ഒരൊറ്റ ശബ്ദത്തില്‍ മുഴങ്ങിയത് മൗലിദിനെതിരെ വാളോങ്ങുന്നവര്‍ക്കുള്ള കനത്ത താക്കീത്

Posted on: January 11, 2016 12:22 pm | Last updated: January 11, 2016 at 12:22 pm

milad kkdകോഴിക്കോട്:ഭാഷ-ദേശാന്തരങ്ങള്‍ക്കപ്പുറം പ്രവാചക പ്രേമത്തിന്റെ അലകടല്‍ അറബിക്കടലോരത്ത് ഒരൊറ്റ ശബ്ദത്തില്‍ മുഴങ്ങിയത് മൗലിദിനും മറ്റ് നബികീര്‍ത്തനങ്ങള്‍ക്കുമെതിരെ വാളോങ്ങുന്നവര്‍ക്ക് കനത്ത താക്കീതായി മാറി.
ഇന്നലെ കോഴിക്കോട്ട് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനാറോളം രാജ്യങ്ങളിലെ പ്രതിനിധികളാണ് ഗദ്യമായും പദ്യമായും പ്രവാചകപ്രേമം പ്രകടിപ്പിച്ച് ഒരു സന്ധ്യ കഴിച്ചു കൂട്ടിയത്. പ്രവാചക കീര്‍ത്തന സദസ്സുകള്‍ കേരളത്തില്‍ മാത്രമേയുള്ളൂവെന്ന പുത്തന്‍വാദികളുടെ പ്രചാരണത്തിനാണ് ഇതോടെ മുനയൊടിക്കപ്പെട്ടത്.
മലേഷ്യന്‍ കുട്ടികളുടെ ഇമ്പമാര്‍ന്ന പ്രകീര്‍ത്തന ഗാനത്തോടെയാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് അരങ്ങുണര്‍ന്നത്. തുടര്‍ന്ന് മഗ്‌രിബ് നിസ്‌കാര ശേഷം ടുണീഷ്യ, സോമാലിയ, ലബനാന്‍, ജോര്‍ദാന്‍, ഇംഗ്ലണ്ട്, തുര്‍ക്കി, യമന്‍, യു എ ഇ രാഷ്ട്രങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലേയും പണ്ഡിതരുടെ പ്രവാചക പ്രകീര്‍ത്തന വേദിക്കായിരുന്നു സദസ്സ് സാക്ഷ്യം വഹിച്ചത്. പ്രകീര്‍ത്തനത്തിന് അവസാനം കുറിച്ചുകൊണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച മൗലിദ് , സദസ്സും വേദിയും ഒന്നിച്ചുരുവിട്ടപ്പോള്‍ അത് കോഴിക്കോടന്‍ കടപ്പുറത്തിന് മറ്റൊരനുഭവമായി.
നബിതങ്ങളുടെ വിനയാന്വിതമായ സ്വഭാവം കൈമുതലാക്കിയാണ് മുസ്‌ലിംകള്‍ പ്രബോധന രംഗത്തേക്കിറങ്ങേണ്ടതെന്ന് സയ്യിദ് ഹബീബ് അലി ജിഫ്‌രി യമന്‍ പറഞ്ഞു. നബിയുടെ മഹത്തായ ആ സ്വഭാവത്തിന് ലോകത്തിനെ തന്നെ കീഴടക്കാന്‍ സാധിച്ചുവെന്നത് നാം ഓരോരുത്തരും മനസ്സിലാക്കേണ്ട വസ്തുതയാണ്-അദ്ദേഹം പറഞ്ഞു.
അന്ത്യ നിമിഷത്തില്‍ പോലും തന്റെ സമൂഹത്തെ ഓര്‍ക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്ത പ്രവാചകന് നമ്മോട് സ്‌നേഹം മാത്രമേയുള്ളൂവെന്നും ആ സ്‌നേഹം തിരിച്ചുകൊടുക്കുന്നതിലൂടെയാണ് ആ മഹത്തായ ബന്ധം നമ്മള്‍ നിലനിര്‍ത്തേണ്ടതെന്ന് ബ്രിട്ടനില്‍ നിന്നെത്തിയ അഹ്മദ് സഅ്ദ് അല്‍ അസ്ഹരി പറഞ്ഞു.
മുഹമ്മദ് നബി(സ)യുടെ പ്രകാശം ആദം നബി(അ) വഴിയാണെന്നിരിക്കെ ആദം നബിയുടെ ആഗമനം കൊണ്ട് അനുഗ്രഹീതമായ ഇന്ത്യക്കാര്‍ ഭാഗ്യവാന്‍മാരാണെന്നായിരുന്നു ടുണീഷ്യയിലെ ഡോ. മുഹമ്മദ് ഇഷ്തവി പറഞ്ഞത്.
മൗലിദാഘോഷത്തിനെതിരെയുള്ള ജല്‍പനങ്ങള്‍ ലോകം തള്ളിക്കളഞ്ഞുവെന്നതിന്റെ തെളിവാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനമെന്ന കാന്തപുരം ഉസ്താദിന്റെ പ്രസ്താവനയെ സദസ്സ് തക്ബീര്‍ ധ്വനികളോടെയാണ് വരവേറ്റത്. ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, ഫിജി തുടങ്ങിയ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഒട്ടനവധി മൗലിദ് സദസ്സുകളില്‍ തനിക്ക് സംബന്ധിക്കാനായെന്ന് കാന്തപുരം പറഞ്ഞു. നബി തങ്ങള്‍ പറഞ്ഞുതന്ന സ്‌നേഹ സന്ദേശം വഴിയാണ് ശത്രുക്കളെ നാം കീഴടക്കേണ്ടത്. ഭീകരവാദവും തീവ്രവാദവുമൊന്നും നബിചര്യയല്ലെന്ന് അദ്ദേഹം പറഞ്ഞു.