ഇറാനും സഊദി അറേബ്യയും

Posted on: January 11, 2016 10:09 am | Last updated: January 11, 2016 at 5:33 pm
SHARE

ദൂരവ്യാപകമായ ഫലങ്ങളുളവാക്കാവുന്ന പരോക്ഷ യുദ്ധമാണ് അറബ്, മധ്യപൗരസ്ത്യ ദേശത്ത് സംജാതമായിരിക്കുന്നത്. ആര് ശരി, ആര് തെറ്റ് എന്ന് വ്യവച്ഛേദിക്കാനാകാത്ത നിലയില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന താത്പര്യങ്ങളുടെ സംഘട്ടനവും ഇടപെടലുകളുടെ സങ്കീര്‍ണതയുമാണ് പുതിയ സംഭവവികാസങ്ങളുടെ ആകെത്തുക. മാത്രമല്ല, മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ പ്രതിസന്ധികളിലെല്ലാം അമേരിക്കക്കും ഇസ്‌റാഈലിനുമുള്ള പങ്ക് കൂടുതല്‍ കൂടുതല്‍ വെളിപ്പെട്ടുവരുന്നുമുണ്ട്. മുമ്പൊരിക്കലും ഇറാന്‍ ഇത്ര രൂക്ഷമായി സഊദി അറേബ്യയെ വെല്ലുവിളിച്ച് സംസാരിച്ചിട്ടില്ല. മുമ്പൊരിക്കലും സഊദി ഇത്ര പ്രത്യക്ഷമായി രാഷ്ട്രീയ നിലപാടുകള്‍ കൈകൊണ്ടിട്ടുമില്ല. അതുകൊണ്ട് നടന്നു കൊണ്ടിരിക്കുന്നതിനേക്കാള്‍ പ്രധാനം നടക്കാന്‍ പോകുന്നതിന് കൈവരുന്നു. സംഭവിച്ചതിനേക്കാള്‍ പ്രാധാന്യം സംഭവങ്ങളിലേക്ക് നയിച്ച സാഹചര്യങ്ങള്‍ക്കും. സഊദിയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ ഒരു വശത്തും ഇറാനും ആ രാജ്യത്തെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവര്‍ മറുവശത്തും നിലയുറപ്പിച്ചാണ് പശ്ചിമേഷ്യയില്‍ പുതിയ കലുഷിതാവസ്ഥ രൂപപ്പെടുന്നത്്. ഇരു പക്ഷത്തും നിലയുറപ്പിച്ച് സാമ്രാജ്യത്വം കുട്ടനും മുട്ടനും കഥയിലെ കുറുക്കനായുണ്ട്. കഥാന്ത്യം കുറുക്കന്റെ അന്ത്യമാകില്ലെന്ന് മാത്രം.
ശിയാ പണ്ഡിതന്‍ നിംറ് അല്‍ നിംറിനെ സഊദി വധശിക്ഷക്ക് വിധേയമാക്കിയതോടെയാണ് ഇറാനും സഊദിയും തമ്മില്‍ നയതന്ത്ര യുദ്ധം തുടങ്ങിയത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുക, തീവ്രവാദികളെ സഹായിക്കുക, കലാപം ഇളക്കി വിടുന്ന തരത്തില്‍ പ്രസംഗിക്കുക, വിദ്വേഷം വളര്‍ത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നിംറിനെതിരെ വധശിക്ഷ വിധിച്ചത്. അദ്ദേഹത്തോടൊപ്പം 46 പേരെക്കൂടി വധശിക്ഷക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവരില്‍ മിക്കവരും അല്‍ഖാഇദ അനുഭാവികളോ തീവ്രവാദ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കാളികളായവരോ ആണ്. നിംറിന്റെ വധശിക്ഷ നടപ്പാക്കിയതിനേക്കാള്‍ ഇറാനെ പ്രകോപിപ്പിച്ചത് ഇത് തന്നെയാണ്. അല്‍ ഖാഇദക്കാരോട് ശിയാ നേതാവിനെ സമീകരിക്കുന്നതിലൂടെ ശിയാ സമൂഹമാകെ അവഹേളിക്കപ്പെട്ടുവെന്നാണ് ഇറാന്‍ പരാതിപ്പെടുന്നത്. സഊദിയാകട്ടെ ഈ സന്ദേശം നല്‍കാന്‍ തന്നെയാണ് ശ്രമിച്ചതും. തീവ്രവാദം ഏത് നിറമായാലും പേരായാലും വംശമായാലും തീവ്രവാദം തന്നെയാണ്. ഒരു തരത്തിലും അത് വെച്ചുപൊറുപ്പിക്കാനാകില്ല. സഊദി സുരക്ഷിതമായിരിക്കേണ്ടത് മേഖലയുടെ ആകെ ആവശ്യമാണ്. ഇതാണ് സഊദിയുടെ നിലപാട്.
എന്നാല്‍ നിംറ് അല്‍ നിംറിന് വേണ്ടി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ തന്നെ നേരിട്ട് രംഗത്തെത്തുകയും സഊദിയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുക വഴി ഈ വധശിക്ഷക്ക് തികച്ചും അനാവശ്യമായ ഒരു പ്രതിച്ഛായ സൃഷ്ടിക്കപ്പെടുകയായിരുന്നു. ഇറാന്‍ രാഷ്ട്രീയ, ആത്മീയ നേതൃത്വത്തിന്റെ വാക്‌ബോംബുകള്‍ പതിച്ചതോടെ അക്രമാസക്തതക്ക് പച്ചക്കൊടി കിട്ടിയ കണക്ക് ടെഹ്‌റാനില്‍ ജനം ഇളകിമറിഞ്ഞു. അവര്‍ സഊദി എംബസി അടിച്ചു തകര്‍ത്തു. സഊദി മാത്രമല്ല മുഴുവന്‍ ജി സി സി രാജ്യങ്ങളും സുഡാന്‍, തുര്‍ക്കി തുടങ്ങിയവയും ഇറാനുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായി വിച്ഛേദിച്ചിരിക്കുകയാണ്. നയതന്ത്രത്തില്‍ നിന്ന് വാണിജ്യ രംഗത്തേക്ക് ഈ ബന്ധവിച്ഛേദനം പടര്‍ന്നിരിക്കുന്നു. ഇനി സൈനിക തലത്തിലേക്ക് പരക്കുമോയെന്ന ആശങ്കയിലാണ് മേഖല. തങ്ങളുടെ യമന്‍ എംബസിക്ക് മേല്‍ സഊദി ബോംബിട്ടുവെന്ന് ഇറാന്‍ ആരോപിച്ചത് വളരെ ഗൗരവപൂര്‍വം കാണേണ്ടതുണ്ട്. സഊദി തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ച് ഇറാന്‍ യു എന്‍ രക്ഷാസമിതിയെ സമീപിക്കുകയും ചെയ്തിരിക്കുന്നു.
ഇങ്ങനെ സംഘര്‍ഷാത്മകമായ നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത് നിംറിന്റെ വധശിക്ഷയില്‍ നിന്ന് മാത്രമാണെന്ന് തീര്‍പ്പിലെത്തുന്നത് അപക്വമായിരിക്കും. ശിയാ രാഷ്ട്രം 1979ല്‍ ‘ഇസ്‌ലാമിക വിപ്ലവ’മെന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണമാറ്റത്തിന് ശേഷം നിരന്തരം നടത്തിവരുന്ന വംശീയ പ്രേരിതമായ കുതന്ത്രങ്ങളുടെ തുടര്‍ച്ചയായി വേണം ഇതിനെ വിലയിരുത്താന്‍. കഴിഞ്ഞ ഹജ്ജ് സീസണില്‍ മിനായില്‍ നടന്ന ദൗര്‍ഭാഗ്യകരമായ ദുരന്തത്തില്‍ പോലും രാഷ്ട്രീയം കണ്ടവരാണ് ഇറാന്‍ ഭരണകൂടം. യമനില്‍ ഹൂത്തി വിമതര്‍ക്ക് പിന്നില്‍ അവരാണെന്ന് എല്ലാവര്‍ക്കുമറിയാം. സഊദി അതിര്‍ത്തിയില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. ബഹ്‌റൈനില്‍ നടന്ന അക്രമാസക്ത പ്രക്ഷോഭത്തിന് പിന്നില്‍ ഇറാന്‍ ഉണ്ടായിരുന്നു. ആ പ്രക്ഷോഭത്തെ അറബ് സംയുക്ത സേന അടിച്ചമര്‍ത്തിയത് അല്‍പ്പം ക്രൂരമായിപ്പോയില്ലേ എന്ന് സന്ദേഹിക്കുന്നവരുണ്ട്. മേഖലയുടെയാകെ കെട്ടുറപ്പിനെ തകര്‍ക്കുന്ന ഒരു വിമത നീക്കമാണ് ബഹ്‌റൈനില്‍ അരങ്ങേറിയതെന്ന് മനസ്സിലാക്കുമ്പോള്‍ ഈ സന്ദേഹത്തിന്റെ ശക്തി കുറയും.
ഇറാന് ഇക്കാലം വരെ ഒരു രക്തസാക്ഷി പരിവേഷം ഉണ്ടായിരുന്നു. സാമ്രാജ്യത്വ ശക്തികളുടെ ക്രൂരമായ ഇടപെടലിന്റെ ഇരയെന്ന നിലയിലാണത്. സൈനികമല്ല ഇറാന്റെ ആണവ പരീക്ഷണങ്ങളെന്ന് നിരന്തരം തെളിഞ്ഞിട്ടും ഉപരോധങ്ങള്‍ കൊണ്ട് അവരെ വിടാതെ വേട്ടയാടുകയായിരുന്നല്ലോ അമേരിക്കന്‍ ചേരി. അത് അമേരിക്കന്‍വിരുദ്ധ ചേരിയുടെ സൗഹൃദം ഇറാന് നേടിക്കൊടുത്തു. റഷ്യയും ചൈനയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇറാന് സഹായഹസ്തം നീട്ടി. ക്യൂബയില്‍ നിന്ന് ടെഹ്‌റാനില്‍ ഡോക്ടര്‍മാരെത്തി. ഇറാന്‍ കാറുകള്‍ ഹവാനയിലെയും കാരക്കസിലെയും റോഡുകളില്‍ ഒഴുകിപ്പരന്നു. ഉപരോധ തീട്ടൂരങ്ങള്‍ വെല്ലുവിളിച്ച് ഇറാനുമായി എണ്ണ വ്യാപാരത്തിന് രാജ്യങ്ങളുണ്ടായി. പക്ഷേ, ഈ രക്തസാക്ഷി പ്രതിച്ഛായ സമ്മാനിച്ച ബന്ധുത്വങ്ങളെല്ലാം ഇറാന്‍ ചെലവഴിച്ചത് മേഖലയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനാണ്. ഗള്‍ഫ് യുദ്ധത്തിലായാലും പിന്നീട് സിറിയയിലെ ബശര്‍ അല്‍ അസദിനെതിരെ പ്രക്ഷോഭം തുടങ്ങിയപ്പോഴായാലും ഇറാന്‍ എടുത്ത സമീപനങ്ങളിലെല്ലാം വംശീയതയുടെ മുള്ളുകള്‍ ഉണ്ടായിരുന്നു. സ്വാഭാവികമായും മേഖലയിലാകെ ഇറാന്‍ പേടി പരത്താന്‍ സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് വിപരീത ദിശയിലുള്ള വംശീയ ചേരിതിരിവുകളും സംഭവിച്ചു. അതില്‍ സഊദി പങ്കാളിയായിട്ടുണ്ട് എന്നതും വസ്തുതയാണ്. എന്നാല്‍, ഇന്ന് സ്ഥിതി അപ്പടി മാറിയിരിക്കുന്നു. ഇന്ന് ഇറാന്റെ സുഹൃത്താണ് അമേരിക്ക. ആണവ കരാര്‍ വന്നതോടെ ഉപരോധം മിക്കവാറും നീങ്ങിയിരിക്കുന്നു. ഈ നല്ല കാലത്തും ഇറാന്‍ അതിന്റെ വിദേശ നയത്തില്‍ ഉത്തരവാദിത്വപൂര്‍ണമായ പരിവര്‍ത്തനത്തിന് തയ്യാറായിട്ടില്ലെന്നതാണ് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.
ഈ അടുത്ത കാലത്തൊന്നും പരിഹൃതമാകില്ലെന്ന് അങ്ങേയറ്റത്തെ ഹൃദയവേദനയോടെ മനുഷ്യ സ്‌നേഹികള്‍ വിലയിരുത്തുന്ന നിരവധി പ്രശ്‌നങ്ങളുടെ നടുക്കടലിലാണ് ഈ മേഖല ഇപ്പോഴുള്ളത്. അമേരിക്കന്‍ അധിനിവേശത്തിന്റെ കെടുതികളില്‍ നിന്ന് കര കയറും മുമ്പാണ് ഇറാഖില്‍ ഇസില്‍ സംഹാരം തുടങ്ങിയത്. സിറിയയില്‍ ജീവിതം അസാധ്യമായിരിക്കുന്നു. അവിടെ ഇസില്‍ തീവ്രവാദികളും പാശ്ചാത്യ സൈന്യങ്ങളും റഷ്യയും സിറിയന്‍ സര്‍ക്കാറിന്റെ സ്വന്തം സൈന്യവും ജനങ്ങള്‍ക്ക് മേല്‍ തീ തുപ്പുന്നു. യമനില്‍ ഹൂത്തി വിമതരെ അടിച്ചമര്‍ത്തി വ്യവസ്ഥാപിത ഭരണം തിരിച്ചുകൊണ്ടു വരാന്‍ അറബ് സഖ്യ സേനക്ക് സാധിച്ചിട്ടില്ല. ഇവിടങ്ങളില്‍ നിന്നെല്ലാം മനുഷ്യര്‍ പലായനം ചെയ്യുകയാണ്. ആയിരങ്ങള്‍ മരിച്ചുവീഴുന്നു. പട്ടിണി കൊണ്ട് നരകിക്കുന്നു. ഈ പതിതാവസ്ഥക്ക് പരിഹാരം കാണുന്നതില്‍ വലിയ പങ്ക് വഹിക്കേണ്ട രാജ്യമാണ് സഊദി. അമേരിക്കയുടെ നേതൃത്വത്തില്‍ ആറ് രാഷ്ട്രങ്ങളുമായി ആണവ കരാറിലെത്തിച്ചേര്‍ന്നതോടെ ഇറാനും മുമ്പൊരിക്കലുമില്ലാത്ത പ്രസക്തി കൈവന്നിരിക്കുന്നു. സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വിയന്നയില്‍ നടക്കാനിരിക്കുന്ന ബഹുരാഷ്ട്ര ചര്‍ച്ച ഇറാനെയും സഊദിയെയും ആശ്രയിച്ചാണിരിക്കുന്നത്. ഈ ഘട്ടത്തില്‍ ഇവര്‍ ഇങ്ങനെ കൊമ്പുകോര്‍ക്കുന്നത് സമാധാന ശ്രമങ്ങളെ അപ്രസക്തമാക്കുമെന്നുറപ്പാണ്. അറബ് മേഖലയാകെ നിതാന്തമായ സംഘര്‍ഷത്തില്‍ കഴിയണമെന്ന് സ്വപ്‌നം കാണുകയും അതിനായി മറഞ്ഞിരുന്ന് കരുക്കള്‍ നീക്കുകയും ചെയ്യുന്ന ഇസ്‌റാഈലിനെയാണ് ഈ സാഹചര്യം ഏറെ സന്തോഷിപ്പിക്കുന്നത്. എണ്ണയടക്കമുള്ള പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണവും ആയുധവില്‍പ്പനയും ഒരുപോലെ നടക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടേയിരിക്കുന്ന അമേരിക്കയടക്കമുള്ള വന്‍ ശക്തികള്‍ രണ്ടുതലയും കത്തിച്ച് നടുവില്‍ പിടിക്കുന്നു. വധശിക്ഷയെയും എംബസിയാക്രമണത്തെയും ഒരുമിച്ചാണല്ലോ അവര്‍ വിമര്‍ശിച്ചത്.
ഈ സാഹചര്യത്തില്‍ ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന് മാത്രമാണ് ഇറാനോട് സമാധാന സ്‌നേഹികള്‍ ആവശ്യപ്പെടുന്നത്. തിന്‍മയുടെ അച്ചുതണ്ടായി ഇറാനെ അമേരിക്കന്‍ സാമ്രാജ്യത്വം വിശേഷിപ്പിച്ച ഒരു കാലം അത്ര ഭൂതകാലമല്ലല്ലോ. അതുകൊണ്ട് അതേ സാമ്രാജ്യത്വമാണ് ഇപ്പോള്‍ തമ്മില്‍ തല്ലിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഇറാന് സാധിക്കണം. അറബ് രാജ്യങ്ങളിലെ ശിയാക്കളെ മുന്‍നിര്‍ത്തി തങ്ങള്‍ നടത്തുന്ന കുത്തിത്തിരിപ്പുകള്‍ എന്ത് ദുരന്തഫലമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് ഇറാന്‍ ചിന്തിക്കട്ടെ. എണ്ണ വിലക്കുറവ് അടക്കമുള്ള സമ്മര്‍ദങ്ങള്‍ക്ക് നടുവിലാണ് സഊദിയെന്നത് സത്യമാണ്. എന്നാല്‍ ചരിത്രവും പാരമ്പര്യവും തങ്ങളില്‍ ഏല്‍പ്പിക്കുന്ന നേതൃ ദൗത്യം അങ്ങേയറ്റത്തെ പക്വതയോടെ, സംയമനത്തോടെ നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വം സഊദിക്കുമുണ്ട്. സാമ്രാജ്യത്വം കുഴിച്ചുവെച്ച വംശീയതയുടെയും ഇടുങ്ങിയ താത്പര്യങ്ങളുടെയും മൂപ്പിളമ തര്‍ക്കത്തിന്റെയും കുഴികളില്‍ നിന്ന് കരകയറി സാഹചര്യങ്ങളെ ബുദ്ധിപൂര്‍വം മനസ്സിലാക്കാന്‍ മേഖലയിലെ എല്ലാ രാഷ്ട്രങ്ങളും സന്നദ്ധമായില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും ഫലം. സംഘര്‍ഷങ്ങള്‍ അതിര്‍ത്തികളില്‍ ഒതുങ്ങില്ല. അവയേല്‍പ്പിക്കുന്ന ആഘാതവും.

 

LEAVE A REPLY

Please enter your comment!
Please enter your name here