പുളിഞ്ഞാല്‍-നെല്ലിക്കച്ചാല്‍ വെള്ളച്ചാട്ടം: ടൂറിസം സാധ്യതാ പഠനം തുടങ്ങി

Posted on: January 11, 2016 12:55 pm | Last updated: January 11, 2016 at 12:55 pm
SHARE

കല്‍പ്പറ്റ: വെള്ളമുണ്ട പഞ്ചായത്തിലെ പ്രകൃതി സൗന്ദര്യ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ടൂറിസം വളര്‍ച്ചക്കുള്ള സാധ്യതാ പഠനം തുടങ്ങി. മണ്ണ്, വായു, ജലം പ്രകൃതി തുടങ്ങിയവ പൂര്‍ണമായും സംരക്ഷിക്കുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് ചര്‍ച്ച ചെയ്യുന്നത്. വീര പഴശ്ശിയുടെയും സംഘത്തിന്റെയും ഒളിത്താവളമായ ബാണാസുര ഗുഹ, നെല്ലിക്കച്ചാല്‍ (മീന്‍മുട്ടി) വെള്ളച്ചാട്ടം, ചിറപ്പുല്ല ്ട്രക്കിങ്, പുളിഞ്ഞാല്‍ വ്യൂ പോയിന്റ് എന്നിവ കോര്‍ത്തിണക്കുന്ന പദ്ധതിയാണ് പ്രഥമ ഘട്ടത്തില്‍ പരിഗണിക്കുന്നത്. വെള്ളമുണ്ട പഞ്ചായത്തിലെ 21ാം വാര്‍ഡിലാണ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പുളിഞ്ഞാല്‍, നെല്ലിക്കച്ചാല്‍ മലയോരം സ്ഥിതിചെയ്യുന്നത്.ചിറപ്പുല്ല് പ്രദേശത്ത് വനം വകുപ്പിന്റെ അനുമതിയോടെ ഏഴ് കിലോ മീറ്റര്‍ നിലവില്‍ ട്രക്കിംഗ് അനുമതി നകുന്നുണ്ട്്. കാട്ടുപോത്ത്, ആന, മാന്‍, മയില്‍, മലയണ്ണാന്‍ തുടങ്ങിയവരെ നേരിട്ട് കാണാനായി നിരവധി ടൂറിസ്റ്റുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നു.
സഞ്ചാരികളെ സ്‌നേഹിക്കുന്ന തരത്തിലാണ് മലയോരം സ്ഥിതി ചെയ്യുന്നത്. വിവിധങ്ങളായ മത്സരങ്ങള്‍, ഔഷധ മൂല്യമുള്ള ചെടികള്‍, പ്രകൃതി സൗന്ദര്യം ഇവയെല്ലാം പഠനക്കാരെയും സഞ്ചാരികയെും ആകര്‍ഷിക്കുന്നു.
പ്രകൃതി പൂര്‍ണമായും സംരക്ഷിക്കുന്നതോടൊപ്പം ടൂറിസം വളര്‍ച്ചയും ലക്ഷ്യമിട്ടാണ് സഞ്ചാരികളെ സ്വീകരിക്കാന്‍ വെള്ളമുണ്ട പഞ്ചായത്ത് തയാറാവുന്നത്. ജനപ്രതിനിധികള്‍, പ്രകൃതി സ്‌നേഹികള്‍, ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ അടങ്ങിയ 13 അംഗ സംഘം പ്രദേശം സന്ദര്‍ശിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി കെ അസ്മത്ത്, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ്, വാര്‍ഡ് മെംബര്‍ എം സി ഇബ്രാഹിം, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി പി മുഹമ്മദ്, സി പി മൊയ്തു ഹാജി, കെ എം അബ്ദുല്ല, കേളോത്ത് അബ്ദുല്ല, അബ്ദുല്ല ദാരിമി, പടയന്‍ മമ്മുട്ടി, കമ്പ ആലി, ജോസഫ്്്് (പാപ്പച്ചന്‍), റെജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാനാവശ്യമായ പ്രകൃതിസംരക്ഷണം ഉറപ്പാക്കി തൂക്കുപാം നിര്‍മിക്കാനും പദ്ധതിയുണ്ട്്. വഴിയോരങ്ങളില്‍ പൂമരം വെച്ചുപിടിപ്പിക്കുന്നതോടൊപ്പം പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കാനും പദ്ധതിയുണ്ട്്. പുളിഞ്ഞാല്‍-ചിറപ്പുല്ല് പദ്ധതി പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമാവുന്നതോടെ വികസനത്തോടൊപ്പം തൊഴില്‍ സാധ്യതയും ഏറെയുണ്ട്. വെള്ളമുണ്ട പഞ്ചായത്തിനെ ടൂറിസ്റ്റ് ഭൂപടത്തില്‍ ഉന്നത സ്ഥാനം ഉറപ്പാക്കുന്ന പദ്ധതികള്‍ക്കാണ് ഇതോടെ തുടക്കം കുറിക്കുന്നത്.