കുടിവെള്ളത്തിനായി ചെലവഴിച്ചത് കോടികള്‍: ഉപകാര പ്രദമല്ലാതെ 500ഓളം കുഴല്‍ക്കിണറുകള്‍

Posted on: January 11, 2016 12:51 pm | Last updated: January 11, 2016 at 12:51 pm
SHARE

പുല്‍പ്പള്ളി: വേനലും വരള്‍ച്ചയും വര്‍ധിക്കുമ്പോഴും പുല്‍പ്പള്ളിയില്‍ പാഴായികിടക്കുന്നത് 500-ല്‍ അധികം കുഴല്‍ കിണറുകള്‍. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ 38 വാര്‍ഡുകളിലായിട്ടാണ് ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനായി കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച 500-ല്‍ അധികം കുഴല്‍ കിണറുകള്‍ കേടായി നശിക്കുന്നത്. സര്‍ക്കാരിന്റേയും ത്രിതല പഞ്ചായത്തുകളുടേയും വിവിധ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച കുഴല്‍ കിണറുകളാണ്, പലയിടങ്ങളിലും കേടായികിടക്കുന്നത്. അതിനുപുറമെ, എംഎല്‍എ, എംപി ഫണ്ട് ഉപയോഗിച്ചും കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിലൂടേയും ഫണ്ട് കണ്ടെത്തി ഉണ്ടാക്കിയ കുഴല്‍ കിണറുകളും അക്കൂട്ടത്തിലുണ്ട്. കാര്യക്ഷമമായി ഉപയോഗിക്കാമെങ്കിലും 40 മുതല്‍ 50 വര്‍ഷം വരെ ഒരു കുഴല്‍ കിണര്‍ നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുമെങ്കിലും ഈ മേഖലയില്‍ കേടായികിടക്കുന്ന കിണറുകളെല്ലാം കഴിഞ്ഞഅഞ്ചോ എട്ടോ വര്‍ഷത്തിനുള്ളില്‍ ഉണ്ടാക്കിയവയാണ്. ബഹുഭൂരിപക്ഷവും നിസാരകാരണങ്ങള്‍കൊണ്ട് കേടായവയാണ്. ത്രിതല പഞ്ചായത്തിലൂടേയും മറ്റും നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്ക് എല്ലായിടത്തും ഗുണഭോക്തൃ കമ്മറ്റികളുള്ളതാണ്. എന്നാല്‍ കേടായകുഴല്‍ കിണറുകള്‍ നന്നാക്കുന്നതിനായി ഒരിടത്ത്‌പോലും ഗുണഭോക്തൃ കമ്മറ്റികള്‍ യോഗം ചേരുകയോ തകരാര്‍ പരിഹരിക്കുകയോ ചെയ്തിട്ടില്ല. കേടായ കിണറുകള്‍ നന്നാക്കിയെടുക്കുവാന്‍ ഗൃണഭോക്തൃ കമ്മറ്റികളോ അവ നന്നാക്കി നാട്ടുകാര്‍ക്ക് വെള്ളം ലഭ്യമാക്കുവാന്‍ വാട്ടര്‍ അതോറിറ്റി അധികൃതരോ ശ്രമിക്കുന്നില്ല. ഹാന്റില്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം കോരി എടുക്കണമെന്നതിനാല്‍ കുറച്ചുകാലമായി കുഴല്‍കിണര്‍ വേണമെന്ന ആവശ്യത്തിന് പ്രസക്തി കുറഞ്ഞിരിക്കുകയാണ്. അതിനാല്‍ തന്നെ കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങളായി പുല്‍പ്പള്ളി മേഖലയില്‍ കുഴല്‍ കിണറുകള്‍ കുഴിക്കുന്നത് കുറഞ്ഞിട്ടുമുണ്ട്.