ജര്‍മനിയില്‍ മെയിന്‍ കാഫിന്റെ പുതിയ പതിപ്പിന് വന്‍ ഡിമാന്റ്

Posted on: January 12, 2016 4:39 am | Last updated: January 12, 2016 at 10:40 am

Mein+Kampfബെര്‍ലിന്‍: അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജീവചരിത്രമായ മെയിന്‍കാഫിന്റെ പരിഷ്‌കരിച്ച പതിപ്പിന് ജര്‍മനിയില്‍ വന്‍ ഡിമാന്റ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഒരു പുസ്തകത്തിന് പതിനായിരം രൂപ വരെ ലഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുസ്തകം വില്‍പ്പനക്ക് വെച്ചത്. രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാന കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച ഒന്നാം പതിപ്പിന് ശേഷം ആദ്യമായാണ് ഈ പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്നത്. ഏകാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ 1923ല്‍ തന്റെ ജയില്‍ വാസത്തിനിടെയാണ് പുസ്തകം രചിച്ചത്.

ഈ പുസ്തകം ജൂത സമൂഹത്തിനിടയില്‍ വിവേചനം സൃഷ്ടിക്കുന്നുവെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 59 യൂറോ മുഖവിലയുള്ള രണ്ടാം പതിപ്പ് നാലായിരം കോപ്പിയാണ് അച്ചടിച്ചത്. എന്നാല്‍ ഓര്‍ഡറുകള്‍ 15000ത്തിലധികം കടന്നു. ബെര്‍ലിനിലെ ഏറ്റവും വലിയ ബുക്ക്സ്റ്റാളായ ദസ്മാന്‍ ബുക്ക് സ്റ്റാളില്‍ പുസ്തകം വില്‍പ്പനക്ക് വെച്ച് നിമിഷങ്ങള്‍ക്കം വിറ്റുതീര്‍ന്നു. 20 കോപ്പികളാണ് വില്‍പ്പനക്ക് വെച്ചത്. എന്നാല്‍ 50ലധികം ഓര്‍ഡറുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹിറ്റ്‌ലറുടെ മരണത്തിന് ശേഷം പുസ്തകത്തിന്റെ പകര്‍പ്പവകാശം എഴുപത് വര്‍ഷത്തിന് ജര്‍മനിയിലെ ബവറിയ സംസ്ഥാനത്തിന് നിക്ഷിപ്തമായിരുന്നു. എന്നാല്‍ ഇതിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്നതിനുള്ള നിരോധം നീക്കുകയായിരുന്നു. ഇതോടെയാണ് പുസ്തകം പുനഃപ്രസിദ്ധീകരിക്കാന്‍ വഴിയൊരുങ്ങിയത്. 1948 പേജുള്ള പുതിയ എഡിഷന്‍ മെയിന്‍ കാഫ് എ ക്രിട്ടിക്കല്‍ എഡിഷന്‍ എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്.