ഫുട്‌ബോളിലും റീപ്ലേ ഉപയോഗിക്കുന്നത് പരിഗണനയില്‍

Posted on: January 9, 2016 1:08 pm | Last updated: January 9, 2016 at 1:11 pm

messi-and neymar

ലണ്ടന്‍: ഫുട്‌ബോളിലും റഫറിമാരെ സഹായിക്കാന്‍ റീപ്ലേ സംവിധാനം ഉപയോഗിക്കുന്നത് പരിഗണനയിലെന്ന് ഇന്റര്‍ നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. മാര്‍ച്ചില്‍ നടക്കുന്ന യോഗത്തില്‍ ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍ദേശത്തിന് അംഗീകാരം ലഭിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.

പെനാല്‍റ്റി അനുവദിക്കുന്നത്, മാരകമായ ഫൗളുകള്‍, മോശം പെരുമാറ്റം തുടങ്ങിയവയില്‍ തീരുമാനമെടുക്കുന്നതിനാണ് റീപ്ലേ സംവിധാനം ഉപയോഗപ്പെടുത്തുക. ഗോള്‍ലൈന്‍ ടെക്‌നോളജി സംവിധാനം നടപ്പാക്കിയതിന് ശേഷമുള്ള ഫുട്‌ബോളിലെ ഏറ്റവും സുപ്രധാന തീരുമാനമായിരിക്കുമിത്. പന്ത് ഗോള്‍ വര കടന്നിരുന്നോ എന്ന് അറിയുന്നതിന് 2012ലായിരുന്നു ഗോള്‍ ലൈന്‍ ടെക്‌നോളജി നടപ്പാക്കിത്തുടങ്ങിയത്.

റഫറിയിങ് വിഷമകരമായ ജോലിയാണ്, സാങ്കേതിക മികവ് റഫറിയിങ്ങിന് ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് വെയില്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ജൊനാഥന്‍ ഫോര്‍ഡ് പറഞ്ഞു. ഫുട്‌ബോളില്‍ വീഡിയോ റീപ്ലേ ടെക്‌നോളജി ഡച്ച് ഫുട്‌ബോളില്‍ ഇപ്പോള്‍ നടപ്പിലാക്കുന്നുണ്ട്. ഫുട്‌ബോള്‍ നിയമങ്ങള്‍ രൂപീകരിക്കുന്ന ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ ഫിഫയ്ക്ക് അന്‍പത് ശതമാനമാണ് പ്രാതിനിധ്യമുള്ളത്. ബ്രിട്ടീഷ് അസോസിയേഷനുകളാണ് ബാക്കി അന്‍പത് ശതമാനം.