Connect with us

Kozhikode

പന്നിയങ്കര മേല്‍പ്പാലം മാര്‍ച്ചില്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും

Published

|

Last Updated

കോഴിക്കോട്: നിര്‍മാണം പുരോഗമിക്കുന്ന പന്നിയങ്കര മേല്‍പ്പാലം മാര്‍ച്ചില്‍ തുറന്ന് കൊടുക്കുമെന്ന് സ്ഥലം എം എല്‍ എയും പഞ്ചായത്ത്,സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.എം കെ മുനീര്‍ അറിയിച്ചു. മാര്‍ച്ചോടെ ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തീകരിച്ച് കല്ലായി മുതല്‍ ചക്കുംകടവ് വരെയുള്ള ഭാഗം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച മന്ത്രി പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തി.

നിര്‍മാണപ്രവൃത്തി വേഗത്തിലാക്കാന്‍ ഡി.എം.ആര്‍.സി അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മേല്‍പ്പാലം മുതല്‍ പന്നിയങ്കര ജങ്ഷന്‍ വരെയുള്ള രണ്ടാംഘട്ടം അടുത്ത ആറുമാസത്തിനകം പൂര്‍ത്തിയാക്കും. ഇവിടെ സ്ഥലമെടുപ്പ് നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. ഡി എം ആര്‍ സി സൂപ്രണ്ടിങ് എഞ്ചിനീയര്‍ വേണുഗോപാല്‍ പ്രവൃത്തി പുരോഗതി വിശദീകരിച്ചു. കല്ലായി റോഡില്‍ 500മീറ്ററും റെയില്‍പാതക്ക് കുറുകെ പയ്യാനക്കല്‍ഭാഗത്ത് 300മീറ്ററിലുമാണ് പന്നിയങ്കരമേല്‍പ്പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ സ്ലാബിടല്‍ പ്രവൃത്തിയും കൈവരി നിര്‍മാണവും ഇതിനോടകം പൂര്‍ത്തിയായി. ദേശീയപാതയുടെ ഇരുവശത്തേക്കും നീണ്ടുനില്‍ക്കുന്ന “ടി” ആകൃതിയിലാണ് പാലം നിര്‍മിക്കുന്നത്.
ഡല്‍ഹി മെട്രോ റെയില്‍വേ കോര്‍പറേഷനാണ് ജോലിക്ക് മേല്‍നോട്ടം വഹിക്കുന്നത്. പാലത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഉടന്‍ താഴെ ഇരുവശങ്ങളിലുമായി റോഡുകള്‍, ഓവുചാല്‍, ഇലക്ട്രിക്കല്‍ ജോലികള്‍ ആരംഭിക്കും. മോണോറെയില്‍ പദ്ധതിയുടെ ഭാഗമായാണ് പന്നിയങ്കര മേല്‍പ്പാലം നിര്‍മാണം ഡി.എം.ആര്‍.സി ഏറ്റെടുത്തത്. ഡി.എം.ആര്‍.സിയാണ് രൂപരേഖ തയാറാക്കിയത്.
മന്ത്രി ഡോ. എം കെ മുനീറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഡി എം ആര്‍ സി പദ്ധതി ഏറ്റെടുത്തത്. 33.9 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കെ യു ആര്‍ ഡി എഫ് സി ചെയര്‍മാന്‍ കെ മൊയ്തീന്‍ കോയ, കൗണ്‍സിലര്‍മാരായ സി അബ്ദുറഹിമാന്‍, നിര്‍മ്മല, അനിത, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ മന്ത്രിയെ അനുഗമിച്ചു.

Latest