Connect with us

Kerala

പ്രവാസി കാര്യ വകുപ്പ് ഇല്ലാതാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം: വി എസ് ശിവകുമാര്‍

Published

|

Last Updated

തിരുവനന്തപുരം: പ്രവാസികാര്യ വകുപ്പിനെ വിദേശ കാര്യ വകുപ്പുമായി കൂട്ടിച്ചേര്‍ക്കാനുള്ള കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി വി എസ് ശിവകുമാര്‍. 14-ാമത് പ്രവാസി ദിനാഘോഷത്തിന്റെ ഭാഗമായി “”ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ കേരള വികസന സ്വപ്‌ന ചിറകുകള്‍”” സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി കാര്യ വകുപ്പിനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രതിഷേധം കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്താണ് പ്രവാസികളുടെ പ്രശ്‌നങ്ങളും ആവലാതികളും പരിഹരിക്കാന്‍ വകുപ്പ് ആരംഭിച്ചത്. വയലാര്‍ രവിയായിരുന്നു അതിന്റെ ചുമതലക്കാരന്‍. കേരളത്തിലും ഇതിന്റെ ചുവട് പിടിച്ച് പ്രവാസികാര്യ വകുപ്പ് ആരംഭിച്ചിരുന്നു.പ്രവാസികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രവാസി കാര്യ വകുപ്പ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇതിനെയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇല്ലായ്മ ചെയ്യുന്നത്. ഇത് പ്രവാസികളോട് ചെയ്യുന്ന അനീതിയാണ്. അതിനാല്‍ ഇക്കാര്യം പുനപരിശോധിക്കണം.
മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാം നിയമസഭയില്‍ നടത്തിയ കേരള വികസനത്തെ കുറിച്ചുള്ള പ്രസംഗത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തി വരുന്നത്. വിഴിഞ്ഞം തുറമുഖം, മെട്രോ റെയില്‍, സ്മാര്‍ട്ട് സിറ്റി തുടങ്ങി എല്ലാ മേഖലയിലും വികസനം കൊണ്ടുവരുന്നുണ്ട്. വന്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ തന്നെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്.
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ നിര്‍ണായക ശക്തികളാണ് പ്രവാസികള്‍. ഇവരില്‍ അഞ്ച് ശതമാനം മാത്രമാണ് സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നത്. മറ്റുള്ളവര്‍ കഷ്ടതയിലും ദുരിത്തിലുമാണ്. എന്നാല്‍ പോലും ഇവര്‍ സംസ്ഥാനത്തേക്ക് അയക്കുന്ന പണം സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സഹായകരമാണ്. സ്വന്തം ദുരിതങ്ങള്‍ക്കിടയിലും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാത്യകപരമാണ്. പ്രവാസികളുടെ പിന്തുണയോടെ ഇവര്‍ക്കായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി ഒ രാജഗോപാല്‍, മുന്‍ ഡി ജി പി ജേക്കബ് പൂന്നൂസ്, ദിനാഘോഷ സമിതി സെക്രട്ടറി പൂവച്ചല്‍ നാസര്‍, പ്രോഗാം കോര്‍ഡിനേറ്റര്‍ കടയ്ക്കല്‍ രമേഷ്, ജനറല്‍ കണ്‍വീനര്‍ പ്രവാസി ബന്ധു എസ് അഹമ്മദ്, വര്‍ക്കിംഗ് ചെയര്‍മാന്‍ കലാപ്രേമി ബഷീര്‍, നിംസ് മെഡിസിറ്റി എം ഡി. എം എസ് ഫൈസല്‍ഖാന്‍, ഡോ. കെ സി സി നായര്‍, ഡോ. ജയഗോപാല്‍, പൂവച്ചല്‍ സദാശിവന്‍ പ്രസംഗിച്ചു.

Latest