കണ്ണൂര്‍- തിരുവനന്തപുരം അതിവേഗ റെയില്‍പ്പാത: പ്രോജക്ട് റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം

Posted on: January 11, 2016 8:34 am | Last updated: January 11, 2016 at 2:05 pm
SHARE

25KI-SURVEY_1155724fകണ്ണൂര്‍: കണ്ണൂര്‍- തിരുവനന്തപുരംഅതിവേഗ റെയില്‍ ഇടനാഴിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സംസ്ഥാന സര്‍ക്കാറിന് ലഭിച്ചേക്കും. അതിവേഗ റെയില്‍ പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഡി എം ആര്‍ സി നടത്തിയ സര്‍വേ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് ഫെബ്രുവരിയോടെ സര്‍ക്കാറിന് മുമ്പിലെത്തുക. പ്രൊജക്ട് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അവസാന തീരുമാനം കൈക്കൊള്ളാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പ്രഖ്യാപിച്ച റെയില്‍ ഇടനാഴി പദ്ധതികളില്‍ ആദ്യം പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത് തിരുവനന്തപുരം- കണ്ണൂര്‍ പാതയാണ്. അതിവേഗ റെയില്‍ പാതക്ക് 20 മീറ്റര്‍ വീതിയിലുള്ള സ്ഥലമേ ആവശ്യമുള്ളൂവെന്നാണ് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്.
ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ ടണലിലൂടെയും ബാക്കി സ്ഥലങ്ങളില്‍ തൂണുകളിലൂടെയും ജലാശയങ്ങള്‍ക്ക് മുകളില്‍ പാലങ്ങളിലൂടെയുമാണ് പാത പോകുക. 430 കിലോമീറ്റര്‍ 145 മിനുട്ട് കൊണ്ട് എത്തുന്ന വിധമാണ് പാതയിലെ ട്രെയിന്‍ ഓട്ടം. ഒരു ട്രെയിനില്‍ എട്ട് കോച്ചുകളുണ്ടാകും. 3.4 മീറ്റര്‍ വീതിയുള്ള എ സി കോച്ചുകളില്‍ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവ ഉണ്ടാകും. യാത്രക്കാരുടെ എണ്ണം 817. മണിക്കൂറില്‍ 350 കിലോമീറ്ററാണ് വേഗം. തിരുവനന്തപുരത്ത് നിന്ന് കൊച്ചി വരെ എത്താന്‍ 40 മിനുട്ട് മതി. കണ്ണൂര്‍ വരെയെത്താന്‍ 145 മിനുട്ടും. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയുള്ള ജപ്പാന്‍ നിര്‍മിത എന്‍ 700 ഇനം വണ്ടികളാണ് വിഭാവനം ചെയ്യുന്നത്. ഓരോ അര മണിക്കൂറും ഇടവിട്ട് ട്രെയിനുകള്‍ ഓടുന്നവിധമാകും സംവിധാനം.
മൊത്തം ഒമ്പത് സ്റ്റേഷനുകളാണുണ്ടാകുക. എട്ട് കോച്ചുകളില്‍ രണ്ട് ക്ലാസുകളിലായി 870 പേര്‍ക്ക് ഒരു ട്രെയിനില്‍ യാത്ര ചെയ്യാം. 525 കിലോമീറ്ററില്‍ 1.18 ലക്ഷം കോടി രൂപ ചെലവിലാണ് പദ്ധതി. സര്‍ക്കാര്‍ അനുമതി കിട്ടി മൂന്ന് കൊല്ലത്തിനകം പണി തുടങ്ങാനാകുമെന്നാണ് കരു തുന്നത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിവരെ ഒന്നാംഘട്ടം അഞ്ച് കൊല്ലം കൊണ്ടും കോഴിക്കോടുവരെ ആറ് കൊല്ലം കൊണ്ടും പൂര്‍ത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.