കോഴിക്കോട്: ജനതാദള്‍ യുവില്‍ മുന്നണിമാറ്റത്തെ ചൊല്ലി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനിടെ പാര്‍ട്ടി യു ഡി എഫ് വിടരുതെന്ന അഭിപ്രായക്കാരനായ കൃഷി മന്ത്രി കെ പി മോഹനന്‍ വടകരയില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനുമായി കൂടിക്കാഴ്ച നടത്തി. ജനരക്ഷായാത്രയുമായി വടകരയിലെത്തിയ സുധീരനുമായി റസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. 15 മിനുട്ട് നീണ്ട കൂടിക്കാഴ്ചയില്‍ ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും ഉണ്ടായിരുന്നു. കെ പി മോഹനന്‍ സുധീരനുമായുള്ള കൂടിക്കാഴ്ചയിലും മുന്നണി മാറ്റം സംബന്ധിച്ച നിലപാട് ആവര്‍ത്തിച്ചതായാണ് വിവരം. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാറും കൂട്ടരും എല്‍ ഡി എഫിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ മോഹനന്റെ നിലപാട് നിര്‍ണായകമാണ്. കഴിഞ്ഞദ ിവസം കോഴിക്കോട് നടന്ന പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഇതേ ചൊല്ലി മോഹനന്‍ അനുകൂലികളും വീരേന്ദ്രകമാര്‍ അനുകൂലികളും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായിരുന്നു. ഒടുവില്‍ വ്യക്തമായ തീരുമാനം എടുക്കാതെ യോഗം പിരിയികുകയായിരുന്നു. സി പി എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നാണ് മന്ത്രി മോഹനന്‍ പറയുന്നത്.