പിറന്ന മണ്ണിന് വേണ്ടി

Posted on: January 11, 2016 9:57 am | Last updated: January 11, 2016 at 9:57 am
SHARE

ജലസേചന – വൈദ്യുത പദ്ധതികള്‍ക്കായി ഗോത്ര വര്‍ഗക്കാരടക്കം കൃഷിക്കാരെ അവരുടെ ഭൂമിയില്‍ നിന്നു അടിച്ചിറക്കുമ്പോള്‍ പിറന്ന മണ്ണ് നഷ്ടമായവര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മഹാരാഷ്ട്രയിലെ താണെ ജില്ലയില്‍ ജവഹര്‍ തഹസിലിലാണ് ഈ അനുഭവം. ലെന്‍ഡി ജലസേചന പദ്ധതിക്കായാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കൃഷി ഭൂമി ഏറ്റെടുത്തത്; പിടിച്ചെടുത്തതെന്ന് പറയുന്നതാകും കൂടുതല്‍ ശരി. ഭൂമി ഏറ്റെടുക്കുമ്പോള്‍ ചില്ലിക്കാശ് പോലും നഷ്ടപരിഹാരം നല്‍കിയില്ല. എന്നാല്‍ എട്ട് വര്‍ഷമായി തങ്ങളില്‍ നിന്നും തട്ടിപ്പറിച്ച, പിറന്ന മണ്ണ് തിരിച്ച് ലഭിക്കണമെന്നാവശ്യപ്പെട്ട് നൂറിലേറെ ഗോത്രവര്‍ഗ കുടുംബങ്ങള്‍ ജീവന്‍മരണ പോരാട്ടത്തിലാണ്. ജന്മഭൂമിക്ക് വേണ്ടി ആദിവാസികള്‍ നടത്തുന്ന സമരം ഇപ്പോള്‍ വന്‍ ജനപിന്തുണയോടെ ഒരു പോരാട്ടമായി മാറിക്കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട ഔദ്യോഗിക നടപടി ക്രമങ്ങളൊന്നും ലെന്‍ഡി ജലസേചന പദ്ധതി നിര്‍മാണ കാര്യത്തിലുണ്ടായില്ല. പ്രാഥമിക നടപടികള്‍ പോലും നടന്നില്ല. എങ്കിലും അണക്കെട്ടിന്റെ 75 ശതമാനം പണിയും പൂര്‍ത്തിയായിക്കഴിഞ്ഞു.
ജനകീയ പ്രക്ഷോഭം കരുത്താര്‍ജിച്ചതോടെ, ജലസേചന പദ്ധതിയുടെ കാര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ നടപടിക്രമങ്ങളോ പുനരധിവസിപ്പിക്കലോ നടന്നിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സമ്മതിച്ചു. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. 2016ഓടെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഉറപ്പ് ലഭിച്ചു. ഭൂമി ഏറ്റെടുക്കാന്‍ പുറപ്പെടുവിച്ച ഔദ്യോഗിക നോട്ടീസ് കാലഹരണപ്പെട്ടു. എന്നിട്ടും അണക്കെട്ട് നിര്‍മാണം നിര്‍ബാധം തുടരുന്നു. ‘ഇതെന്ത്, നമ്മുടെ നാടെന്താ വെള്ളരിക്കാ പട്ടണമോ’ എന്ന് ചോദിച്ചുപോകുമെങ്കിലും അതിനേയും കടത്തിവെട്ടുന്ന കാര്യങ്ങളാണ് നാട്ടില്‍ നടക്കുന്നത്.
ഏതായാലും, സ്വന്തം ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ സമരമുഖത്ത് കൂടുതല്‍ സജീവമായിരിക്കുന്നു. ജവഹര്‍ തഹസിലിലെ ഭോട്ടുഡപാടയില്‍ നിന്നു ഗോത്രവര്‍ഗക്കാരായ 75ലേറെ പേര്‍ കാല്‍ നടയായി മുംബൈയിലെത്തി. അണക്കെട്ടിനായി ഭൂമി പിടിച്ചെടുത്ത സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുക, അതിന് മുന്‍കാല പ്രാബല്യം നല്‍കുക, ഭൂമിയില്‍ കൃഷി ചെയ്യാന്‍ മാത്രം അറിയാവുന്ന തങ്ങളില്‍ നിന്നു ഭൂമി പിടിച്ച് പറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഭൂമി നഷ്ടമായതോടെ മറ്റു പണികളൊന്നും അറിയാത്ത ആദിവാസികള്‍ ഇപ്പോള്‍ ഉപജീവനത്തിന് കൂലിപ്പണിക്കായി നഗരങ്ങളെ ആശ്രയിക്കുകയാണ്. ‘നാടാറു മാസം കാടാറു മാസം’ എന്ന അവസ്ഥയിലാണ് ഇവര്‍. ഈ സാഹചര്യത്തിലാണ് ആദിവാസികളുടെ പോരാട്ടം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസുമായി അവര്‍ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നതും അത് തന്നെ.
അണക്കെട്ടുകളും പടുകൂറ്റന്‍ വ്യവസായ ശാലകളും പണിതുയര്‍ത്തുന്നതിലാണ് ഉദ്യോഗസ്ഥര്‍ക്കും ഭൂ മാഫിയകള്‍ക്കും വന്‍കിട കരാറുകാര്‍ക്കും താത്പര്യം. പദ്ധതികള്‍ക്കായി മാറ്റിവെച്ച കോടികളില്‍ വലിയൊരു ഭാഗം തങ്ങളുടെ മടിശ്ശീല വീര്‍പ്പിക്കാന്‍ സഹായിക്കുമെന്ന് അവര്‍ക്കറിയാം. ഭൂമി ഏറ്റെടുക്കല്‍ പ്രഖ്യാപനം വരുന്നതു മുതല്‍ അടിച്ചിറക്കപ്പെടുന്ന ആദിവാസികള്‍ക്ക് കിടപ്പാടമടക്കം എല്ലാം നഷ്ടപ്പെടുന്നു. ലെന്‍ഡി ജലസേചന പദ്ധതിക്ക് വേണ്ടി, സ്വന്തം മണ്ണില്‍ നിന്നും അടിച്ചിറക്കിയവരെല്ലാം പുനരധിവസിപ്പിക്കപ്പെടുമോ? മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നവിസ് ആദിവാസികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുമോ?
‘വാക്കും പഴയ ചാക്കുമെന്ന’ ഒരു ചൊല്ല് നാട്ടിലുണ്ട്. നാട്ടുനടപ്പ് വിശ്വസിക്കാമെങ്കില്‍ അതാണ് ലെന്‍ഡി ജലസേചന പദ്ധതി സംബന്ധിച്ച ഒത്തുതീര്‍പ്പുകളിലും സംഭവിക്കാനിരിക്കുന്നതെന്ന് വേണം അനുമാനിക്കാന്‍. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് ഏറെ ഗുണകരമായ നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മാണം വിവാദമായപ്പോള്‍ പഠനത്തിനായി നിയോഗിച്ച വിദഗ്ധ സമിതി മുന്‍വെച്ച നിര്‍ദേശങ്ങള്‍ പോലും നടപ്പാക്കാനായില്ല. 1946ല്‍ രൂപകല്‍പ്പനചെയ്ത അണക്കെട്ടിന് 1961ലാണ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തറക്കല്ലിട്ടത്. സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കമായപ്പോള്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി നര്‍മദയില്‍ വന്‍കിട അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു. പക്ഷേ, അതൊന്നും ഗൗരവത്തോടെ പരിഗണിക്കപ്പെട്ടില്ല. അതേ അനുഭവം തന്നെയാകും ലെന്‍ഡി ജലസേചന പദ്ധതിക്കുമെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. വന്‍കിട അണക്കെട്ടിനായി ഭൂമി ഏറ്റെടുക്കലിന്റെ പ്രാഥമിക നടപടികള്‍ പോലും സ്വീകരിക്കാതെ അണക്കെട്ട് കെട്ടിപ്പൊക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആരാണ് അനുമതി നല്‍കിയത്? അണക്കെട്ട് പൂര്‍ത്തിയാക്കിയ ശേഷം മതി അസ്തിവാരത്തിനാവശ്യമായ ഭൂമിയുടെ അക്വിസിഷന്‍ നടപടികള്‍ എന്ന ബുദ്ധി ആരുടേതാണ്? അതറിയാന്‍ ജനാധിപത്യ ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here