സമാധാന ഭംഗം സൃഷ്ടിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രകോപനങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബി ചൂണ്ടിക്കാട്ടി.
ഇറാന്റെ ഇടപെടലുകളെ ശക്തിയുക്തം എതിര്‍ക്കുമെന്ന് സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. വംശീയത ആളിക്കത്തിക്കുന്നതിന് എതിരാണ് സഊദി. ആശയപരമായ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് സഊദി ശ്രമിക്കുന്നത്. അതേ സമയം, എരിതീയില്‍ എണ്ണയൊഴിക്കാനാണ് ഇറാന്‍ നിലകൊള്ളുന്നത്. ഇറാനില്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് തീയിടുന്നതിന് ഇറാന്‍ ഭരണകൂടത്തിന്റെ ഒത്താശയുണ്ടായിരുന്നു. രാജ്യാന്തര മര്യാദകളുടെ ലംഘനമാണത്. ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഇറാന്‍ പക്ഷേ അയല്‍ രാജ്യങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കുകയാണെന്ന് യു എ ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അഭിപ്രായപ്പെട്ടു.
22 രാജ്യങ്ങളാണ് അറബ് ലീഗിലുള്ളത്. 1945ല്‍ രൂപ വത്കൃതമായ അറബ് ലീഗ് ഇടക്കാലത്ത് ദുര്‍ബലമായിരുന്നു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ വേണ്ടവിധം ഇടപെടാന്‍ കഴിയാത്തത് ഏവരെയും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍, മേഖലയില്‍ ഭീകരവാദത്തിനെതിരെ പാരസ്പര്യം പുലര്‍ത്തുന്നതിനാല്‍ അറബ് ലീഗിന്റെ പ്രസക്തി വര്‍ധിച്ചുവന്നു. ഇപ്പോള്‍, ഇറാനെതിരെയുള്ള നിലപാട് കരുത്തുറ്റ ശക്തിയാക്കി അറബ് ലീഗിനെ മാറ്റും. സൈനികമായ കൊള്ളക്കൊടുക്കകള്‍ സാധ്യമാകും. ഈ വര്‍ഷം മൊറോക്കോയില്‍ അറബ് ലീഗ് ഉച്ചകോടി നടക്കുമ്പോള്‍ സംയുക്ത പ്രതിരോധ സമിതി പൂര്‍ണയാഥാര്‍ഥ്യമാകും. ഇറാന്റെ വെല്ലുവിളികള്‍ നേരിടാന്‍ അതിനു കഴിയും.