Connect with us

National

ജമ്മു കാശ്മീര്‍ ഭരണ മുന്നണി: തീരുമാനം പി ഡി പിക്ക് വിട്ട് ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മരണമുണ്ടാക്കിയ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കെ, ജമ്മു കാശ്മീരില്‍ പി ഡി പിയുമായുള്ള ഭരണമുന്നണി സംവിധാനം തുടരാന്‍ മുന്നോട്ടുവെച്ച നിബന്ധനകളില്‍ നിന്ന് ബി ജെ പി പിന്മാറുന്നു. ഊഴം വെച്ചുള്ള മുഖ്യമന്ത്രി പദം, ഉപമുഖ്യമന്ത്രി സ്ഥാനം എന്നീ ആവശ്യങ്ങള്‍ ബി ജെ പി മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതിനിടെ, കോണ്‍ഗ്രസും രാഷ്ട്രീയ നീക്കങ്ങളുമായെത്തിയതോടെയാണ് നിലവിലുള്ള ഭരണമുന്നണി സംവിധാനം തന്നെ തുടരുമെന്ന നിലപാടിലേക്ക് ബി ജെ പി എത്തിയിരിക്കുന്നത്. എല്ലാം പി ഡി പി തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ച് ചര്‍ച്ചകളില്‍ നിന്ന് മാറിനില്‍ക്കുന്ന തന്ത്രമാണ് അവര്‍ പയറ്റുന്നത്. മുന്നണി സംവിധാനം നിലനിര്‍ത്താന്‍ ഭരണകക്ഷികളായ പി ഡി പിയും ബി ജെ പിയും പുതിയ നിബന്ധനകള്‍ പരസ്പരം മുന്നോട്ടുവെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് ബി ജെ പി ജനറല്‍ സെക്രട്ടറി രാം മാധവ് രംഗത്തെത്തി. പിതാവും മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സഈദിന്റെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിലാണ് മെഹ്ബൂബയെന്നും അവരുമായി ഇതുവരെ യാതൊരുവിധ രാഷ്ട്രീയ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും രാം മാധവ് വ്യക്തമാക്കി. നിലവിലുള്ള അനിശ്ചിതത്വത്തിന് മറുപടി പറയേണ്ടത് പി ഡി പിയാണ്. ആരായിരിക്കണം നിയമസഭാ കക്ഷി നേതാവെന്ന് പി ഡി പി ഉടന്‍ തീരുമാനിച്ച് അനിശ്ചിതത്വം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മന്ത്രിസഭയുടെ അധികാര കൈമാറ്റം സുഗമമാകുമെന്ന് കരുതുന്നു. പി ഡി പി എന്താണ് ചിന്തിക്കുന്നതെന്ന് അറിയാന്‍ ബി ജെ പിക്ക് ആഗ്രഹമുണ്ടെന്നും രാം മാധവ് പറഞ്ഞു. സംസ്ഥാനത്തിന്റെ സമഗ്ര വികസനം എന്ന കാഴ്ചപ്പാടിലൂന്നിയാണ് മാസങ്ങള്‍ക്ക് മുമ്പ് പി ഡി പിയുമായി ചേര്‍ന്ന് ബി ജെ പി മുന്നണിയുണ്ടാക്കിയത്. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ആ മുന്നണിയും കാഴ്ചപ്പാടും മുന്നോട്ടുപോകണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും രാം മാധവ് വ്യക്തമാക്കി.

മെഹ്ബൂബ മുഫ്തിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സന്ദര്‍ശിച്ച സംഭവത്തോടും, പി ഡി പി- ബി ജെ പി മുന്നണിക്കുവേണ്ടി പ്രധാന പങ്കുവഹിച്ച രാം മാധവ് പ്രതികരിച്ചു. അവര്‍ തമ്മില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് തനിക്കറിയില്ലെന്നും പിതാവിന്റെ മരണത്തില്‍ അനുശോചനമറിയിക്കാനാകും മെഹ്ബൂബയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സന്ദര്‍ശിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

---- facebook comment plugin here -----

Latest