Connect with us

National

ഡല്‍ഹിയിലെ ഗതാഗത പരിഷ്‌കാരം തുടരില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട നമ്പര്‍ ക്രമത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഡല്‍ഹി സര്‍ക്കാറിന്റെ ട്രാഫിക് പരീക്ഷണം ഈ മാസം 15ന് തന്നെ അവസാനിക്കുമെന്ന് ഗതാഗത മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി. ഒറ്റ, ഇരട്ട ട്രാഫിക് പരിഷ്‌കരണവുമായ ചിലപ്പോള്‍ ഈ മാസം 15ന് ശേഷവും മുന്നോട്ട് പോകുമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ നിലപാട് തിരുത്തിക്കൊണ്ടാണ് ഗതാഗത മന്ത്രിയുടെ പ്രസ്താവന ഉണ്ടായിരിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരീക്ഷണം ഒരാഴ്ച മതിയാവില്ലേയെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാറിനോട് ചോദിക്കുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നയം തിരുത്തിയതെന്നാണ് കരുതുന്നത്.

സര്‍ക്കാറിന്റെ ഗതാഗത പരിഷ്‌കരണം നിയമവിരുദ്ധമാണെന്ന് പല കോണില്‍ നിന്നും വിമര്‍ശം ഉയര്‍ന്നിരുന്നു. എന്നാല്‍, മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ 115ാം വകുപ്പ് പ്രകാരം സര്‍ക്കാറിന് ഇത്തരം പരിഷ്‌കരണത്തിന് അധികാരമുണ്ട്. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് കാലത്ത് ഈ വകുപ്പ് ഉപയോഗിച്ചാണ് ഗതാഗതനിയന്ത്രണം കൊണ്ടുവന്നിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരീക്ഷണം അവസാനിച്ച ശേഷം 15 ദിവസത്തെ വായുമലിനീകരണം സംബന്ധിച്ച വിവരങ്ങള്‍ പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

ഇതുവരെ ഒറ്റ, ഇരട്ട പരിഷ്‌കരണം തെറ്റിച്ചതിന് 5893 പേര്‍ക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. ഇവരില്‍ നിന്ന് ഈടാക്കിയ പിഴത്തുക സൈക്കിള്‍ വാങ്ങുന്നവര്‍ക്ക് സബ്‌സിഡിയായി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Latest