ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ അവ്യക്തത തുടരുന്നു

Posted on: January 11, 2016 9:34 am | Last updated: January 11, 2016 at 5:29 pm
SHARE

indo-pak-talkന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 15ന് നിശ്ചയിച്ചിരുന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയെക്കുറിച്ചുള്ള അവ്യക്തത തുടരുന്നു. ചര്‍ച്ചക്ക് തിയതി നിശ്ചയിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഒരു മാധ്യമത്തോട് പറഞ്ഞു. ഭീകരാക്രമണത്തിലെ കുറ്റക്കാര്‍ക്കെതിരെ പാകിസ്താന്‍ നടപടിയെടുത്തതിന് ശേഷം ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് ഇന്ത്യയുടെ നിലപാടാണ് ഇതിനുപിന്നിലെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ താന്‍ ഇത്തരത്തില്‍ ഒരു മാധ്യമത്തോടും സംസാരിച്ചിട്ടില്ലെന്ന് അജിത് ഡോവല്‍ അറിയിച്ചു.

ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താന്‍ അപ്രതീക്ഷിതമായി സന്ദര്‍ശിച്ച് നവാസ് ശരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സെക്രട്ടറിതല ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഇതുപ്രകാരം ജനുവരി 15ന് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അജിത് ഡോവലിന്റെ പുതിയ പ്രസ്താവന പഠാന്‍കോട്ട് ഭീകരാക്രമണത്തിലെ കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുന്നതിന് പാകിസ്താന് മേല്‍ സമ്മര്‍ദം സൃഷ്ടിക്കാനാണെന്നാണ് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ താന്‍ ഇത്തരത്തിലൊരു അഭിമുഖം നല്‍കിയതായി ഓര്‍ക്കുന്നില്ലെന്ന് അജ്തി ഡോവല്‍ വ്യക്തമാക്കി. നിരവധി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്ന ആളാണ് താന്‍. പക്ഷേ ഇങ്ങനെ പറഞ്ഞതായി ഓര്‍ക്കുന്നില്ല. ചര്‍ച്ച നടക്കണമെങ്കില്‍ ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ഉടന്‍ നടപടിയെടുക്കണമെന്ന രീതിയില്‍ താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ നിഷേധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച മാറ്റിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഡോവലിന്റേതെന്ന പേരില്‍ വന്ന പ്രസ്താവന. ചര്‍ച്ച നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞിരുന്നു. എന്നാല്‍ പന്ത് ഇപ്പോള്‍ പാകിസ്താന്റെ കോര്‍ട്ടിലാണെന്നായിരുന്നു വിദേശകാര്യ വക്താവ് വികാസ് സ്വരൂപിന്റെ പ്രതികരണം.