ബി ജെ പി വര്‍ഗീയത പടര്‍ത്തി ഭാരതത്തെ ഇരുണ്ടകാലഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു: വി എം സുധീരന്‍

Posted on: January 9, 2016 11:49 am | Last updated: January 9, 2016 at 11:49 am
SHARE

കല്‍പ്പറ്റ: ബി ജെ പിയും സി പി എമ്മും വിയോജിക്കുന്നവരെ ജീവിക്കാന്‍ സമ്മതിക്കാത്തവരാണ് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ജനരക്ഷായാത്രക്ക് കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി വര്‍ഗീയത പടര്‍ത്തി ഭാരതത്തെ ഇരുണ്ടകാലഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കാലഘട്ടത്തില്‍ വര്‍ഗീയ ഫാസിസ്റ്റുകളെ നിലക്ക് നിര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ മോദിയുടെ ഭരണത്തില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ അഴിഞ്ഞാടുകയാണ്. ഗുജറാത്തില്‍ വംശീയഹത്യക്ക് നേതൃത്വം നല്‍കിയ മോദിയും അദ്ദേഹത്തിനൊപ്പം നിന്ന അമിത്ഷായുമാണ് ഇന്ന് ബി ജെ പിയുടെ തലപ്പത്തുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ വര്‍ഗീയത ഭീതിദമായ രീതിയില്‍ വളര്‍ന്നിരിക്കുകയാണ്. സ്വസ്ഥതയോടെ ജീവിക്കാനും, ഭക്ഷിക്കാനും പോലും കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു. എന്നാല്‍ ഈ വര്‍ഗീയത കേരളത്തിന്റെ മണ്ണില്‍ വിലപ്പോവില്ല. ഇതൊരു മതേതരത്വമണ്ണാണ്. കാലഹരണപ്പെട്ട യുഗത്തിലേക്ക് തിരിച്ചുപോകാന്‍ ഇവരൊന്നും എത്ര ശ്രമിച്ചാലും അത് നടപ്പാകില്ല. ബി ജെ പി വര്‍ഗീയതയുടെ പേരിലാണ് വിയോജിക്കുന്നവരെ ജീവിക്കാനനുവദിക്കാത്തതെങ്കില്‍ സി പി എം തങ്ങളെ എതിര്‍ക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന രീതിയാണ് നടപ്പിലാക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി പി എം ഇപ്പോഴും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. അക്രമരാഷ്ട്രീയത്തിലൂടെ എതിര്‍ക്കുന്നവരെയെല്ലാം അവര്‍ ഉ•ൂലനം ചെയ്യുന്നു. സി പി എം എന്തിനാണ് ആയുധങ്ങല്‍ വാരിക്കൂട്ടുന്നത്, എത്ര സി പി എം- ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ബോംബുണ്ടാക്കുന്നതിനിടെ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ബി ജെ പിയും- സി പി എമ്മും സമാധാനത്തിനായി ഒരുമിക്കാനുള്ള ശ്രമമാണ്.
മോഹന്‍ ഭാഗവത് ചര്‍ച്ചയാവാമെന്ന് പറഞ്ഞപ്പോഴെ, അത് കാത്തിരുന്നത് പോലെയാണ് സി പി എം പ്രതികരിച്ചത്. അക്രമരാഷ്ട്രീയം ഇല്ലായ്മ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഇരകളായവരുടെ കുടുംബത്തോട് മാപ്പുപറയാന്‍ തയ്യാറാകണം.
സ്വരുക്കൂട്ടി വെച്ച ആയുധങ്ങള്‍ പോലീസില്‍ ഏല്‍പ്പിക്കണം. സി പി എമ്മും ബി ജെ പിയും യോജിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ മറ്റ് ചില കാരണങ്ങളുമുണ്ട്. സി പി എമ്മിലെ പലരും സി ബി ഐ കേസുകളിലും മറ്റും പ്രതികളാണ്. അതില്‍ നിന്നും അവരെ രക്ഷിക്കാന്‍ സി ബി ഐയെ നയിക്കുന്ന മോഹന്‍ഭാഗവതിന്റെ പിന്തുണ വേണമെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുന്നതിന്റെ ഭാഗമാണ് ഇപ്പോഴുള്ള ഈ ഒന്നിക്കലെന്നും,
ഇത് കേരളത്തില്‍ വിലപ്പോവില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. വി എ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി പി കെ ജയലക്ഷ്മി, എം ഐ ഷാനവാസ് എം പി, എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ്, കെ പി സി സി ഭാരവാഹികളായ വി ഡി സതീശന്‍, കെ പി കുഞ്ഞികണ്ണന്‍, എ പി അനില്‍കുമാര്‍, ശിശുപാല്‍, എം പി ജാക്‌സണ്‍, സക്കീര്‍ഹുസൈന്‍, ജോണ്‍സണ്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ പ്രതിഭകളായ സിനിമാതാരം എസ്തര്‍ അനില്‍, ഗായിക ഷഹാനഷാജഹാന്‍, സംസ്ഥാന കായികമേളയില്‍ സ്വര്‍ണമെഡല്‍ നേടിയ ഷണ്‍മുഖന്‍ എന്നിവര്‍ക്ക് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ഉപഹാരം നല്‍കി.