Connect with us

Gulf

ദേശാടനപ്പക്ഷികളുടെ വിസ്മയക്കാഴ്ചയില്‍ ദുബൈ

Published

|

Last Updated

ദുബൈ റാസല്‍ഖോറിലെ പക്ഷി സങ്കേതം

ദുബൈ: കാതങ്ങള്‍താണ്ടി വിരുന്നെത്തിയ അതിഥികളെ കൊണ്ട് ദുബൈയുടെ മണ്ണും വിണ്ണും നിറയുന്നു. മധ്യപൗരസ്ത്യ ദേശത്തെ ശിശിര കാലം തേടിയാണ് വിദേശങ്ങളില്‍ നിന്നടക്കം ധാരാളം പക്ഷികളും പറവകളും ദുബൈയിലെത്തിയിരിക്കുന്നത്. ദുബൈ റാസല്‍ഖോര്‍ പക്ഷി സങ്കേതവും പരിസരവും ഇവകളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പരിസര പ്രദേശങ്ങളിലെ പുല്‍ത്തകിടുകളും മൈതാനങ്ങളും മരച്ചില്ലകളും വിരുന്നകാരടക്കമുള്ള പക്ഷിക്കൂട്ടങ്ങള്‍ കീഴടക്കിയിരിക്കുന്നു.
ഡിസംബര്‍ ആദ്യത്തോടെ തന്നെ ദേശാടന പക്ഷികള്‍ ദുബൈയില്‍ എത്തിയിരുന്നു. ദീര്‍ഘദൂരം പറന്ന് എമിറേറ്റിലെ തണുപ്പ് കാലം ആസ്വദിക്കാന്‍ മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പക്ഷികള്‍ എത്തിയിട്ടുണ്ടെന്ന് തോന്നുന്ന രീതിയിലാണ് പ്രഭാതങ്ങളിലെയും വൈകുന്നേരങ്ങളിലെയും ആകാശക്കാഴ്ചകള്‍. ദേശാതിര്‍ത്തികള്‍ കടന്ന് യു എ ഇയിലെ ശിശിരകാലം ആസ്വദിക്കാനെത്തിയ പക്ഷികളുടെ നിര്‍ത്താതെയുള്ള യാത്രയും ഇവിടത്തെ താമസവും കൗതുകം തന്നെയാണ് സമ്മാനിക്കുന്നത്. സൈബീരിയ, ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പക്ഷികള്‍ പൊതുവേ വിരുന്നുവരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ഇവര്‍ വരുന്നസമയങ്ങളില്‍ മാറ്റങ്ങളുണ്ടാകാറുണ്ട്.
റാസല്‍ ഖോര്‍ പക്ഷി സങ്കേതത്തിലെ സായംസന്ധ്യകള്‍ ഏറെ ഹൃദയാഹാരിയാക്കുകയാണ് വിരുന്നുകാരടക്കമുള്ള ആയിരക്കണക്കിന് പക്ഷികള്‍. ദുബൈ നഗരത്തിലെ കെട്ടിടങ്ങളുടെ ചക്രവാളക്കാഴ്ചക്ക് സമാന്തരമായി തടാകവും കണ്ടല്‍കാടുകളും കൊണ്ട് പ്രകൃതി ആസ്വാദകര്‍ക്ക് കണ്‍കുളിര്‍ക്കുന്ന കാഴ്ചയാണ് ഇവിടം സമ്മാനിക്കുന്നത്.
സൈബീരിയയില്‍ നിന്നുള്ള ഏതാനും പക്ഷികളുടെ വരവ് കഴിഞ്ഞ കുറച്ച് ആഴ്ച മുമ്പ് തന്നെ ദുബൈ നഗരസഭ അധികൃതര്‍ കണ്ടെത്തിയിരുന്നു. റാസല്‍ഖോറിലെ ചതുപ്പുനിലങ്ങള്‍ തേടി കാതങ്ങള്‍ താണ്ടിയാണവയെത്തിയത്. പക്ഷികളുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഇവയുടെ കാലില്‍ പ്രത്യേകം ടാഗ് ഘടിപ്പിക്കാറുണ്ട്.

Latest