പാലോളിക്കുളമ്പ് പാലം നിര്‍മാണം ഉടന്‍

Posted on: January 9, 2016 11:51 am | Last updated: January 9, 2016 at 11:51 am

കൊപ്പം: വിളയൂര്‍ ഗ്രാമ പഞ്ചായത്തിലെ തൂതപ്പുഴയുടെ ആന്തൂരക്കടവില്‍ പാലോളിക്കുളമ്പ് പാലം നിര്‍മാണം ഉടനെന്ന് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ്. 14. 6 കോടി രൂപയാണ് പാലം നിര്‍മാണത്തിന് അനുവദിച്ചിട്ടുള്ളത്.
എസ്റ്റിമേറ്റും സാങ്കേതികാനുമതിയും ഉടന്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ ചെയ്ത് ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ പണി തുടങ്ങുമെന്ന് മന്ത്രി ഉറപ്പു നല്‍കി. കൊപ്പം-പേങ്ങാട്ടിരി റോഡ് ബി എം ആന്റ് ബി സി ചെയ്ത് നവീകരിച്ച പ്രവൃത്തിയുടെ ഉദ്ഘാടനം കൊപ്പത്ത് നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
റോഡുകളുടെയും പാലങ്ങളുടെയും കാര്യത്തില്‍ മറ്റു കാലങ്ങളിലൊന്നുമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. 400 ദിവസം കൊണ്ട് 100 പാലങ്ങള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ കാലാവധിക്ക് മുമ്പേ തന്നെ 100 പാലങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 25 പാലങ്ങള്‍ ഈ ആഴ്ച ഉദ്ഘാടനം ചെയ്യും. ഫെബ്രുവരിയോടെ ഈ സര്‍ക്കാര്‍ സംസ്ഥാനത്തിന് സമര്‍പ്പിക്കുന്നത് 245 പാലങ്ങളാണെന്ന് മന്ത്രി അറിയിച്ചു. സി പി മുഹമ്മദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കൊപ്പം ടൗണ്‍ മുതല്‍ പേങ്ങാട്ടിരി വരെ 11 കിലോമീറ്റര്‍ റോഡ് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് നന്നാക്കിയത്. അഞ്ച് കോടി രൂപ ചിലവില്‍ റോഡ് നവീകരണത്തോടൊപ്പം അഴുക്ക്ചാലുകളും കള്‍വര്‍ട്ടുകളും പ്രധാന കവലകളില്‍ വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്.