Connect with us

National

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച് കൂടെയെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ഭരണഘടനക്ക് അനുസൃതമായല്ലാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് നിരോധമേര്‍പ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അസോസിയേഷന്‍ ഹരജി നല്‍കിയിരുന്നത്. അത് വീണ്ടും പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
ക്ഷേത്രങ്ങളും മഠങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ക്ഷേത്രം ഒരു പൊതുസ്ഥാപനമാണ്. ഇവിടങ്ങളില്‍ മതാടിസ്ഥാനത്തില്‍ നിയന്ത്രണമാകാം. എന്നാല്‍, ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ ക്ഷേത്രങ്ങളില്‍ നിരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യത്തില്‍ ഭരണഘടനാപരമായ വാദമാകാമെന്നും വ്യക്തമാക്കി.

1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം ഉണ്ടായിരുന്നില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. അതിനുള്ള തെളിവുകളൊന്നും ലഭ്യമല്ല. സ്ത്രീകള്‍ക്ക് വേദങ്ങള്‍ വായിക്കാന്‍ പാടില്ലെന്ന് ഒരിക്കല്‍ താന്‍ എവിടെയോ വായിച്ചിരുന്നു. അതില്‍ എന്ത് ന്യായമാണുള്ളതെന്ന് മനസ്സിലാകുന്നില്ലെന്നും മിശ്ര പറഞ്ഞു.

അതേസമയം, നിയമപരമായി തന്നെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. ശബരിമലയില്‍ ക്ഷേത്രം മാത്രമല്ല, വാവരുടെ മുസ്‌ലിം പള്ളിയുമുണ്ട്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശമില്ല. 41 ദിവസം വ്രതം അനുഷ്ഠിച്ചാണ് ഭക്തര്‍ ശബരിമലയില്‍ എത്തുന്നത്. അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കോടതി അനുമതി നല്‍കുകയായിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് യു ഡി എഫ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നതിനെ ഹരജിക്കാരന്‍ എതിര്‍ത്തു. പുതിയ സത്യവാങ്മൂലം സര്‍ക്കാര്‍ അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും. അയ്യപ്പ ഭക്തരുടെ സംഘടനക്കും കേസില്‍ കക്ഷി ചേരാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വാദം കേള്‍ക്കുന്നതിന് കേസ് അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും.

Latest