Connect with us

National

തൊണ്ടിമുതല്‍ പുറത്തെടുക്കാന്‍ കള്ളന് പോലീസ് നല്‍കിയത് 48 വാഴപ്പഴം

Published

|

Last Updated

മുംബൈ: സ്ത്രീയുടെ മൂന്നര പവന്‍ മാല പിടിച്ചുപറിച്ച കേസില്‍ പിടികൂടി സ്റ്റേഷനിലെത്തിച്ച ഗോപിക്ക് പോലീസുകാര്‍ നല്‍കിയത് 48 വാഴപ്പഴങ്ങള്‍! സ്‌നേഹം കൊണ്ടൊന്നുമല്ല, നാട്ടുകാര്‍ പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ കക്ഷി വിഴുങ്ങിയ സ്വര്‍ണമാല പുറത്തെടുക്കാന്‍ ഇതല്ലതാതെ പോലീസിന് വേറെ വഴിയില്ലായിരുന്നു.
മുംബൈയിലെ ഘത്‌കോപര്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് ഗോപി ആര്‍ ഘവേര്‍ എന്നയാള്‍ സ്ത്രീയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല പിടിച്ചുപറിച്ച് ഓടിയത്. സ്ത്രീയുടെ ബഹളം കേട്ടെത്തിയ പരിസരവാസികള്‍ മോഷ്ടാവിനെ പിന്തുടര്‍ന്നു. പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ ഗോപി മാല വിഴുങ്ങിക്കളഞ്ഞു. നാട്ടുകാരുടെ മര്‍ദനം തുടരുന്നതിനിടെ സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മാല വയറിനകത്താണെന്ന് സമ്മതിച്ച ഗോപിയെ പോലീസുകാര്‍ നേരെ അടുത്തുള്ള രജാവദി ആശുപത്രിയില്‍ എത്തിച്ചു.
എക്‌സ്‌റേ പരിശോധനയില്‍ സംഭവം ശരിയാണ്. മാല വയറിനകത്ത് ഭദ്രം. അത് പുറത്തെടുക്കാനുള്ള വഴിയാലോചിച്ചപ്പോള്‍ പഴയ തന്ത്രം തന്നെയാണ് പോലീസിന് തെളിഞ്ഞുകിട്ടിയത്. പഴം തീറ്റിക്കുക. നാല്‍പ്പത്തിയെട്ട് പഴങ്ങള്‍ തീറ്റിച്ചപ്പോള്‍ മാത്രമാണ് പോലീസ് ഉദ്ദേശിച്ച കാര്യം സാധ്യമായത്. വിസര്‍ജ്യത്തിലൂടെ പുറത്തെത്തിയ സ്വര്‍ണമാല, 25കാരനായ മോഷ്ടാവിനെ കൊണ്ടുതന്നെ കഴുകിയെടുപ്പിച്ച്, നടപടികള്‍ പൂര്‍ത്തിയാക്കി ഉടമക്ക് കൈമാറിയതോടെയാണ് പോലീസിന്റെ ദൗത്യം പൂര്‍ത്തിയായത്. മോഷ്ടാവിനെ ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കള്ളന്മാര്‍ വിഴുങ്ങിയ മോഷണ മുതല്‍ പുറത്തെടുക്കാന്‍ ഇതിനു മുമ്പും മുംബൈ പോലീസ് “പഴതന്ത്രം” പ്രയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ അനില്‍ യാദവ് എന്ന മോഷ്ടാവ് സമാനമായ രീതിയില്‍ സ്വര്‍ണമാല അകത്താക്കിയപ്പോള്‍, പോലീസ് അയാളെ കൊണ്ട് തീറ്റിച്ചത് അഞ്ച് ഡസന്‍ വാഴപ്പഴങ്ങളാണ്. ഇങ്ങനെ തിരികെ പിടിച്ച മാല സ്വീകരിക്കാന്‍ പക്ഷേ, കവര്‍ച്ച ചെയ്യപ്പെട്ട സ്ത്രീ തയ്യാറായില്ല. മോഷ്ടാവ് തന്നെ അവര്‍ക്ക് പുതിയ മാല വാങ്ങിച്ചു നല്‍കുകയായിരുന്നു. കെട്ടുതാലി മോഷ്ടിച്ച മറ്റൊരാള്‍ക്ക് രണ്ട് ഡസന്‍ പഴവും ഏതാനും ലിറ്റര്‍ പാലും നല്‍കിയാണ് പോലീസ് പ്രശ്‌നം പരിഹരിച്ചത്.

Latest