വഴിയോരങ്ങളില്‍ പുല്‍മേടുകളില്‍ കളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

Posted on: January 9, 2016 5:28 pm | Last updated: January 12, 2016 at 9:18 pm
ഷാര്‍ജയിലെ വഴിയോര പുല്‍മേടുകള്‍
ഷാര്‍ജയിലെ വഴിയോര പുല്‍മേടുകള്‍

ഷാര്‍ജ: വഴിയോരങ്ങളിലെ പുല്‍മേടുകളില്‍ ക്രിക്കറ്റും ഫുട്‌ബോളും മറ്റും കളിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ഷാര്‍ജ നഗരസഭ ഉദ്യാന ബീച്ച് വിഭാഗം മേധാവി മുഹമ്മദ് അല്‍ കഅബിവ്യക്തമാക്കി. മൈതാനങ്ങളില്‍ മാത്രമെ കളിക്കാന്‍ അനുവദിക്കുകയുള്ളു. റോഡരുകിലെ പുല്‍മേടുകള്‍ നശിപ്പിക്കാന്‍ പാടുള്ളതല്ല. കളിക്കുമ്പോള്‍ പൂച്ചെടികളും അലങ്കാരച്ചെടികളും മറ്റും നാശമാവുകയാണ്. പൊതു സ്വത്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
സെന്‍ട്രല്‍ സൂഖിന് സമീപവും ഇത്തിഹാദ് പാലത്തിന് സമീപവും കുട്ടികള്‍ കളിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 2015ല്‍ 195 പേര്‍ക്കെതിരെ പിഴശിക്ഷ വിധിച്ചു. 2014നേക്കാള്‍ 75 ശതമാനം കുറവാണിത്. കുട്ടികള്‍ കളിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിവെക്കും.
പിന്നീട് രക്ഷിതാക്കളെത്തി പിഴയടച്ചാലേ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയുള്ളു. കുട്ടികള്‍ പൊതുസ്ഥലങ്ങളില്‍ കളിക്കുന്നത് താമസക്കാര്‍ക്ക് ശല്യമാകുന്നുണ്ടെന്നും മുഹമ്മദ് അല്‍ കഅബി ചൂണ്ടിക്കാട്ടി.