Connect with us

Gulf

ഇറാനും സഊദിയും കൊമ്പുകോര്‍ക്കുമ്പോള്‍

Published

|

Last Updated

ഇറാനും സഊദി അറേബ്യയും തമ്മിലെ അഭിപ്രായ ഭിന്നത, സീമകള്‍ ലംഘിച്ച് കൈയാങ്കളിയിലേക്ക് നീങ്ങിയ വാരമാണ് കടന്നുപോയത്. അത് കൊണ്ടുതന്നെ മധ്യപൗരസ്ത്യദേശത്തിന് 2016 നിര്‍ണായക വര്‍ഷമാണ്. സഊദി അറേബ്യയുടെ പിന്നില്‍ യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്ത്, സുഡാന്‍, സോമാലിയ എന്നിങ്ങനെ ആഫ്രിക്കന്‍ അറബ് രാജ്യങ്ങളും അണിനിരന്നിട്ടുണ്ട്. ഇറാന്റെ കൂടെ ശിയാ ഭൂരിപക്ഷ രാജ്യങ്ങളായ ഇറാഖും സിറിയയും നിലയുറപ്പിക്കും. ലെബനാനിലെ ഹിസ്ബുല്‍ മുജാഹിദീന്‍ എന്ന സായുധ സംഘവും രംഗത്തുവരും.
ആഭ്യന്തര സുരക്ഷിതത്വത്തിന് ഭീഷണിയാകും വിധത്തില്‍ പ്രവര്‍ത്തിച്ചതിന് ശിയാനേതാവ് നിമ്ര്‍ അല്‍ നിമ്‌റിനെ സഊദി വധശിക്ഷക്ക് വിധേയമാക്കിയതാണ് ഇറാനെ പ്രകോപിപ്പിച്ചത്. പ്രതികാരമായി ഇറാനില്‍ സഊദി നയതന്ത്രകാര്യാലയങ്ങള്‍ക്ക് തീയിട്ടു. പിന്നാലെ, സഊദി അറേബ്യയും ബഹ്‌റൈനും മറ്റും ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
ഏറ്റവും ഒടുവില്‍, ഇറാന്‍ അനുകൂല തീവ്രവാദ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് ബഹ്‌റൈന്‍ സ്വീകരിക്കുന്നത്. അലി ഫക്‌റാവി, മുഹമ്മദ് ഫക്‌റാവി എന്നീ സഹോദരങ്ങള്‍ നേതൃത്വം നല്‍കിയ രഹസ്യ സംഘത്തെ തകര്‍ത്തതായി ബഹ്‌റൈന്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ജുലൈ 28ന് ബഹ്‌റൈനില്‍ തീവ്രവാദി ആക്രമണം നടന്നിരുന്നു. ഫക്‌റാവി സഹോദരന്‍മാരായിരുന്നുവത്രെ നേതൃത്വം നല്‍കിയത്. 2011ല്‍ അലി ഫക്‌റാവി ഇറാന്‍ സന്ദര്‍ശിച്ചിരുന്നതായി അന്വേഷണത്തില്‍ ബോധ്യമായി.
ദിവസം പോകുന്തോറും ഇറാനും സഊദിയും തമ്മില്‍ ബന്ധം വഷളായി വരുകയാണ്. യമനില്‍ ഹൂത്തിതീവ്രവാദികള്‍ക്കെതിരെ സഊദിയും സഖ്യശക്തികളും നടത്തുന്ന ആക്രമണത്തെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇറാന്‍. രഹസ്യമായി ഹൂത്തികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുവരുകയായിരുന്നു. സഖ്യസേന യമനില്‍ നടത്തുന്ന ആക്രമണങ്ങളുടെ വീര്യം കുറക്കാന്‍ ഇറാന്‍ പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നു. സന്‍ആയിലെ ഇറാനിയന്‍ സ്ഥാനപതി കാര്യാലയത്തിനു നേരെ സഖ്യസേന ആക്രമണം നടത്തിയെന്നാണത്. ആരോപണം സഖ്യസേന നിഷേധിച്ചു. സ്ഥാനപതി കാര്യാലയത്തിനു സമീപം റോക്കറ്റ് വീണതായും ഇത് ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ അവതരിപ്പിക്കുമെന്നും ഇറാന്‍ വിദേശകാര്യ ഉപമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ല വ്യക്തമാക്കി. ടെഹ്‌റാനിലെ സഊദി നയതന്ത്രകാര്യാലയങ്ങള്‍ക്കുനേരെ കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തെ മറച്ചുപിടിക്കാനാണ് ഇറാന്റെ ശ്രമമെന്ന് ഗള്‍ഫിലെ നയതന്ത്ര വൃത്തങ്ങള്‍ കരുതുന്നു.
ഇറാന്‍ പ്രശ്‌നം ഉര്‍വശീശാപം ഉപകാരമെന്നതാണ് ഗള്‍ഫിന്റെ അനുഭവം. സഊദി അറേബ്യക്ക് നിരവധി രാജ്യങ്ങളാണ് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്. ജി സി സി ഒറ്റക്കെട്ടായി അപ്രതീക്ഷിതമായി തുര്‍ക്കി, സുഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സഊദിയെ പിന്തുണച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഇടപെടുന്നത് ചര്‍ച്ചയായി. സഊദി, യമന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ശിയാവികാരം ആളിക്കത്തിക്കുന്നത് ഇറാനാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.
സഊദിയും ഇറാനും കേന്ദ്രീകരിച്ച് സുന്നീ-ശിയാ അച്ചുതണ്ട് വരുന്നത് മേഖലക്ക് ഗുണം ചെയ്യില്ല. വംശീയമായ ഭിന്നത മുതലെടുക്കാന്‍ പല രാജ്യങ്ങളും രംഗത്തുള്ളത് കൊണ്ടാണത്. ഇസ്‌റാഈലിന് സ്വാര്‍ഥ അജണ്ടകള്‍ നടപ്പാക്കാന്‍ എളുപ്പം കഴിയും. ഇപ്പോള്‍ തന്നെ, ഫലസ്തീന്‍ പ്രശ്‌നം എല്ലാവരും മറന്നമട്ടാണ്. ഗാസയില്‍ ദിവസവും ഇസ്‌റാഈല്‍ ആക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നു. അധിനിവേശങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അറബ് ഐക്യം ശക്തമായിരുന്ന കാലത്തുപോലും ഇസ്‌റാഈല്‍ ക്രൂരതകള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.
ഇറാനും സഊദിയും യുദ്ധത്തിലേര്‍പ്പെട്ടാല്‍ വന്‍ ദുരന്തമാകും ഫലം. അത് സംഭവിക്കാതിരിക്കാന്‍ ഒമാനടക്കം ഇസ്‌ലാമിക രാജ്യങ്ങള്‍ ശ്രമിച്ചുവരുന്നു. പക്ഷേ, സഊദി-ഇറാന്‍ തര്‍ക്കം ചരിത്രപരമാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്ന് ഉല്‍ഭവിക്കുന്നതാണ്. പരിഹാരം എളുപ്പമല്ല.
എന്നാലും യോജിക്കാവുന്ന പല മേഖലകളുമുണ്ട്. 2007ല്‍ ഇറാന്‍ പ്രസിഡന്റ് അഹ്മദി നെജാദ് സഊദി സന്ദര്‍ശിച്ചത് ശീതയുദ്ധത്തിന് അയവുവരുത്തിയിരുന്നു. അഹ്മദി നെജാദിനെ സ്വീകരിക്കാന്‍ അബ്ദുല്ല രാജാവ് നേരിട്ട് വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇറാന്റെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചിരുന്നു. പക്ഷേ, 2011ല്‍ സിറിയയില്‍ ബശാര്‍ അല്‍ അസദിനെതിരെയുള്ള പ്രക്ഷോഭത്തെ സഊദി പിന്തുണച്ചപ്പോള്‍ ഇറാന്‍ എതിര്‍ക്കുകയാണുണ്ടായത്. ആ വര്‍ഷം മുതലാണ് ബന്ധം വഷളായത്.
ഇന്ന് റിയാദില്‍ ജി സി സി വിദേശകാര്യമന്ത്രിമാര്‍ യോഗം ചേരുമ്പോള്‍ നിര്‍ണായക തീരുമാനങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഇറാനെതിരെ വാണിജ്യ ഉപരോധം കൊണ്ടുവന്നേക്കാം. ആണവ സമ്പുഷ്ടീകരണം നടത്തിയതിന് ദീര്‍ഘകാലം ഉപരോധം നേരിട്ടതിന്റെ തിക്തഫലം ഇറാന്‍ അനുഭവിക്കുന്നുണ്ട്. ഇനി ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് കടുപ്പിച്ചാല്‍ ഇറാന് അത് കൂനില്‍മേല്‍ കുരുവാകും.