Connect with us

Articles

സ്‌നേഹമാണ് വിശ്വാസം

Published

|

Last Updated

ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച വിഖ്യാത ഹദീസ് പണ്ഡിതനായ മുഹമ്മദ് ഇബ്‌നു ഈസ അത്തുര്‍മിദി (റ) യുടെ ശമാഇല്‍ എന്ന ഹദീസ് സമാഹാരം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. 56 ഭാഗങ്ങളായുള്ള ഈ സമാഹാരം മുത്ത് നബി (സ) യുടെ ജീവിത രീതികളെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമാണ്. പ്രവാചകര്‍ എങ്ങനെയാണ് നടന്നത്, തലയിണയുടെ മേല്‍ എങ്ങനെയാണ് കിടന്നത്, എങ്ങനെയാണ് മോതിരം ധരിച്ചത്, ഏതു തരത്തിലുള്ള ഭക്ഷണമാണ് കഴിച്ചത്, എങ്ങനെയാണ് മുത്ത് നബി (സ) നടന്നത്, എങ്ങനെയാണ് കണ്ണില്‍ സുറുമയിട്ടത് തുടങ്ങി ഒരു പക്ഷേ പലര്‍ക്കും അപ്രധാനം എന്നു തോന്നിയേക്കാവുന്ന പല കാര്യങ്ങളെ കുറിച്ചുമുള്ള വിവരണങ്ങള്‍ പ്രസ്തുത സമാഹാരത്തില്‍ ഉണ്ട്. എന്തു കൊണ്ടായിരിക്കും പ്രവാചകരുടെ ഇത്തരം പ്രവൃത്തികള്‍ എല്ലാം തന്നെ ഒരു മുസ്‌ലിം വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രധാനമായിത്തീരുന്നത്? റസൂല്‍ (സ) യെയും അവിടുത്തെ പ്രബോധന ദൗത്യത്തെയും മനസ്സിലാക്കുന്നതിലും അതിലൂടെ സ്വന്തം വിശ്വാസത്തെ രക്ഷിച്ചെടുക്കുന്നതിലും അപ്രധാനമെന്ന് ചിലരെങ്കിലും കരുതുന്ന ഈ വക കാര്യങ്ങള്‍ക്കുള്ള പങ്കും പങ്കാളിത്തവും എന്താണ്?
മുത്ത് നബി (സ) യുടെ നിത്യ ജീവിതത്തിലെ എളിയ കാര്യങ്ങളെ കുറിച്ചു പോലുമുള്ള ഇത്തരം കൃത്യവും കണിശവുമായ ശ്രദ്ധ, സുന്നത്തിനെ അനുധാവനം ചെയ്യേണ്ടതിന്റെ പ്രാധാന്യം എത്രമാത്രമുണ്ട് എന്നതിലേക്ക് കൂടിയുള്ള സൂചനയാണ്. നിങ്ങള്‍ക്ക് റസൂല്‍ (സ) യില്‍ ഉത്തമമായ മാതൃകയുണ്ട് എന്നു അല്ലാഹു തന്നെയാണല്ലോ നമ്മെ ഉദ്‌ബോധനം ചെയ്തത്. ആ മാതൃകയെ അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ ആവാഹിക്കണമെങ്കില്‍ “അപ്രധാനമായ” കാര്യങ്ങളില്‍ പോലും റസൂലി(സ)നെ അനുകരിക്കണം. അങ്ങനെയൊരു അനുകരണം സാധ്യമാകണമെങ്കില്‍ റസൂല്‍ (സ)യോട് നമുക്ക് അതിരറ്റ സ്‌നേഹമുണ്ടാകണം. ആ സ്‌നേഹത്തില്‍ നിന്നേ അനുകരണം ഉണ്ടാകുകയുള്ളൂ. അത്തരത്തില്‍ സുന്നത്തുകളുടെ പിന്തുടര്‍ച്ചയും നിലനില്‍പ്പും ഉറപ്പു വരുത്താന്‍ കൂടിയാണ് മറ്റെന്തിനെക്കാളും റസൂല്‍ (സ) യോടുള്ള സ്‌നേഹത്തിന് ഇസ്‌ലാം വര്‍ധിച്ച പ്രാധാന്യം നല്‍കിയത്.
നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരേക്കാളും എന്നോട് പ്രിയം ഉണ്ടാകുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയില്ല എന്നു നമ്മെ പഠിപ്പിച്ചത് ആ സുന്നത്തുകളുടെ ഉടമയായ റസൂല്‍ (സ) തന്നെയാണല്ലോ. അപ്പോള്‍ റസൂലിനോടുള്ള സ്‌നേഹം എന്നത് ഇസ്‌ലാമില്‍ മറ്റേതൊരു സ്‌നേഹം പോലെയുമല്ല. സുന്നത്തുകളുടെ പിന്തുടര്‍ച്ച ഉറപ്പാക്കുന്ന ഒരു രീതിശാസ്ത്രമാണ് ആ സ്‌നേഹം. സൃഷ്ടികളില്‍ ഏറ്റവും ഉത്തമരായ, സര്‍വ സല്‍സ്വഭാവങ്ങളുടെയും ഉടമയായ, ഖുര്‍ആന്റെ ഏറ്റവും മികച്ച വിശദീകരണമായ റസൂല്‍ (സ)യെ പിന്തുടരുക എന്നതാണല്ലോ ഒരു മുസ്‌ലിമിന്റെ ദൗത്യം. ആ ദൗത്യം പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗം സുന്നത്തുകളെ പിന്തുടരുക എന്നതാണെങ്കില്‍ അതിനുള്ള മാര്‍ഗമാണ് നബി (സ) തങ്ങളോടുള്ള അതിരറ്റ സ്‌നേഹം.
അപ്പോള്‍ വിശ്വാസം ലക്ഷ്യമാണെങ്കില്‍ സ്‌നേഹം മാര്‍ഗമാണ്. അതേസമയം വിശ്വാസിയെ സംബന്ധിച്ചിടത്തോളം ലക്ഷ്യം, മാര്‍ഗം എന്നിങ്ങനെയുള്ള വിഭജനം ഇല്ലല്ലോ. വിശ്വാസിക്ക് അവന്റെ ലക്ഷ്യവും മാര്‍ഗവും ഒന്നാണ്. റസൂലിനോടുള്ള സ്‌നേഹം തന്നെയാണ് അവന്റെ വിശ്വാസം, ആ വിശ്വാസം തന്നെയാണ് അവനെ സംബന്ധിച്ചിടത്തോളം മുത്ത് നബി (സ) യോടുള്ള സ്‌നേഹം. ഇങ്ങനെ പരസ്പരം വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഇസ്‌ലാമില്‍ ഈ സ്‌നേഹവും വിശ്വാസവും ഇഴ ചേര്‍ന്നിരിക്കുകയാണ്.
മതങ്ങളുടെ ചരിത്രവും സാമൂഹിക ചരിത്രവും പഠിക്കുന്നവര്‍ക്കും മത താരതമ്യ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഇസ്‌ലാം പലപ്പോഴും ഒരത്ഭുത പ്രതിഭാസമാണ്. കാരണം മതങ്ങളെ കുറിച്ചുള്ള പല പാശ്ചാത്യ ചിന്തകളും സിദ്ധാന്തങ്ങളും ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ പര്യാപ്തമല്ല എന്നത് തന്നയാണ് അതിലെ പ്രധാനപ്പെട്ട ഒരാശ്ചര്യം. ഇസ്‌ലാമിനകത്ത് ബൗദ്ധിക തലത്തില്‍, അതിന്റെ ജ്ഞാന ശാസ്ത്രത്തില്‍, ജ്ഞാന വിതരണത്തിന്റെയും മനസ്സിലാക്കലുകളുടെയും കാര്യത്തില്‍ മുസ്‌ലിംകള്‍ ആര്‍ജിച്ചെടുത്ത യോജിപ്പാണ് ഈ ആശ്ചര്യം കൊള്ളലിന്റെ പ്രധാന ഹേതു. അതുകൊണ്ടുതന്നെ മതത്തിന് പുറത്തു നിന്നുള്ള വെല്ലുവിളികളെ മറ്റു മതങ്ങളെ അപേക്ഷിച്ച് ഇസ്‌ലാമിനു നേരിടേണ്ടി വന്നിട്ടില്ല. എന്താണിതിന് കാരണമായി പ്രവര്‍ത്തിച്ച ഘടകം? സംശയമേതുമില്ല, ഇസ്‌ലാമിനകത്തെ ആഭ്യന്തരമായ കെട്ടുറപ്പിനെയും ബൗദ്ധികമായ ഐക്യത്തെയും സാധ്യമാക്കിയത് നബി (സ) തങ്ങളോടുള്ള സ്‌നേഹമാണ്.
മതത്തിന്റെ ഈ ഭദ്രത ഭീഷണി നേരിടേണ്ടി വന്ന ഘട്ടങ്ങള്‍ പരിശോധിച്ചു നോക്കിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു പ്രധാന വസ്തുത ഇസ്‌ലാം ഒരിക്കലും തന്നെ വെല്ലുവിളി നേരിടേണ്ടി വന്നത് മതത്തിന് പുറത്തു നിന്നല്ല, മറിച്ച് മതത്തിന് അകത്തു നിന്നുതന്നെയാണ്. ആഭ്യന്തരമായ ഭീഷണികളിലൂടെയേ ഈ മതത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കാന്‍ കഴിയുകയുള്ളൂ എന്നു ശത്രുക്കള്‍ക്കറിയാമായിരുന്നു. ഇസ്‌ലാമിലെ അവാന്തര ചിന്താ ധാരകളുടെയെല്ലാം തന്നെ ഉത്ഭവം പ്രവാചകരോടുള്ള മുസ്‌ലിംകളുടെ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നുവെന്നത് ഒട്ടും യാദൃച്ഛികമല്ല തന്നെ. പ്രവാചകരോടുള്ള വിശ്വാസികളുടെ അതിരറ്റ സ്‌നേഹത്തെ പരിഹസിച്ചും ചോദ്യം ചെയ്തുമാണ് മതത്തിനകത്തെ പല അവാന്തര ചിന്താ ധാരകളും ഉയര്‍ന്നു വന്നതും പ്രചരിച്ചതും. പ്രവാചകരോടുള്ള സ്‌നേഹം ഈ മതത്തെ സംബന്ധിച്ചിടത്തോളം എത്രമേല്‍ പ്രധാനപ്പെട്ടതാണ് എന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ.
സ്‌നേഹവും വിശ്വാസവും തമ്മിലുള്ള ഈ ഇഴുകിച്ചേരലാണ് ഇസ്‌ലാമിന്റെ സൗന്ദര്യം. ആ സൗന്ദര്യ ബോധമാണ് മുസ്‌ലിമിന്റെ ഏതൊരു പ്രവൃത്തിയുടെയും അടിസ്ഥാനം. അവനെ നല്ല വിശ്വാസിയാക്കുന്നതും നല്ല അയല്‍ക്കാരനാക്കുന്നതും നല്ല പൗരനാക്കുന്നതും മികച്ച കൂട്ടുകാരനും വിദ്യാര്‍ഥിയും ആക്കുന്നതുമൊക്കെ മതത്തെ കുറിച്ചുള്ള ഈ സൗന്ദര്യബോധമാണ്. ആ സൗന്ദര്യത്തിന്റെ വിളക്കുമാടമാണ് മുത്ത് നബി (സ). ഭൂമിയോളം വേരുകളും ആകാശത്തോളം ചില്ലകളുമുള്ള ആ സൗന്ദര്യ ബോധത്തിന്റെ ആഘോഷമാണ് മുസ്‌ലിംകള്‍ക്ക് ഓരോ മീലാദുന്നബിയും.
അന്താരാഷ്ട്രതലത്തില്‍ വിവിധ രാജ്യങ്ങളില്‍ നടന്നു വരുന്ന മീലാദുന്നബി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സ് ആ സൗന്ദര്യ ബോധത്തിന്റെ ആഘോഷമാണ്. സ്‌നേഹമാണ് വിശ്വാസം എന്നു വിശ്വസിക്കുന്ന പ്രവാചകാനുരാഗികളുടെ സ്‌നേഹത്തിന്റെ ആഘോഷം. ആ ആഘോഷത്തിലേക്ക് മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു.

 

---- facebook comment plugin here -----

Latest