പാണ്ഡിത്യത്തിന്റെ പൊന്‍കിരീടം

Posted on: January 11, 2016 10:15 am | Last updated: January 11, 2016 at 10:15 am
SHARE

ullal 2മുസ്‌ലിംകളുടെ ആത്മീയ ആചാര്യനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍ വഫാതായിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ദക്ഷിണേന്ത്യയിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ മഹാനവര്‍കള്‍ മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനും വളര്‍ച്ചക്കും മാതൃകാപരമായ നേതൃത്വമാണ് നല്‍കിയത്. മംഗലാപുരത്തിനടുത്ത് ഉള്ളാള്‍ സയ്യിദ് മദനി ദര്‍ഗയുടെ ചാരത്ത് അര നൂറ്റാണ്ട് കാലം ദീനീസേവനം നടത്തിയ തങ്ങള്‍ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം പേരെ നന്മയിലേക്ക് ക്ഷണിക്കുകയും സമുദായത്തിന്റെ സമുദ്ധാരണത്തിന് വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ചെയ്തു.
അങ്ങേയറ്റത്തേ സൂക്ഷ്മത പുലര്‍ത്തി ജീവിച്ച മഹാന്‍ കേരളത്തിലെ സുന്നി പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ചും, വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പൊതുവേയും ആത്മീയമായ അഭയ കേന്ദ്രമായിരുന്നു. സത്യത്തിന് വേണ്ടി ധീരമായ നിലകൊണ്ട തങ്ങള്‍ ഇസ്‌ലാമിക പ്രബോധകര്‍ക്കും സംഘാടകര്‍ക്കും എന്നും ധൈര്യവും ഊര്‍ജവുമായിരുന്നു. മാനവികതയെ ഉയര്‍ത്തിപ്പിടിച്ച് എല്ലാ വിഭാഗം ജനങ്ങളേയും സ്‌നേഹ സൗഹാര്‍ദത്തിന്റെ വഴിയില്‍ ഒന്നിപ്പിച്ച് സമഭാവനയുടെ സമഗ്ര സന്ദേശമാണ് അവിടുന്ന് കൈമാറിയത്. ജീവിതത്തില്‍ വെച്ചു പൂലര്‍ത്തേണ്ട സൂക്ഷ്മതക്കും ജീവിത വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും താജുല്‍ ഉലമ നമുക്കെന്നും മാതൃകയാണ്.
2014 ജനുവരി 31 റബീഊല്‍ ആഖിര്‍ ഒന്നിനാണ് മഹാനവര്‍കള്‍ വിട്ടുപിരിഞ്ഞത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് എട്ടിക്കുളത്താണ് അന്ത്യവിശ്രമം. ഇസ്‌ലാമിക സംഘാടനത്തിന്റെയും മുന്നേറ്റത്തിന്റെയും അഭിവന്ദ്യ നേതൃത്വമായ ഉള്ളാള്‍ തങ്ങള്‍ ആത്മീയ സാന്നിധ്യത്താല്‍ നമ്മേ ഇപ്പോഴും നയിക്കുന്നുണ്ട്. മഹാനവര്‍കള്‍ വഫാതായതിന്റെ രണ്ടാം ആണ്ട് ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കുകയാണ്. എട്ടിക്കുളത്തെ താജുല്‍ ഉലമ നഗറില്‍ വിപുലമായ പരിപാടികളോടെയാണ് ഉറൂസ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here