Connect with us

Kasargod

ടിപ്പറുകളുടെ മരണപ്പാച്ചില്‍; പൊടിയില്‍ മുങ്ങി പിലിക്കോട്

Published

|

Last Updated

ചെറുവത്തൂര്‍: ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ ഒരു പ്രദേശത്തെ മുഴുവന്‍ പൊടിയില്‍ മുങ്ങാന്‍ ഇടയാക്കി. പിലിക്കോട് രയരമംഗലം ക്ഷേത്ര പരിസരമാണ് അനധികൃത പൂഴികടത്തുന്ന ടിപ്പര്‍ ലോറികളുടെ നിരന്തര സര്‍വീസ് പ്രദേശവാസികള്‍ക്ക് ദുരിതം വിതക്കുന്നത്.
പിലിക്കോട് ഗവ. യു പി സ്‌കൂള്‍ പരിസരത്തു നിന്നും രയരമംഗലം ക്ഷേത്രം വരെയുള്ള റോഡിലാണ് അനധികൃത പൂഴിക്കടത്ത് സജീവമാക്കിക്കൊണ്ടുള്ള ടിപ്പര്‍ ലോറികള്‍ അപകടകരമായ അവസ്ഥയില്‍ ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത്.ടാറിംഗ് ഇല്ലാത്ത ഈ റോഡിലൂടെയുള്ള ഇത്തരം വാഹനങ്ങളുടെ ഓട്ടം അപകട ഭീഷണി ഉയര്‍ത്തുന്നതോടൊപ്പം പരിസ്ഥിതി പ്രശ്‌നത്തിനും ഇടയാക്കുന്നു.
നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് കൂടി ടിപ്പറുകള്‍ ചീറിപ്പായുന്നത് കാരണം ഇവിടം പൊടിക്കളമായി മാറി. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറുകളില്‍ പൊടി കലര്‍ന്ന് ഉപയോഗശൂന്യമായെന്നാണ് പരിസരവാസികള്‍ പറയുന്നത്. ദേശീയപാത ഒഴിവാക്കി പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു പോകാനുള്ള വഴിയാക്കി ടിപ്പര്‍ ലോറിക്കാര്‍ ഇതിനെ മാറ്റിയതോടെയാണ് ജനങ്ങളുടെ ദുരിതവും ആരംഭിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് സ്‌കൂളിനു സമീപത്ത് നിന്നും ക്ഷേത്രത്തിനു സമീപം വരെ റോഡ് നിര്‍മിച്ചത്. ഇതോടെ ഉദിനൂര്‍ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള വഴിയായി ഇതുമാറി. എന്നാല്‍ രാപ്പകല്‍ ഭേദമില്ലാതെ ലോറികള്‍ പാഞ്ഞുതുടങ്ങിയതോടെ റോഡില്‍ നിന്നും പൊടി ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങി.
റോഡിന്റെ ഇരുവശങ്ങളിലുമായി ക്ഷേത്രപരിസത്തുള്ള വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. പലവീടുകളിലും ഉള്‍ഭാഗം വരെ പൊടിനിറഞ്ഞിരിക്കുകയാണ്. വസ്ത്രങ്ങള്‍ അലക്കിയിടാന്‍ പോലും കഴിയുന്നില്ല. പിഞ്ചുകുട്ടികള്‍ക്ക് പലതരത്തിലുള്ള അലര്‍ജി രോഗങ്ങളും പിടിപെട്ടുതുടങ്ങി. റോഡിന്റെ സമീപങ്ങളിലുള്ള മരങ്ങളെല്ലാം പൊടിയില്‍ മുങ്ങി നില്‍ക്കുകയാണ്.
പിലിക്കോട് ഗവ. യു പി സ്‌കൂളിലേക്ക് നിരവധി കുട്ടികള്‍ കടന്നു പോകുന്നവഴിയാണിത്. ചെറിയൊരു വാഹനം കടന്നുപോയാല്‍ പോലും പൊടി ഉയര്‍ന്നു പൊങ്ങുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് അവര്‍ ഇതുവഴി കടന്നുപോകുന്നത്. ലോറികളുടെ അമിതവേഗതയും അപകട ഭീഷണിയുയര്‍ത്തുന്നു. വേഗത കുറച്ചു പോകാന്‍ ആവശ്യപ്പെട്ടാല്‍ ലോറി െ്രെഡവര്‍മാര്‍ അത് ചെവിക്കൊള്ളുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഉദിനൂര്‍ ഭാഗങ്ങളില്‍ എത്താന്‍ തോട്ടരികിലൂടെ ടാര്‍ ചെയ്ത റോഡ് ഉണ്ടെങ്കിലും അതിലൂടെ പോകാതെയാണ് ഇവര്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നത്. അടുത്തിടെ ചേര്‍ന്ന അയല്‍ക്കൂട്ടത്തില്‍ പ്രദേശവാസികള്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നത് വരെയെങ്കിലും വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് നിയന്ത്രിച്ചാല്‍ തന്നെ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും.

Latest