ചീയമ്പം ഗ്രാമം കുരങ്ങുപനി ഭീതിയില്‍

Posted on: January 11, 2016 12:49 pm | Last updated: January 11, 2016 at 12:49 pm
SHARE

കല്‍പ്പറ്റ: വൈറോളജി ലാബിന്റെ പ്രവര്‍ത്തനം ഇനിയും ആരംഭിച്ചിട്ടില്ല.കുരങ്ങുപനി വ്യാപകമായപ്പോള്‍ ബത്തേരിയില്‍ വൈറോളജി ലാബ് സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കുരങ്ങുപനി മൂലം 11 പേര്‍ മരിച്ച ചീയമ്പം ഗ്രാമത്തിലും വനാതിര്‍ത്തിയിലും ഫലപ്രദമായ തരത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താത്തത് ഗ്രാമവാസികളെ ഭീതിയിലാക്കുന്നു. കുരങ്ങുപനിക്ക് കാരണമായ ചെള്ളുകള്‍ വനത്തിലെ കരിയിലകള്‍ക്കിടയില്‍ വര്‍ഷങ്ങളോളം ജീവിച്ചിരിക്കുമെന്നതിനാലാണ് മതിയായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ ഗ്രാമവാസികള്‍ ആശങ്കയിലായിരിക്കുന്നത്.
മാരക രോഗമായ കുരങ്ങുപനി വരാതിരിക്കുവാന്‍ രോഗത്തിന് കാരണമായ ചെള്ളുകളെ നശിപ്പിക്കുകയും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയുമാണ് ചെയ്യേണ്ടത്. വനത്തിലെ പൊടിപടലങ്ങളില്‍ നിന്നും കരിയിലകളില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് ചെള്ളുകള്‍ പ്രവേശിക്കുന്നതിന് പുറമെ വനത്തില്‍ മേയാല്‍ പോകുന്ന കന്നുകാലികളില്‍ നിന്നും ചെള്ളുകള്‍ മനുഷ്യരിലേക്ക് കടക്കുവാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാല് മാസത്തിനുള്ളില്‍ വണ്ടിക്കടവ്, ദേവര്‍ഗദ്ദ, ചീയമ്പം, എഴുപത്തിമൂന്ന് കോളനി, ഇരുളം, മാതമംഗലം, കാര്യമ്പാതി എന്നിവിടങ്ങളിലെ വനാതിര്‍ത്തികളില്‍ 150-ല്‍ അധികം കുരങ്ങുകളെരോഗം ബാധിച്ച് ചത്തനിലയില്‍ കണ്ടെത്തിയത്.
250 ഏക്കര്‍ വിസ്തൃതിയുള്ള ചീയമ്പം എഴുപത്തിമൂന്ന് കാപ്പിക്കോളനിയില്‍ 200-ഓളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അതിനാല്‍ ഇനി ഏത് നിമിഷവും ചെള്ളുകള്‍ വ്യാപിക്കുവാനും രോഗം പടര്‍ന്നുപിടിക്കുവാനും സാധ്യതയുണ്ട്.
കഴിഞ്ഞ വര്‍ഷം രോഗം സ്ഥിരീകരിച്ചതിനുശേഷം നിരവധിപ്പേര്‍ക്ക് പ്രതിരോധ വാക്‌സിനുകള്‍ നല്‍കിയിരുന്നു. പ്രതിരോധമരുന്ന് മൂന്നുവര്‍ഷം തുടര്‍ച്ചയായി എടുത്താല്‍ മാത്രമേ ഒരു കോഴ്‌സ് പൂര്‍ത്തിയാകുകയുള്ളൂ. ഗര്‍ഭിണികള്‍ക്കും മറ്റെന്തെങ്കിലും രോഗമുള്ളവര്‍ക്കും പ്രതിരോധമരുന്നുകള്‍ നല്‍കിയിട്ടില്ല. അതിന് പുറമെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഇനിയും പ്രതിരോധ മരുന്നുകള്‍ നല്‍കുവാനുണ്ട്. രോഗം സ്ഥിരീകരിച്ച് ആരെങ്കിലും മരിക്കുമ്പോള്‍ മാത്രം എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതല്ലാതെ വ്യക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും ഇനിയും നടത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here