മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ട്രാഫിക് ബോധവത്കരണ കാമ്പയിന്‍ തുടങ്ങി

Posted on: January 12, 2016 6:30 pm | Last updated: January 12, 2016 at 6:47 pm
 ബ്രിഗേഡിയര്‍ ഗൈത്  ഹസന്‍ അല്‍ സആബി
ബ്രിഗേഡിയര്‍ ഗൈത്
ഹസന്‍ അല്‍ സആബി

അബുദാബി: വിപുലവും വൈവിധ്യവുമായ പദ്ധതികളുമായി മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ട്രാഫിക് ബോധവത്കരണ കാമ്പയിന്‍ ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു. ഈ വര്‍ഷത്തെ ആദ്യത്തെ കാമ്പയിന്‍ രാജ്യവ്യാപകമായിട്ടാണ് നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ ട്രാഫിക് കോഡിനേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗൈത് ഹസന്‍ അല്‍ സആബി അറിയിച്ചു.
ഈ മാസം ആദ്യം മുതല്‍ തുടങ്ങിയ കാമ്പയിന്‍ മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും. സമൂഹത്തിലെ മുഴുവനാളുകളിലും ബോധവത്കരണം നടത്തുമെങ്കിലും ഡ്രൈവര്‍മാരെയാണ് മുഖ്യമായും ലക്ഷ്യംവെക്കുന്നതെന്ന് അല്‍ സആബി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സുരക്ഷ ഉറപ്പാക്കുകയെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണ് വിപുലമായ ഈ ബോധവത്കരണ കാമ്പയിന്‍. ‘നിരത്തിന്റെ അവകാശം വകവെക്കുക’ എന്നതാണ് കാമ്പയിന്‍ പ്രമേയം. തനിക്കുമാത്രമല്ല, എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് നിരത്ത് എന്ന സന്ദേശം ഓരോ ഡ്രൈവര്‍മാരിലേക്കുമെത്തിക്കുകയെന്നാണ് കാമ്പയിന്‍ ലക്ഷ്യം വെക്കുന്നത്. അല്‍ സആബി വിശദീകരിച്ചു.
രാജ്യത്തെ മുഴുവന്‍ ട്രാഫിക് സംവിധാനങ്ങള്‍ക്കുപുറമെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, വാട്‌സ് ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയകളെയും മറ്റു വിവിധ മാധ്യമങ്ങള്‍ എന്നിവയെ കാമ്പയിന്‍ സന്ദേശം പരമാവധി ആളുകളിലെത്തിക്കാന്‍ ഉപയോഗപ്പെടുത്തും. ഇതിനു പുറമെ ബോധവത്കരണ സന്ദേശമടങ്ങിയ ബുക്‌ലെറ്റുകളും ബ്രോഷറുകളും വ്യാപകമായി വിതരണം ചെയ്യും. പൊതുജനങ്ങള്‍ തടിച്ചുകൂടുന്ന ക്ലബ്ബുകള്‍, ഷോപിംഗ് സെന്ററുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ബോധവത്കരണവുമായി പ്രത്യക്ഷപ്പെടും.