Connect with us

International

മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് വീണ്ടും പിടിയില്‍

Published

|

Last Updated

പോലീസ് പിടിയിലായ ജോക്വിന്‍ ഗുസ്മാന്‍

പോലീസ് പിടിയിലായ ജോക്വിന്‍ ഗുസ്മാന്‍

മെക്‌സിക്കോ സിറ്റി: ആറ് മാസം മുമ്പ് ജയില്‍ ചാടിയ മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് ജോക്വിന്‍ ഗുസ്മാന്‍ പിടിയില്‍. സിനാലോ സംസ്ഥാനത്തെ ലോസ് മോച്ചിസില്‍ നിന്നാണ് മെക്‌സിക്കന്‍ പോലീസ് ഇദ്ദേഹത്തെ പിടികൂടിയത്. ആറ് മാസം മുമ്പ് കനത്ത സുരക്ഷയുള്ള ജയിലില്‍ നിന്ന് പുറത്തേക്ക് രഹസ്യ തുരങ്കമുണ്ടാക്കിയായിരുന്നു ഇയാള്‍ രക്ഷപ്പെട്ടിരുന്നത്.
ദൗത്യം പൂര്‍ത്തിയാതായും മയക്കുമരുന്ന് രാജാവിനെ പിടികൂടിയതായും മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ ട്വിറ്ററില്‍ പ്രതികരിച്ചു. സുരക്ഷാ സൈന്യവുമായി ഏറ്റുമുട്ടല്‍ ഉണ്ടായതായും ഇതിന് ശേഷമാണ് ഇയാളെ പിടികൂടിയതെന്നും ഫെഡറല്‍ പോലീസ് അറിയിച്ചു. ഇദ്ദേഹത്തെ പരുക്കുകളൊന്നും കൂടാതെ ജീവനോടെ തന്നെ പിടികൂടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആറ് മാസം മുമ്പ് കനത്ത സുരക്ഷയുള്ള ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി നിര്‍മിച്ച തുരങ്കം

ആറ് മാസം മുമ്പ് കനത്ത സുരക്ഷയുള്ള ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി നിര്‍മിച്ച തുരങ്കം

ജോക്വിന്‍ ഗുസ്മാന്‍ താമസിച്ചിരുന്ന വീട്ടിലെത്തിയപ്പോള്‍ പോലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായി. മെക്‌സിക്കന്‍ ഉദ്യോഗസ്ഥനടക്കം ആറ് പേര്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. രണ്ട് സായുധ വാഹനങ്ങള്‍, എട്ട് തോക്കുകള്‍, ഒരു കൈത്തോക്ക്, ഗ്രനേഡ് ലോഞ്ചര്‍ എന്നിവ ഇവിടെ നിന്ന് പോലീസ് കണ്ടെടുത്തു.
ജോക്വിന്‍ ഗുസ്മാനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചില സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ സൂചനകള്‍ നല്‍കി മണിക്കൂറുകള്‍ക്കകം കറുത്ത ടീ ഷര്‍ട്ട് ധരിച്ച് മെക്‌സിക്കോ സിറ്റിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ സൈനികരുടെ അകമ്പടിയില്‍ ഇദ്ദേഹത്തെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
മെക്‌സിക്കന്‍ സര്‍ക്കാറിന്റെയും അവിടുത്തെ ജനതയുടെയും നിയമത്തിന്റെയും വിജയമാണ് ജോക്വിന്‍ ഗുസ്മാന്റെ അറസ്റ്റിലൂടെ ഉണ്ടായിരിക്കുന്നതെന്ന് യു എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.