Connect with us

Sports

മിന്നലായി മണ്‍റോ; ട്വന്റി 20യും കിവികള്‍ക്ക്

Published

|

Last Updated

ഓക്‌ലാന്‍ഡ്: വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയും ന്യൂസിലാന്‍ഡ് (2-0) സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയാണ് ന്യൂസിലാന്‍ഡ് പരമ്പര നേട്ടം കൊയ്തത്. ആദ്യ മത്സരത്തിലും കിവീസ് വിജയം കണ്ടിരുന്നു. ട്വന്റി-20 ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടിയ കോളിന്‍ മന്റൊ, 25 പന്തില്‍ 63 റണ്‍സടിച്ച ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരുടെ മിന്നുന്ന ബാറ്റിംഗാണ് ന്യൂസിലാന്‍ഡിന് വമ്പന്‍ ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കിവികള്‍ വെറും പത്തോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി (147) ലക്ഷ്യം കണ്ടു. 14 പന്തില്‍നിന്ന് ഏഴ് സിക്‌സും ഒരു ബൗണ്ടറിയുമടക്കം 50 റണ്‍സാണ് മന്റോവാരിയത്. വെറും 16 മിനുട്ട് മാത്രമാണ് ട്വന്റി 20 ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറി നേടാന്‍ മന്റോക്ക് വേണ്ടിവന്നത്.
ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ഇന്ത്യന്‍ താരം യുവ്‌രാജ് സിംഗിന്റെ പേരിലാണ് ഏറ്റവും വേഗമേറിയ ട്വന്റി 20 അര്‍ധ സെഞ്ച്വറി നേടിയ താരത്തിനുള്ള റെക്കോര്‍ഡ്. 25 പന്തില്‍ ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് ഗുപ്റ്റിലിന്റെ ഇന്നിംഗ്‌സ്. ന്യൂസിലാന്‍ഡ് താരത്തിന്റെ അതിവേഗ അര്‍ധ സെഞ്ച്വറി ഗുപ്റ്റില്‍ സ്വന്തമാക്കിയെങ്കിലും മണ്‍റോ തൊട്ടുപിന്നാലെ അത് തിരുത്തുകയായിരുന്നു. 19 പന്തിലാണ് ഗുപ്റ്റില്‍ ആദ്യം അര്‍ധ സെഞ്ച്വറി തികച്ചത്. 32 റണ്‍സുമായി കെയ്ന്‍ വില്യംസ്ണ്‍ പുറത്താകാതെ നിന്നു.
49 പന്തില്‍ 81 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസ്, തിലകരത്‌ന ദില്‍ഷന്‍ (28) എന്നിവരുടെ പ്രകടമാണ് ലങ്കക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. ഇവര്‍ക്കൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. കിവികള്‍ക്കായി ഗ്രാന്‍ഡ് എലിയട്ട് നാലും ആദം മില്‍നെ, മൈക്കല്‍ സാറ്റ്‌നര്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ടെസ്റ്റ്, ഏകദിന പരമ്പരകളും ന്യൂസിലാന്‍ഡ് സ്വന്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest