റോഡ് നവീകരണം പാതി വഴിയില്‍ ഉപേക്ഷിച്ചു; പ്രതിഷേധം വ്യാപകം

Posted on: January 12, 2016 11:15 am | Last updated: January 12, 2016 at 11:15 am

വളാഞ്ചേരി: ആതവനാട് അമ്പലപ്പറമ്പ്-പട്ടര്‍നടക്കാവ് റോഡ് നവീകരണം പാതി വഴിയില്‍ ഉപേക്ഷിച്ചതില്‍ വ്യാപക പ്രതിഷേധം. കഞ്ഞിപ്പുര മുതല്‍ പട്ടര്‍നടക്കവ് വരെയുള്ള റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഇതുവഴി വാഹനം ഒടിക്കുന്നതിനോ കാല്‍നടക്കോ കഴിയാതെ പ്രയാസപ്പെടകയാണ് നാട്ടുകാര്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആതവനാട്ടിലെ കഞ്ഞിപ്പുര-പട്ടര്‍നടക്കാവ് റോഡ് പണികഴിഞ്ഞത്. എന്നാല്‍ മൂന്ന് വര്‍ഷത്തോളമായി തകര്‍ന്ന് കിടക്കുകയായിരുന്നു ഈ റോഡ്.
ഏറെ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ ഈയടുത്താണ് നവീകരണം തുടങ്ങിയത്. മാസങ്ങള്‍ക്കു മുമ്പ് റോഡില്‍ വലിയ മെറ്റല്‍ പതിച്ച് പൊടി വിതറുകയല്ലാതെ വേറെ പണിയൊന്നും നടന്നില്ല. ഇതോടെ ഇവിടെയുള്ള പൊടി കാരണം പ്രദേശത്തെ വീട്ടുകാരും നാട്ടുകാരും ഏറെ പ്രയാസപ്പെടുകയാണ്.
റോഡ് പണി പാതിവഴിയില്‍ ഉപേക്ഷിച്ചതില്‍ പ്രതിഷേധിച്ച് ആതവനാടിലെ വിവിധ സംഘടനകളും രാഷ്ടീയ പാര്‍ട്ടികളും പ്രക്ഷോഭത്തിനൊരുങ്ങകയാണ്.