Connect with us

Kerala

രാജ്യത്തെ നീതിന്യായ സംവിധാനം ഇരകള്‍ക്കനുകൂലമായി പരിഷ്‌കരിക്കണം: ജസ്റ്റിസ് കമാല്‍ പാഷ

Published

|

Last Updated

കൊച്ചി: രാജ്യത്തെ നിലവിലെ ക്രിമിനല്‍ നിയമ സംവിധാനം ഇരകള്‍ക്ക് അര്‍ഹിക്കുന്ന നീതി ഉറപ്പാക്കുന്ന രീതിയില്‍ അടിയന്തിരമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ കമാല്‍ പാഷ. യഥാര്‍ഥ കുറ്റവാളികള്‍പോലും രക്ഷപെടുന്നതിന് അനുകൂലമാണ് ഇന്നത്തെ യാന്ത്രികമായ ക്രിമിനല്‍ നിയമ സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ഗവ. ലോ കോളേജിലെ സെന്റര്‍ ഫോര്‍ ലോ, ഗവേണന്‍സ് ആന്‍ഡ് പോളിസി സ്റ്റഡീസ്(സി എല്‍ ജിപി എസ്) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ നിയമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ്.

അറബി നാടുകളില്‍ നീതിന്യായ വ്യവസ്ഥകള്‍ ഇരകള്‍ക്ക് അനുകൂലമായ രീതിയിലാണ്. ഇന്ത്യയില്‍ യഥാര്‍ഥ കുറ്റവാളിയാണെങ്കില്‍ പോലും രക്ഷപെടുന്ന നിലയിലാണ് ക്രിമിനല്‍ നിയമ വ്യവസ്ഥകള്‍. ഇവ പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ്. ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതരില്‍ 80 ശതമാനവും രക്ഷപെടുന്ന സാഹചര്യമാണുള്ളത്. പൊലീസ് യാന്ത്രികമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇത് സര്‍ക്കാര്‍ വക്കീലിന്റെ വാദത്തിലും തെളിയും. മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ന്യായാധിപന്‍ വിധി പറയുന്നത്. മിക്കവാറും കേസുകളില്‍ ഇരകളുടെ അവകാശങ്ങള്‍ വിസ്മരിക്കപ്പെടുകയാണ്. സത്യത്തിന്റെ പിറകില്‍ നില്‍ക്കുന്നതിന് പകരം കുറ്റാരോപിതരുടെ പിന്നാലെ പോകുന്നതാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ മൂല്യച്യുതി.
ബലാത്സംഗ കേസുകളില്‍ കുറ്റവാളി രക്ഷപെട്ടാലും ഇരകള്‍ക്ക് യതൊന്നും ലഭിക്കില്ല. അവര്‍ അനുഭവിച്ച വേദനയും ദുരിതവും തീരില്ല. വിചാരണ കഴിഞ്ഞാലും ഇരകളുടെ നിലവിളികള്‍ അവസാനിക്കുന്നില്ല. ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് അര്‍ഹിക്കുന്ന നീതി ലഭിക്കുന്നില്ല. അതേസമയം പീഡനകേസ് പ്രതികള്‍ സര്‍ക്കാരിന്റെ പണം കൈപ്പറ്റി തടിച്ചുകൊഴുക്കുന്നു. തൃപ്പൂണിത്തുറ വിദ്യാധരന്‍ വധക്കേസില്‍ തുച്ഛമായ നഷ്ടപരിഹാരമാണ് പിഴയിട്ടത്. മണിക്കൂറുകള്‍ നീണ്ട ക്രൂരമായ മര്‍ദനത്തിനൊടുവിലാണ് വിദ്യാധരന്‍ മരണമടയുന്നത്. കുടുംബത്തിന്റെ അത്താണിയായിരുന്നു വിദ്യാധരന്റെ വേര്‍പാട് ആ കുടുംബത്തിന് താങ്ങാനാകുമായിരുന്നില്ല. പൗരന്റെ ജീവന്റെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. തുച്ഛമായ നഷ്ടപരിഹാരത്തുക ഇരയുടെ ദുരിതത്തിന് പരിഹാരമായിരുന്നില്ല.
ക്രിമിനല്‍ കേസുകളില്‍ ഇരകളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാറുകള്‍ ഇടപ്പെട്ടില്ലെങ്കില്‍ നീതിയെന്നത് ഇരകള്‍ക്ക് മരീചികയായി മാറും. പാര്‍ലമെന്റില്‍ ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുമ്പോഴും ഇരകള്‍ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മാറ്റിത്തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും ഇത് പ്രധാന ന്യൂനതയാണെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.
ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുള്ള മൂന്ന് ദിവസത്തെ അന്താരാഷ്ട്ര ശില്‍പ്പശാലയില്‍ അമേരിക്കയിലെ മിസൗറി സര്‍വകലാശാലയിലെ പ്രൊഫ. ഡോ. ജോവാന്‍ കാത്‌സ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ആര്‍ ബിജുകുമാര്‍ അധ്യക്ഷനായി. കേരള സര്‍കലാശാല നിയമവിഭാഗം ഡീന്‍ ഡോ. കെ സി സണ്ണി, മുതിര്‍ന്ന അഭിഭാഷകന്‍ പി ശാന്തലിംഗം, മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എ എസ് സരോജ, കോളേജ് യൂനിയന്‍ ചെയര്‍മാന്‍ അനന്ത വിഷ്ണു സംസാരിച്ചു. സി എല്‍ ജി പി എസ് ഡയറക്ടര്‍ ഡോ. എസ് എസ് ഗിരിശങ്കര്‍ സ്വാഗതവും സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ എ വി വിവേക് നന്ദിയും പറഞ്ഞു. ശില്‍പ്പശാല ചൊവ്വാഴ്ച സമാപിക്കും.

Latest