ജില്ലാ ആശുപത്രിയിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ കൂടിക്കാഴ്ച വീണ്ടും നടത്താന്‍ നീക്കം

Posted on: January 9, 2016 11:48 am | Last updated: January 9, 2016 at 11:48 am

മാനന്തവാടി: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി വി ശശിധരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ജില്ലാ ആശുപത്രിയിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ചയാണ് വീണ്ടും നടത്താന്‍ ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. നവംബര്‍ 24,25 തീയതികളിലായിരുന്നു കൂടിക്കാഴ്ച.27 തസ്തികയിലേക്കായി 258 പേര്‍ക്കായിരുന്നു കൂടിക്കാഴ്ചക്ക് ഹാജരാകാനായി കത്തയച്ചിരുന്നത്. രാഷ്ട്രീയതലത്തില്‍ വന്‍സമ്മര്‍ദ്ദങ്ങളായിരുന്നു ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഉണ്ടായിരുന്നത്. നിയമനം ലഭിക്കുന്നതിനായി എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ വന്‍ തുക കൈപറ്റിയതായി ആരോപണമുയര്‍ന്നിരുന്നു. തയ്യാറാക്കിയ ലിസ്റ്റുമായി ഡി എം ഒയെ മന്ത്രി തിരുവനന്തപുരത്തേക്ക് വിളിച്ചിരുന്നു. ഇതിന്റെ പിറ്റേന്നാണ് ഡി എം ഒയെ വീടിനടുത്തുള്ള ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലിസ്റ്റ് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങളാണ് ഡി എം ഒയുടെ മരണത്തിന് പിന്നിലെന്ന് വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഡി എം ഒ തയ്യാറാക്കിയ ലിസ്റ്റും മാര്‍ക്ക് കാര്‍ഡും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് . ആദ്യ തവണ കൂടിക്കാഴ്ചക്ക് വിളിച്ചവര്‍ക്ക് വേണ്ടി മാത്രം വീണ്ടും കൂടിക്കാഴ്ച നടത്താന്‍ ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. വീണ്ടും കൂടിക്കാഴ്ച നടത്തി ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം തിരഞ്ഞെടുക്കപ്പെട്ട തങ്ങള്‍ തഴയപ്പെടുമോ എന്ന ആശങ്കയും ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. വീണ്ടും കൂടിക്കാഴ്ച നടത്തുന്നത് അഴിമതിക്ക് കളമൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു.