ജൊകൊവിചിന് കിരീടം

Posted on: January 11, 2016 2:06 am | Last updated: January 11, 2016 at 10:15 am

tennis11-1ദോഹ: കരുത്തന്മാരുടെ കലാശപ്പോരില്‍ വിജയം വീണ്ടും ജൊകൊവിചിനൊപ്പം. റാഫേല്‍ നദാലിനെ ഏകപക്ഷീയമായ സെറ്റുകള്‍ക്ക് തോല്‍പിപ്പിച്ച ലോക ഒന്നാം നമ്പര്‍ നൊവാക് ജൊകൊവിച് ഖത്തര്‍ ഓപണ്‍ കിരീടം സ്വന്തമാക്കി. സ്‌കോര്‍: 6-1, 6-2.
ജൊകൊവിചിന്റെ ഈ വര്‍ഷത്തെ ആദ്യ കിരീടമാണിത്. ഒരു മണിക്കൂര്‍, 13 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ ആധികാരകമായിരുന്നു സെര്‍ബ് താരത്തിന്റെ വിജയം. രണ്ട് സെറ്റിലും ഓരോ തവണ സര്‍വ്‌ഭേദിച്ചാണ് ജൊകൊവിച്ച് വിജയം കണ്ടത്. നദാലിനെതിരെ കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ജൊകൊവിച് നേടുന്ന ഒമ്പതാമത്തെ വിജയമാണിത്. ഇതില്‍ കഴിഞ്ഞ അഞ്ച് ജയങ്ങളും നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. ഇത് 47 തവണയാണ് സ്പാനിഷ്- സെര്‍ബിയന്‍ താരങ്ങള്‍ കൊമ്പുകോര്‍ക്കുന്നത്. ഇതില്‍ 24 തവണയും ജയിച്ചത് ജൊകൊവിചാണ്.
24 ഫൈനലുകളില്‍ ഇരുവരും ഇതുവരെ ഏറ്റുമുട്ടി. ഇതില്‍ 14 ജയവുമായി ജൊകോവിച് തന്നെയാണ് മുന്നില്‍. സെമി ഫൈനലില്‍ തോമസ് ബെര്‍ഡിയാകിനെ തോല്‍പ്പിച്ചാണ് ജോകോ ഫൈനലിന് ടിക്കറ്റെടുത്തത്. ഉക്രൈന്റെ ഇയാ മര്‍ചെങ്കോയെ തോല്‍പ്പിച്ച് നദാലും ഫൈനല്‍ പ്രവേശനം നേടുകയായിരുന്നു.

tennis13
എ ടി പി ടൂര്‍ണമെന്റില്‍ ജൊകൊവിച് കളിക്കുന്ന പതിനാറാം ഫൈനല്‍ കൂടിയായിരുന്നു ഇത്. കഴിഞ്ഞ തവണ ഖത്തര്‍ ഓപണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജൊകൊവിച് ഇവോ കാര്‍ലോവിചിനോട് തോറ്റ് പുറത്തായിരുന്നു. ഇതിന് ശേഷം മത്സരിച്ച എല്ലാ ടൂര്‍ണമെന്റിന്റെയും ഫൈനലുകളില്‍ ജൊകൊവിച് പ്രവേശിച്ചിരുന്നു. സീസണിന്റെ തുടക്കത്തില്‍ ജയിച്ചുകയറാനായത് ആത്മവിശ്വാസവും സംപ്തൃപ്തിയും നല്‍കുന്നതായി അദ്ദേഹം മത്സര ശേഷം പറഞ്ഞു.